മരട്: പരിമിതികളെ മറികടന്ന് തനിക്കുള്ളിലെ കഴിവുകളെ ഓരോന്നായി പുറത്തെടുത്ത് മികവ് തെളിയിച്ച അതുല്യപ്രതിഭയാണ് മരട് നിരവത്ത് റോഡ് ശീതപ്പറമ്പില് ജാന്‍സന്റെയും ജെന്‍സിയുടെയും മകള്‍ ബിയാങ്ക (15). തൊട്ടതെല്ലാം പൊന്നാക്കിയ ഈ മിടുക്കിയെതേടി സംസ്ഥാനതലത്തില്‍ ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങളെത്തി. 12 മുതല്‍ 18 വയസ്സ് വരെയുള്ള ഭിന്നശേഷി വിഭാഗത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരവും ഇത്തവണ ബിയാങ്കക്ക് സ്വന്തം.
മുണ്ടംവേലി ഫാ. അഗസ്റ്റീനോ വിച്നി സ്പെഷല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. നൃത്തം, ചെസ്, പെന്‍സില്‍ ഡ്രോയിങ് എന്നിവയിലെ പ്രകടനങ്ങള്‍ക്കാണ് അംഗീകാരം. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മുഷിഞ്ഞപ്പോഴാണ് ചിത്രങ്ങള്‍ വരച്ചു തുടങ്ങുന്നത്. വീടിനകത്തെ ചുവരുകളിലും കൈയ്യില്‍ കിട്ടിയ കടലാസുകളിലും ജീവസ്സുറ്റ ചിത്രങ്ങള്‍ പിറന്നതോടെ ബിയാങ്കയലെ ചിത്രകാരിയെ പുറംലോകം അറിഞ്ഞുതുടങ്ങി. ചിത്രങ്ങളിലെ അസാധാരണത്തം ശ്രദ്ധയില്‍പ്പെട്ടതോടെ സ്കൂള്‍ അധികൃതരും വീട്ടുകാരും പ്രോത്സാഹിപ്പിച്ചു.
അച്ഛനെയും അമ്മയെയും സ്വന്തം വീട്ടിലെ മനോഹര നിമിഷങ്ങളെയും പൂമ്പാറ്റയെയും അനശ്വര ഗായിക ലതാ മങ്കേഷ്കറെയും വരെ ബിയാങ്ക വരകളിലൂടെ അവിസ്മരണീയമാക്കി. ഇത്തവണത്തെ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിൽ പെന്സിന് ഡ്രോയിങില്‍ ഒന്നാം സ്ഥാനവും ബിയാങ്ക കരസ്ഥമാക്കി. കോഴിക്കോട് സംഘടിപ്പിച്ച 25 ാമത് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പിൽ മൂന്നാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും നേടി സ്കൂളിനും നാട്ടുകാര്‍ക്കും അഭിമാനമായി.
ശ്രവണശേഷിക്ക് തകരാറുണ്ടെങ്കിലും കണ്ടുപഠിച്ച താളത്തിനൊത്ത് ചുവടുവെച്ച് നൃത്തത്തിലും കഴിവ് തെളിയിച്ചു. മരട് മാങ്കായില്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ സഹോദരി അല്ക്കക്കും ജന്മന ശ്രവണശേഷി ഇല്ല. പിതാവ് ജാന്സന് വിദേശത്താണ് ജോലി. മാതാവ് ജെന്‍സി കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ശിശുദിനാഘോഷ പരിപാടിയില്‍ മന്ത്രി വീണ ജോര്‍ജില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങും. 25 ന് മധ്യപ്രദേശില്‍ നടക്കുന്ന ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിൽ കൂടിയാണ് ബിയാങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.