പി.ടി. മനോജ്

'ഓണത്തിന് വിൽക്കാൻ കാണം പോലുമില്ലാത്ത, ഒരു നാടക പ്രവർത്തകന്‍റെ തുറന്ന കത്ത്, മുഖ്യമന്ത്രിക്ക്'

കണ്ണൂർ: കോവിഡ് മഹാമാരിയുടെ കാലത്ത് നാടകപ്രവർത്തകരും കലാകാരന്മാരും അനുഭവിക്കുന്ന യാതനകൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് നാടകപ്രവർത്തകന്‍റെ തുറന്ന കത്ത്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ കണ്ണൂർ സ്വദേശി പി.ടി. മനോജാണ് ഒരു ദിവസം പോലും വരുമാനമില്ലാതായിപ്പോയ നാടക കലാകാരന്മാരുടെ പ്രയാസങ്ങൾ വിവരിക്കുന്നത്.

ഒന്നാം ലോക് ഡൗൺ തൊട്ട് ഏതാണ്ട് 17 മാസമായി അവതരണ ഇടങ്ങളോ വരുമാനമോ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നതെന്ന് പി.ടി. മനോജ് ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ രംഗകലാ പ്രവർത്തകരെപ്പോലെ ഒരു ദിവസം പോലും വരുമാനമില്ലാതായിപ്പോയ മറ്റൊരു വിഭാഗവുമില്ല എന്നത് പരമമായ സത്യമാണെന്ന് ഇദ്ദേഹം പറയുന്നു.

പി.ടി. മനോജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം...

ഓണത്തിന് വിൽക്കാൻ കാണം പോലുമില്ലാത്ത, ഒരു നാടക പ്രവർത്തകന്റെ തുറന്ന കത്ത്, കേരള മുഖ്യമന്ത്രിക്ക്,

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ ...,

ഞാൻ പി.ടി. മനോജ്.

കണ്ണൂർ ജില്ലയിലുള്ള ഒരു നാടക പ്രവർത്തകനാണ്. 25 വർഷത്തോളമായി പ്രൊഫഷണൽ - അമെച്ചർ നാടകം കൊണ്ട് ഉപജീവനം നടത്തുന്നവനാണ്. എന്നെപ്പോലെ ആയിരങ്ങളുണ്ട് കേരളത്തിൽ എന്ന് അങ്ങേക്കറിയാമല്ലൊ.

താങ്കൾ CPM ന്റെകണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കവേ തുടങ്ങിയ കണ്ണൂർ സംഘചേതന എന്ന നാടക സംഘത്തിൽ സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ തൊട്ട് ഏഴ് നാടകങ്ങളിൽ (എട്ടു വർഷം) ഞാൻ നടനായി പ്രവർത്തിച്ചുട്ടുണ്ട്. കൂടാതെ KPAC യിലും അഭിനേതാവായിട്ടുണ്ട്.

വടക്ക് ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അന്തർദേശീയ നാടകോത്സവും ലോക തിയേറ്റർ ഒളിംപിക്സും മുതൽ തെക്ക് ഈ കേരളത്തിലെ അന്തർദേശീയ നാടകോത്സവം വരെ നിരവധി ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിൽ രണ്ടും മൂന്നും തവണ അഭിനേതാവായി പങ്കെടുത്തിട്ടുണ്ട്. രണ്ടു തവണ കേരള സംഗീത നാടക അക്കാദമിയുടേതുൾപ്പെടെ മറ്റ് പല സംഘടനകളുടേതടക്കം ഏഴോളം സംസ്ഥാന അവാർഡുകൾ നേടിയിട്ടുമുണ്ട്.

ഒന്നാം ലോക് ഡൗണ് തൊട്ട് ഏതാണ്ട് 17 മാസമായി അവതരണ ഇടങ്ങളൊ വരുമാനമൊ ഇല്ലാതെ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാമ്പത്തീക പ്രശ്നം മാത്രമല്ല, സ്വയം ആവിഷ്ക്കരിക്കാനുള്ള ഇടങ്ങളില്ലാതെ മാനസീകമായും ശാരീരികമായുള്ള ഊർജം നഷ്ടപ്പെട്ട് അങ്ങേയറ്റം ശിഥിലീകരിക്കപ്പെട്ട , പ്രതിസന്ധിയിലകപ്പെട്ട ,അരങ്ങിൽ വീഴുന്ന വിയർപ്പു കൊണ്ടു മാത്രം അടുക്കളയിൽ അന്നം വേവിക്കുന്ന കേരളത്തിലെ അനേകം നാടക പ്രവർത്തകരുടെ പ്രതിനിധി കൂടിയാണ് ഞാൻ.

നാടക പ്രവർത്തകർ മാത്രമല്ല, തെയ്യം - തിറ പോലുള്ള അനുഷ്ഠാന കലാരൂപങ്ങൾ അവതരിപ്പിക്കുന്നവർ ഗാനമേള, മിമിക്സ്, കഥാപ്രസംഗം, ബാലെ.... തുടങ്ങി നിരവധി കലാ പ്രവർത്തകർ ലൈറ്റ് സൗണ്ട്, റിക്കാർഡിംഗ് സ്റ്റുഡിയോ അടക്കം കലാനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരങ്ങൾ .... എല്ലാം പ്രതിസന്ധിയിലാണ്.

ഇക്കാലയളവിൽ രംഗകലാ പ്രവർത്തകരെപ്പോലെ ഒരു ദിവസം പോലും വരുമാനമില്ലാതായിപ്പോയ മറ്റൊരു വിഭാഗവുമില്ല എന്നത് പരമമായ സത്യമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ തോളോടുതോൾ ചേർന്ന് നിന്ന് പൊരുതി, കേരളത്തെ നിർമ്മിച്ചെടുക്കുന്നതിൽ നാടകം പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു കലാരൂപം വേറെയില്ല എന്നു താങ്കൾക്കും അറിയാമല്ലൊ. ഇടതുപക്ഷ ആശയങ്ങൾ പ്രത്യേകിച്ചും കമ്യൂണിസ്റ്റാശയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരു കലാ പ്രസ്ഥാനവുമില്ല. ആ സ്വാധീന ശക്തി തിരിച്ചറിഞ്ഞാണ് താങ്കളും സംഘചേതന പോലൊരു സംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്തത്.

പക്ഷെ, ഈ കൊറോണക്കാലത്ത് നാടകക്കാരനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല,സർ.

ബഹുമാനപ്പെട്ട കെ.കെ.ശൈലജ ടീച്ചർ സഭയുടെ ശ്രദ്‌ധ ക്ഷണിച്ചപ്പോഴും( 30 -7-2021) നാടകക്കാരെ മറന്നു പോയി.

നിരവധി ഇളവുകൾ ഇക്കാലയളവിൽ സിനിമയ്ക്കും സീരിയലിനും ചിത്രീകരണത്തിനായി നൽകപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെ മഹായോഗങ്ങളും റോഡ് ഷോകളും നടത്തപ്പെട്ടിട്ടുണ്ട്. വിവിധ മത-ജാതി വർഗ്ഗങ്ങളുടെ ഉത്സവ ആഘോഷങ്ങൾക്കും അടിയന്തിരങ്ങൾക്കും ഇളവു നൽകപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയപാർട്ടികളുടെ യോഗങ്ങളും പ്രതിഷേധ പരിപാടികളും ജനബാഹുല്യത്തോടെ നടത്തപ്പെടുന്നുണ്ട്. സർക്കാർ ഉദ്ഘാടനങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. പാർട്ടികളും സംഘടനകളും സമ്മേളനപ്പൂരങ്ങൾ തുടരുന്നുണ്ട്. പ്രമുഖരുടെ സംസ്ക്കാരച്ചടങ്ങുകൾ കല്യാണം ഗൃഹപ്രവേശം തുടങ്ങി ചാവും ചാവടിയന്തിരങ്ങളും വരെ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്നുമുണ്ട്.

റോഡുകളും പട്ടണങ്ങളും വാഹനത്തിരക്കിലും മാർക്കറ്റുകളും മാളുകളും ചന്തകളും കടകളും ജനത്തിരക്കിലുമാണ്

ഇവിടെ ജീവിതത്തിൽ നിന്നും ജീവിതോപാധികളിൽ നിന്നും നടയടച്ച് പുറത്താക്കപ്പെട്ടിരിക്കുന്നത് നാടക പ്രവർത്തകരും മറ്റ് രംഗകലാ പ്രവർത്തകരും മാത്രമാണ്.

ഞങ്ങൾക്ക് നഷ്ടമാവുന്നത് ഇത് രണ്ടാമത്തെ ഓണവും രണ്ട് വർഷവുമാണ്.

ആയതിനാൽ, കോവിഡ് മാനദണഢങ്ങൾ പാലിച്ച്, കൃത്യമായ അകലം സൂക്ഷിച്ച്, മുൻ കരുതലുകളെടുത്ത് ,കേരളത്തിലെ വായനശാല - കലാസമിതി - ഗ്രന്ഥാലയ പ്രസ്ഥാനങ്ങളുടെയും അക്കാദമികളുടെയും സഹകരണത്തിലും മേൽനോട്ടത്തിലും, അമ്പതാളുകളിൽ അധികരിക്കാത്ത കുഞ്ഞു സദസ്സുകളിൽ, ഏക പാത്രം തുടങ്ങി നാലൊ അഞ്ചൊ കലാ പ്രവർത്തകരടങ്ങുന്ന കുഞ്ഞു നാടകാവതരണങ്ങൾക്ക് അനുമതി നൽകി, നാടക പ്രവർത്തകർ എന്ന ഒരു വർഗ്ഗവും നാടകം എന്ന കലാരൂപവും നാടക പ്രേക്ഷകൻ എന്ന സഹൃദയസമൂഹവും നിലനില്ക്കാനാവശ്യമായ നടപടികളിലേക്ക് താങ്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,

പി.ടി. മനോജ്

(നാടക പ്രവർത്തകൻ)

Tags:    
News Summary - drama artist pt manoj open letter to chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.