എടപ്പാൾ: ചിത്രകാരൻ, ശിൽപി, കലാസംവിധായകൻ എന്നീ നിലകളിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങിയിട്ട് ഒരു വർഷം. 2023 ജൂലൈ ഏഴിന് 97ാം വയസ്സിൽ കോട്ടക്കൽ മിംസ് ആശുപത്രിയിലായിരുന്നു മരണം.
എടപ്പാൾ നടുവട്ടത്തെ വീട്ടിലാണ് നമ്പൂതിരിയെ സംസ്കരിച്ചത്. 1925 സെപ്റ്റംബർ 13ന് പൊന്നാനിയിലെ കരുവാട്ടുമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്ത മകനായാണ് ജനനം. കുട്ടിക്കാലത്ത് വീടിനടുത്തുള്ള ശുകപുരം ക്ഷേത്രത്തിലെ ശിൽപങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു.
മുറ്റത്തെ നനഞ്ഞ മണ്ണിൽ ഈർക്കിൽകൊണ്ട് ചിത്രം വരച്ചുതുടങ്ങിയ ബാല്യകാലവും കളിമണ്ണിൽ ശിൽപരചനയിലേർപ്പെടുന്ന യൗവനകാലവും സമ്മാനിച്ച സർഗാത്മകമായ പിൻബലത്തിലാണ് വരിക്കാശ്ശേരി മനയിലെ കൃഷ്ണൻ നമ്പൂതിരിയുടെ സഹായത്തോടെ ആർട്ടിസ്റ്റ് നമ്പൂതിരി മദ്രാസ് കോളജ് ഓഫ് ഫൈൻ ആർട്സിൽ എത്തുന്നത്.
കേരളത്തെ തൊട്ടറിഞ്ഞ വരയുടെ കുലപതി പ്രധാനമായും വരച്ച ഗ്രാമീണദൃശ്യങ്ങൾ, കൃഷിക്കാർ, വിവിധ മതവിഭാഗങ്ങളിലെ മനുഷ്യർ, അവരുടെ വേഷവിധാനങ്ങൾ, ഗൃഹാന്തരീക്ഷം, കഥകളിദൃശ്യങ്ങൾ, പുരാണ കഥാപാത്രങ്ങൾ തുടങ്ങി നമ്പൂതിരി കാണാത്ത ദൃശ്യങ്ങളും വരക്കാത്ത ചിത്രങ്ങളുമില്ലെന്നുതന്നെ പറയാം. നമ്പൂതിരിയുടെ സ്ത്രീരൂപങ്ങൾ ശ്രദ്ധേയമാണ്. അവരുടെ ശരീരഭാഷയിൽ, മുഖശ്രീയിൽ, നോട്ടത്തിൽ, നടപ്പിൽ, വേഷവിധാനങ്ങളിൽ എല്ലാം അതിന്റേതായ മികവുകാണാനാകും.
ചിത്രകലയിലെ നവോത്ഥാനം തന്റെ രേഖാചിത്രങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് എം.ടിയുടെ രണ്ടാംമൂഴം, യു.എ. ഖാദറിന്റെ തൃക്കോട്ടൂർ പെരുമ, വി.കെ.എന്നിന്റെ പിതാമഹൻ, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥകൾ, ഇടശ്ശേരിയുടെ പൂതപ്പാട്ട് തുടങ്ങി മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികൾക്കുവേണ്ടി അദ്ദേഹം വരച്ചത്.
ശിൽപരചനയിലും നമ്പൂതിരിയുടെ അടയാളപ്പെടുത്തലുകളുണ്ട്. തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്സിന് മുന്നിലെ അമ്മയും കുഞ്ഞും, ഹൈകോടതിയിലെ നീതിശിൽപം, കൽപറ്റയിലെ അക്ഷയപാത്രം, മറ്റ് നിരവധി ശിൽപങ്ങളും എടുത്തുപറയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.