‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിലെ രംഗം
ലോക തിയറ്റർ ദിനമാണ് മാർച്ച് 27. മലയാളത്തിന്റെ നാടക സംസ്കാരം തിരുത്തിക്കുറിച്ച കെ.പി.എ.സിയുടെ മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രവും വർത്തമാനവും
zഓലേമഞ്ഞ, തകർന്ന തറവാടിന് മുന്നിൽനിന്ന് പരമുപിള്ള മാലയോട് പറഞ്ഞു. ‘ആ ചെെങ്കാടിയിങ്ങു താ മക്കളേ. ഞാനതൊന്ന് പൊക്കിപ്പൊക്കി പിടിക്കട്ടെ.’ അവസാനരംഗത്ത് സ്റ്റേജിൽ ചെങ്കൊടി ഉയരുമ്പോൾ സദസ്സിലിരുന്ന് കാണികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചു. ‘കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്...’
നിലവിലുണ്ടായിരുന്ന കലാസങ്കേതങ്ങളെ മാറ്റിമറിച്ച് അവതരണത്തിലും സംഗീതത്തിലും പുതിയ രംഗഭാഷ സൃഷ്ടിച്ച ‘നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി’യിലൂടെ വേറിട്ടൊരു നാടക സംസ്കാരത്തിന് കേരള പീപ്ൾസ് ആർട്സ് ക്ലബ് തുടക്കം കുറിച്ചിട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. അതുവരെ കണ്ടുപരിചയിച്ചിരുന്ന രംഗവേദി, ചിട്ടകൾ, കഥാപാത്ര പരിവേഷം, അഭിനയം, സംഭാഷണം എന്നിവക്ക് പുതിയ ഭാവവും രൂപവും നൽകിയ വേറിട്ടൊരു നാടക സംസ്കാരത്തിനും ഇവർ അടിത്തറയൊരുക്കുകയായിരുന്നു.
വയലാർ രാമവർമ, ഒ.എൻ.വി കുറുപ്പ്, തോപ്പിൽ ഭാസി, കെ.പി.എ.സി ലളിത, കെ.പി.എ.സി. സുലോചന തുടങ്ങിയവർ (പഴയ നാടക റിഹേഴ്സൽ ക്യാമ്പിൽനിന്ന്)
1952 ഡിസംബർ ആറിന് കൊല്ലം ചവറ തട്ടാശ്ശേരിയിലായിരുന്നു ‘നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി’യുടെ ആദ്യ അവതരണം. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേരോട്ട കാരണങ്ങളിലൊന്നായ ഈ നാടകത്തിന് അരങ്ങേറ്റ ദിനത്തിൽതന്നെ 35 ബുക്കിങ്ങാണ് ലഭിച്ചത്. നാടക രംഗത്ത് ചരിത്രം തിരുത്തുന്ന തരത്തിൽ ഇന്നും അരങ്ങിൽ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പിന്നീട് നിരോധനമടക്കം നേരിട്ട ആ നാടകവും അതിനുശേഷം കെ.പി.എ.സി അവതരിപ്പിച്ച നാടകങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്ത് സൃഷ്ടിച്ച അടയാളങ്ങൾ ചരിത്രത്തിന്റെ ഭാഗമായിതന്നെ മാറി.
വിപ്ലവ പ്രവർത്തനങ്ങളുടെ കനൽവഴികൾ താണ്ടിയവരുടെ ഓർമകളുണർത്തുന്ന ‘ഒളിവിലെ ഓർമകളും’, കമ്യൂണിസ്റ്റ് ചിന്തകൾ അടിസ്ഥാന ജനതക്ക് ലളിത ഭാഷയിൽ പകർന്ന ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ‘ഭഗവാൻ കാലുമാറുന്നു’ തുടങ്ങിയ നാടകങ്ങൾ നൽകിയ ചിന്തകൾ ഇന്നും പ്രസക്തമാണ്. ക്ഷേത്രമുറ്റത്തെ നിറഞ്ഞ സദസ്സിന് മുന്നിൽ ഇത്തരം നാടകങ്ങൾ തകർത്തുകളിച്ച് നവോത്ഥാനത്തിന്റെ ഒരരങ്ങു കാലം കൈരളിക്ക് സമ്മാനിച്ച ചരിത്രമാണ് കായംകുളം കേന്ദ്രമാക്കിയ കെ.പി.എ.സിക്കുള്ളത്.
തിരുനെല്ലൂർ കരുണാകരൻ, ഒ.എൻ.വി, തോപ്പിൽ ഭാസി, പി.കെ. വാസുദേവൻ നായർ
അരങ്ങിലെ ചലനങ്ങൾക്കൊത്ത് കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത നാടകകാലത്തിന്റെ പേരായും ഇതിനോടകം കെ.പി.എ.സി മാറിയിരുന്നു. നാടിന്റെ രാഷ്ട്രീയ-സാമൂഹിക പരിവർത്തനത്തിന് ആക്കംകൂട്ടിയ ഒേട്ടറെ നാടകങ്ങളെയും പ്രതിഭകളെയും സമ്മാനിക്കുന്നതിൽ ഈ നാടക സമിതി വഹിച്ച സ്ഥാനം ചരിത്രത്തിൽ ഇടംപിടിച്ചതാണ്. സിനിമയും ടെലിവിഷനുമൊക്കെ നാടിന്റെ വിനോദം എന്താകണമെന്ന് തീരുമാനിക്കുന്നതിനു മുമ്പ് നാടക കലാരൂപമായിരുന്നു കാണികളെ ത്രസിപ്പിച്ചിരുന്നത്. നാടക തട്ടുകളിലൂടെയാണ് അഭിനയ കുലപതികളും ഗായകരും സംഗീതജ്ഞരുമൊക്കെ പിറവിയെടുത്തത്.
എറണാകുളം ലോ കോളജ് വാര്‍ഷികവും ഒരു നിഴല്‍ നാടകവുമാണ് സമിതിയുടെ പിറവിക്ക് കാരണമാകുന്നത്. രണ്ടാം ലോകയുദ്ധ ശേഷമുള്ള ശീതയുദ്ധം കൊറിയയിൽ സൃഷ്ടിച്ച പ്രതിസന്ധി ഇതിവൃത്തമാക്കി വള്ളികുന്നത്തുകാരനായ പുതുശ്ശേരി രാമചന്ദ്രൻ രചിച്ച കവിത അന്നേറെ ചർച്ചയായിരുന്നു. 1950ലെ എറണാകുളം ലോ കോളജ് വാർഷിക ദിനത്തിൽ ഈ കവിത ഇതിവൃത്തമാക്കി ‘പൊരുതുന്ന കൊറിയ’ എന്ന പേരില്‍ പുനലൂര്‍ രാജഗോപാലന്‍ നായര്‍, കല്യാണ കൃഷ്ണന് നായര്‍, ജി. ജനാർദനക്കുറുപ്പ് തുടങ്ങിയവർ നിഴല്‍നാടകമാക്കി അവതരിപ്പിച്ചു.
എം. ഗോപി, കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽ ഭാസി, എ. ഷാജഹാൻ
ഇതിന്റെ തുടർച്ചയായി എറണാകുളം ഭരത്കഫേ മുറിയില്‍ നടന്ന അലസ വർത്തമാനങ്ങൾക്കിടെയാണ് കെ.പി.എ.സി എന്ന ആശയം രൂപംകൊള്ളുന്നത്. ദസ്തയേവ്സ്കിയുടെ ‘കാരമസോവ് സഹോദരന്മാര്’ നാടകമാക്കാനായി നോട്ടീസ് പ്രസിദ്ധീകരിച്ചെങ്കിലും നടന്നില്ല. പിന്നീട് നേതാക്കൾ ഒളിവിലായ കമ്യൂണിസ്റ്റ് പാർട്ടി നിരോധന കാലത്താണ് വീണ്ടും നാടക സമിതി എന്ന ചിന്ത രൂപപ്പെടുന്നത്.
തിരുവനന്തപുരം സേേവ്യഴ്സ് ലോഡ്ജിലാണ് ഇതിനായി ഒത്തുകൂടിയത്. രാജഗോപാലന്‍ നായരും ജനാർദനക്കുറുപ്പും ചേര്‍ന്ന് എഴുതിയ ‘എന്റെ മകനാണ് ശരി’ എന്ന നാടകം അവര്‍ തന്നെ സംവിധാനം ചെയ്തായിരുന്നു അവതരണം. ഇവർക്ക് ഒപ്പം തിരുകൊച്ചി നിയമസഭാംഗമായിരുന്ന ടി.എ. മൈതീന്‍കുഞ്ഞ്, അഡ്വ. കിളിമാനൂര്‍ കുട്ടപ്പന്, സുലോചന, കെ.എസ്. ജോര്‍ജ് തുടങ്ങിയവരാണ് വേഷമിട്ടത്. 1951 അവസാനം തിരുവനന്തപുരം വി.ജെ.ടി ഹാളിലാണ് ആദ്യ നാടകം അരങ്ങേറിയത്.
കാമ്പിശ്ശേരി കരുണാകരൻ, എ.കെ. ഗോപാലൻ, തോപ്പിൽ ഭാസി
തുടർന്ന് അഡ്വ. ജി. ജനാർദനക്കുറുപ്പ് പ്രസിഡന്റും എൻ. രാജഗോപാലൻ നായർ സെക്രട്ടറിയുമായി ആദ്യ ഭരണ സമിതിയും നിലവിൽ വന്നു. നാടകം 12 വേദികളിലാണ് അവതരിപ്പിക്കാനായത്. പിന്നീട് തോപ്പിൽ ഭാസി കെ.പി.എ.സിയുടെ ഭാഗമായതോടെ നാടകങ്ങൾ വിശാല തലങ്ങളിലേക്ക് മാറി. ഇതോടെയാണ് രാഷ്ട്രീയ പശ്ചാത്തലമുള്ള ഭാസിയുടെ ‘നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി’ അരങ്ങിൽ എത്തുന്നത്. ഭാസി ഒളിവിലായിരുന്നതിനാൽ ‘സോമൻ’ എന്ന തൂലിക നാമത്തിലാണ് നാടകം അവതരിപ്പിച്ചത്.
കാമ്പിശ്ശേരി കരുണാകരന്, എന്‍. രാജഗോപാലന്‍ നായര്‍, അഡ്വ. ജി. ജനാർദനക്കുറുപ്പ്, ഒ. മാധവന്, വി. സാംബശിവന്, തോപ്പില്‍ കൃഷ്ണപിള്ള, സുലോചന, സുധർമ, ഭാർഗവി, കെ.എസ്. ജോർജ്, വിജയകുമാരി തുടങ്ങിയവരാണ് തുടക്കത്തിൽ വേഷമിട്ടിരുന്നത്. പിന്നീടുള്ള മുക്കാൽ നൂറ്റാണ്ടിനിടയിൽ 67 നാടകങ്ങളാണ് അവതരിപ്പിച്ചത്. ഇക്കാലയളവിൽ നാടക രചന, ഗാനരചന, അഭിനയം, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളിൽ കെ.പി.എ.സിയിലൂടെ നിരവധി താരോദയങ്ങളുണ്ടായി.
പൊൻകുന്നം വർക്കി, എൻ.എൻ. പിള്ള, വൈക്കം ചന്ദ്രശേഖരൻ നായർ, കണിയാപുരം രാമചന്ദ്രൻ, തിക്കോടിയൻ, എസ്.എൽ പുരം സദാനന്ദൻ, കെ.ടി. മുഹമ്മദ്, എ.എൻ. ഗണേഷ്, ലെനിൻ രാേജന്ദ്രൻ, ഫ്രാൻസിസ് ടി. മാവേലിക്കര, പ്രമോദ് പയ്യന്നൂർ, മനോജ് നാരായണൻ തുടങ്ങി നിരവധി പേരാണ് തിരനാടകങ്ങൾ തീർത്തത്. വയലാർ രാമവർമ, ഒ.എൻ.വി, കേശവൻ പോറ്റി തുടങ്ങിയവരെഴുതിയ നാടകഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്.
കെ.പി.എ.സി ലളിതയും മറ്റ് നടിമാരും
ദേവരാജൻ മാസ്റ്റർ, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ, എം.കെ. അർജുനൻ, എൽ.പി.ആർ. വർമ എന്നിവർ ഇൗണം പകർന്ന് തുടങ്ങിയതും ഇൗ തട്ടകത്തിൽ നിന്നാണ്. ‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന നാടക ഗാനം ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട്. പാടി അഭിനയിക്കുന്ന അപൂർവ പ്രതിഭകളായ കെ.എസ്. ജോർജിനെയും കെ.പി.എ.സി. സുലോചനയെയും മലയാളിക്ക് മറക്കാനാകില്ല.
തോപ്പിൽ കൃഷ്ണപിള്ള, പി.ജെ. ആന്റണി, ബിയാട്രിസ്, ശങ്കരാടി, കെ.പി. ഉമ്മർ, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മണവാളൻ ജോസഫ്, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഖാൻ, ഗോവിന്ദൻകുട്ടി, അസീസ്, കെ.പി.എ.സി. സണ്ണി, ആലുമ്മൂടൻ, അടൂർ ഭവാനി, സായ്കുമാർ, പ്രേമചന്ദ്രൻ തുടങ്ങി അരങ്ങിൽ തിളങ്ങിയ താരങ്ങളും നിരവധി.
അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തിവാഴുന്ന കാലത്ത് മാനവിക ബോധം വളർത്തുന്ന സന്ദേശമുള്ള നാടകങ്ങളാണ് കെ.പി.എ.സിയെ വേറിട്ട് നിർത്തിയത്. രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ സമ്മാനിച്ചതിലൂടെ നാടകകലയിൽ പൊളിച്ചെഴുത്ത് നടത്താനായി. ഏഴര പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത ദൗത്യം അകക്കാമ്പ് ചോരാതെ ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നുവെന്നതാണ് ഈ സമിതിയുടെ നേട്ടം.
പി.കെ. വാസുദേവൻ നായർ, ഒ.എൻ.വി, തോപ്പിൽ ഭാസി
നാടിന്റെ രാഷ്ട്രീയ ചരിത്രത്തെ ത്രസിപ്പിച്ച നാടകമായ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്കു ശേഷം ‘അശ്വമേധം’, ‘മുടിയനായ പുത്രൻ’ തുടങ്ങിയ പല നാടകങ്ങളും സിനിമകളായി. 30 നാടകങ്ങൾക്കായി 140ഒാളം പാട്ടുകൾ രചിച്ച ഒ.എൻ.വി 12 തവണ മികച്ച നാടക ഗാനരചയിതാവിനുള്ള അവാർഡ് നേടി. രണ്ട് സിനിമകളും കെ.പി.എ.സി നിർമിച്ചു. ഇതിൽ ‘ഏണിപ്പടികൾ’ തോപ്പിൽ ഭാസിയും ‘നീലക്കണ്ണുകൾ’ നടൻ മധുവും സംവിധാനം ചെയ്തു.
ഒന്നരനൂറ്റാണ്ട് മുമ്പുള്ള ഉത്തര കേരളത്തിന്റെ സാമൂഹികാവസ്ഥ ഇതിവൃത്തമായ ‘മരത്തൻ’ ഏറെ ശ്രദ്ധ നേടിയിരുന്നു. പഴയ നാടകങ്ങളും പുതിയതും കൂട്ടിച്ചേർത്താണ് ഓരോ വർഷവും കെ.പി.എ.സി അരങ്ങിനെ ഉണർത്തുന്നത്. നിലവിൽ രണ്ട് സംഘങ്ങളായി നാല് നാടകങ്ങളാണ് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. പുതിയ നാടകമായ ഉറൂബിന്റെ ‘ഉമ്മാച്ചുവും’ പഴയ നാടകങ്ങളായ ‘മുടിയനായ പുത്രൻ’, ‘ഒളിവിലെ ഓർമകൾ’, ‘നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി’ എന്നിവയാണ് അവതരിപ്പിക്കുന്നത്.
നാടക മേഖലയിൽ ഇടക്കാലത്ത് മൊത്തത്തിലുണ്ടായ മാന്ദ്യം കെ.പി.എ.സിയെയും ബാധിച്ചിരുന്നു. കോവിഡ് കാലത്തിനുശേഷം നാടകങ്ങൾ വീണ്ടും ജനഹൃദയങ്ങളിൽ ഇടംപിടിച്ചുതുടങ്ങിയത് പുതിയൊരു തുടക്കത്തിന് കാരണമായിട്ടുണ്ട്.
അവതരിപ്പിക്കുന്ന നാല് നാടകങ്ങളും ഇന്ന് കാണികളുടെ പ്രശംസകൾ ഏറ്റുവാങ്ങിയാണ് കർട്ടൺ വീഴുന്നത്. അടുത്ത സീസണിലേക്കുള്ള പുതിയ നാടകത്തിന്റെ പ്രവർത്തനങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്. ദേശീയപാത വികസനത്തോടെ പഴയതിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറിയ കെ.പി.എ.സിയിൽ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുന്നത്.
തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, വയലാർ
കുട്ടികളുടെ നാടക കളരി, നൃത്തവിദ്യാലയം, സംഗീത സ്കൂൾ, കൾചറൽ ഫോറം, ഫിലിം സൊസൈറ്റി എന്നിവയും സജീവമാണ്. ചിൽഡ്രൻസ് തിയറ്ററിലൂടെ നിരവധി നാടകങ്ങളും ഇതിനകം പുറത്തുവന്നു. നിലവിൽ ബിനോയ് വിശ്വം പ്രസിഡന്റും അഡ്വ. എ. ഷാജഹാൻ സെക്രട്ടറിയുമായ സമിതിയാണ് നേതൃത്വം നൽകുന്നത്. അഡ്വ. എൻ. രാജഗോപാലൻ നായർ, തോപ്പിൽ ഭാസി, പി.കെ. വാസുദേവൻ നായർ, കാമ്പിശ്ശേരി കരുണാകരൻ, കുമരകം ശങ്കുണ്ണി മേനോൻ, ഒ. മാധവൻ, കെ. കേശവൻ പോറ്റി, കെ.ഇ. ഇസ്മായിൽ, കാനം രാജേന്ദ്രൻ, എം. ഗോപി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളിൽ കെ.പി.എ.സിക്ക് ചുക്കാൻ പിടിച്ചിരുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തിയുള്ള തിയറ്റർ മ്യൂസിയമാണ് അടുത്ത ലക്ഷ്യമെന്ന് സെക്രട്ടറി അഡ്വ. എ. ഷാജഹാൻ പറയുന്നു. നാടകത്തെയും കലകളെയും പുതിയ തലമുറ അവരുടേതായ ഭാഷയിൽ ഉൾക്കൊള്ളുന്ന സങ്കേതങ്ങളോടെ സ്വീകരിക്കുകയെന്നതാണ് കെ.പി.എ.സിയുടെ നയം. സാംസ്കാരിക മേഖലകളിൽ കഴിഞ്ഞകാലങ്ങളിൽ നടത്തിയ ഇടപെടലുകൾ കാലാനുസൃതമായ തരത്തിൽ പുതിയ കാലത്തും നടപ്പിൽ വരുത്താനും ഉദ്ദേശിക്കുന്നു.
തോപ്പിൽ ഭാസിയുടെ രചനാ വൈഭവത്താൽ കലയും സാഹിത്യവും ഇഴുകിച്ചേർന്ന നാടകമാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’. കഥാപാത്രങ്ങളേക്കാൾ ‘ഓലയും, ഓല മടലും, ചോർന്നൊലിക്കുന്ന ഓലമേഞ്ഞ തറവാടുമൊക്കെ കാണികളെ വിസ്മയിപ്പിച്ച നാടകമെന്ന് തന്നെ വിശേഷിപ്പിക്കാം.
നാടകത്തിനായി നൽകുന്ന സ്റ്റേജ് ലിസ്റ്റിലെ പ്രധാന ഇനങ്ങളിലൊന്ന് പഴുത്ത മടലോടുകൂടിയ ഓലയാണ്. ഓലയിലൂടെയാണ് അന്നത്തെ സാമൂഹികാന്തരീക്ഷത്തെയും സംസ്കാരത്തെയും തോപ്പിൽ ഭാസി നാടകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. നായക കഥാപാത്രമായ പരമുപിള്ളയുടെ വീട്ടിലെ ദരിദ്ര ചുറ്റുപാടുകളുടെ പ്രതീകമാണ് ഓല. ദരിദ്ര കർഷകരുടെയും സഹജീവികളായ കീഴാളരുടെയും ജീവിത ദയനീയതയും ഓലയിലൂടെയാണ് വരച്ചു കാട്ടുന്നത്.
നവീകരിച്ച കായംകുളത്തെ കെ.പി.എ.സി കെട്ടിടം, കെ.പി.എ.സിയുടെ പഴയ കെട്ടിടം
‘അയ്യത്തെങ്ങാനും ഒരുമടലോല വീണാൽ അതെടുത്തോണ്ട് വരാൻ ആളില്ല. പുര കഴിഞ്ഞാണ്ടിൽപോലും മേഞ്ഞതല്ല, കാക്ക തീട്ടവും കൊണ്ട് പറന്നാൽ വായിൽ വീഴും’ എന്ന് പരമുപിള്ളയുടെ പരിതാപം കാലത്തെ അടയാളപ്പെടുത്തുന്നതാണ്. പഴുത്തുവീണ ഓലയുടെ പ്രാധാന്യവും നാടകത്തിന്റെ കാലവും കൂടി അറിഞ്ഞാൽ മാത്രമേ ഇക്കാലത്ത് നാടകത്തിന്റെ ആസ്വാദനം പൂർണമാകൂ.
ഓലമടൽ എന്ന രംഗോപകരണവും ചുരുക്കം വാക്കുകളിലുള്ള പാത്രഭാഷണത്താലും ഉദ്ദേശ്യം കാണികളിലേക്ക് സന്നിവേശിപ്പിക്കുന്നു. ഓലയുടെ പ്രാധാന്യം നാടകത്തിന്റെ പല സന്ദർഭങ്ങളിലും എടുത്തുപറയുന്നുണ്ട്. കർഷകത്തൊഴിലാളി മാലയെ കാമിക്കുന്ന ജന്മി അവളെ പ്രലോഭിപ്പിക്കുന്നതിനായും ഓലയാണ് ആയുധമാക്കുന്നത്. ‘നീ തണ്ടാനെ കേറ്റി രണ്ട് തെങ്ങോല അങ്ങ് വെട്ടിച്ചാൽ ഞാൻ ഏതാണ്ട് പറയാൻ പോകുന്നോ. പക്ഷേ ആ വിചാരം വേണം’. മാലയെ കൊണ്ട് വിചാരിപ്പിക്കാൻ പൊന്നും പണവും വേണ്ട, രണ്ടു തെങ്ങോല മതി എന്ന കാലം എത്ര ദയനീയം. പുരകെട്ടി മേയാൻ ഓല വാങ്ങുന്നതിന് പുരയിടം തീറെഴുതി കൊടുക്കാൻ പോലും പരമുപിള്ള തയാറാകുന്നത് നാടകത്തിന്റെ വികാസ പരിണാമങ്ങൾക്ക് ആക്കം കൂട്ടുന്ന ഘടകമാണ്.
അടിയാള വർഗത്തിന്റെ ജീവിതങ്ങളെ കശക്കിയെറിഞ്ഞ മാടമ്പിമാരുടെ പ്രമാണിത്വത്തെ ചോദ്യം ചെയ്യാനിറങ്ങിയ ഒരുപറ്റം ചെറുപ്പക്കാരുടെ ധീരമായ മുന്നേറ്റമാണ് ‘ഒളിവിലെ ഓർമകളിൽ’ നിറഞ്ഞുനിൽക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അരങ്ങിലെത്തിയ നാടകം ഇന്നും വേദികളെ ആവേശം കൊള്ളിക്കുന്ന തരത്തിൽ കെ.പി.എ.സി അവതരിപ്പിക്കുന്നു.
മധ്യതിരുവിതാംകൂറിലെ തീക്ഷ്ണമായ സമരങ്ങളുടെ തുടർച്ചയായി തോപ്പിൽ ഭാസി ഒളിവിൽ കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ചരിത്രം ഉൾക്കൊള്ളുന്ന ആത്മകഥയാണ് ‘ഒളിവിലെ ഓർമകൾ’. ഇത് അതേ പേരിൽ തന്നെ അദ്ദേഹം നാടകമാക്കുകയായിരുന്നു. 18 പേരെയാണ് കഥാപാത്രങ്ങളായി കടഞ്ഞെടുത്തത്. ഇതിൽ 12 പേർ പ്രധാന കഥാപാത്രങ്ങൾ. 1992 ൽ ഭാസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നാടകം മനോജ് നാരായണന്റെ സംവിധാനത്തിലാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
സംഭവത്തിൽ പങ്കെടുത്തവരും നേതാക്കളുമായ കമ്യൂണിസ്റ്റുകാരുടെ തലക്ക് സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. പിടികൂടിയ പ്രതികൾ കൊടിയ പീഡനങ്ങൾക്ക് വിധേയരായി. പലരും ലോക്കപ്പിൽ കൊല്ലപ്പെട്ടു. ഗൂഢാലോചന കുറ്റത്തിൽ തോപ്പിൽ ഭാസിയും ശങ്കരനാരായണൻ തമ്പിയും പേരൂർ മാധവൻപിള്ളയും അടക്കമുള്ളവർ പ്രതികളായി. ഒളിവിൽ പോയ ഇവരെ കിട്ടാത്ത ദേഷ്യം പൊലീസ് വീട്ടുകാരുടെ മേൽ തീർത്തു.
ഭാസിയുടെ വീട് കണ്ടുകെട്ടി. പ്രമാണിയായ പിതാവ് പരമേശ്വരൻപിള്ളയെ ലോക്കപ്പിലടച്ചു. ജാമ്യത്തിലിറങ്ങിയ പരമേശ്വരൻ പിള്ളക്കും ഭാര്യ നാണിക്കുട്ടിയമ്മക്കും കയറിക്കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിൽ ഓച്ചിറ പടനിലമാണ് അഭയകേന്ദ്രമായത്. യാചകർക്കൊപ്പം കഞ്ഞികുടിച്ച് ആറ് മാസത്തോളമാണ് ഇവർ ഓച്ചിറയിൽ കഴിഞ്ഞത്.
പൊലീസിന്റെയും നാട്ടുകാരുടെയും അതിക്രമം ഭയന്ന് ചിതറിയോടിയ മുഖ്യപ്രതി സി.കെ. കുഞ്ഞുരാമന്റെ മക്കൾ അനാഥരായി നാട് ചുറ്റിയ സംഭവവും ആയിരംതെങ്ങ് കടപ്പുറത്ത് സന്നിപാതജ്വരം പിടിപെട്ട നിലയിൽ കണ്ടെത്തിയതും വേദനയുള്ള അനുഭവങ്ങളായി നിറഞ്ഞുനിന്നിരുന്നു. ഇതെല്ലാം സത്ത ചോരാെത നാടകമായി അരങ്ങിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.