കോട്ടായി: പേര് കൃഷ്ണൻകുട്ടിയാണെങ്കിലും കമ്പം അറബി അക്ഷരങ്ങളോടാണ്. കൃഷ്ണൻകുട്ടിയുടെ അറബി കൈയെഴുത്ത് അറബി അധ്യാപകരെ പോലും വിസ്മയത്തിലാക്കുന്നു. പ്രവാസ ജീവിതത്തിൽ കൈവശമാക്കിയ അറബികൈയെഴുത്ത് ജീവിതവഴി തുറന്നുകിട്ടിയ സന്തോഷത്തിലാണ് വരയുടെ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണൻകുട്ടി. പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി സ്വദേശിയായ കൃഷ്ണൻകുട്ടി ചെറുപ്പത്തിലേ എഴുത്തും വരയും ശീലിക്കുകയും അതിൽ പ്രത്യക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു.
പത്ത് കൊല്ലത്തെ സൗദി അറേബ്യയിലുള്ള പ്രവാസ ജീവിതമാണ് ശരിക്കും അറബി അക്ഷരങ്ങളോട് സഹവാസം കൂടാൻ ഇടയാക്കിയത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയ കൃഷ്ണൻകുട്ടിക്ക് മുന്നോട്ട് വഴി തുറന്നുകിട്ടിയത് അറബി അക്ഷരക്കമ്പമാണ്. പിന്നീട് കൃഷ്ണൻകുട്ടിയെത്തേടി ധാരാളം അവസരങ്ങളെത്തി. കൂടുതലും മദ്റസകളിൽനിന്നുള്ള ഓർഡറുകളായിരുന്നു.
മദ്റസകളിലെ സ്മാർട്ട് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അറബി അക്ഷരമാലയും ചിത്രങ്ങൾ സഹിതം വിവിധ അറബി പദങ്ങൾ എഴുതി അലങ്കരിക്കാനുമായിരുന്നു എല്ലായിടങ്ങളിലും ആവശ്യം. പിലാപ്പുള്ളി മുഹിമ്മാത്തുൽ ഇസ്ലാം മദ്റസ്സയിൽനിന്നാണ് തുടക്കം.
''പിന്നീട് വിവിധ മദ്റസകളിൽനിന്ന് ഓർഡർ ലഭിച്ചതോടെ കൃഷ്ണൻകൂട്ടിക്ക് ഒഴിവില്ലാദിനങ്ങളായി. അറബി കൈയെഴുത്തിലെ കൈവഴക്കം കണ്ടാണ് മദ്റസ്സയിൽ സ്മാർട്ട് ക്ലാസ്സ് റൂം സജ്ജീകരിക്കാൻ ഏൽപിച്ചതെന്നും പൂർണ സംതൃപ്തനാണെന്നും കോട്ടായി അസാസുൽ ഇസ്ലാം മദ്റസ പ്രധാനാധ്യാപകൻ അഷറഫ് ഫൈസി പറഞ്ഞു. ഭൂരിഭാഗം ഉസ്താദുമാരും നല്ല സഹകരണവും പെരുമാറ്റവുമാണെന്നും വർണക്കൂട്ടുകളുടെ തോഴൻ കൃഷ്ണൻ കുട്ടിയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.