മനാമ: ഹൃദയഹാരിയും വ്യത്യസ്തവുമായ ചിത്രങ്ങളൊരുക്കി മലയാളി ചിത്രകാരൻ ബഹ്റൈനിൽ ശ്രദ്ധേയനാകുന്നു. കൊടുങ്ങല്ലൂർ വള്ളിവട്ടം പൂവ്വത്തും കടവിൽ കൃഷ്ണജിത്താണ് എണ്ണച്ചായവും അക്രിലിക് പെയിന്റും ഉപയോഗിച്ചുള്ള ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനാകുന്നത്. 16വർഷമായി ബഹ്റൈനിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയാണ് കൃഷ്ണജിത്ത്. എണ്ണച്ചായവും അക്രിലിക് പെയിന്റും ഉപയോഗിച്ച് വരച്ച നൂറിലധികം പെയിന്റിങ്ങുകളുടെ ശേഖരം കൃഷ്ണജിത്തിന്റെ കൈയിലുണ്ട്.
സിവിൽ ഡ്രാഫ്റ്റ്മാൻ കോഴ്സ് പാസായ ശേഷം 2005ൽ ദുബൈയിലും 2009 മുതൽ ബഹ്റൈനിലും ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന കൃഷ്ണജിത്തിന് ചെറുപ്പം മുതൽ ചിത്രകല ജീവനാണ്. എണ്ണച്ചായവും അക്രിലിക് പെയിന്റുമാണ് ഇഷ്ടപ്പെട്ട മീഡിയം. രാജാരവിവർമ പെയിന്റിങ്ങുകളോടാണ് ഏറെ പ്രിയം. അതിനാൽ ഇവയുടെ റീകോപ്പി പെയിന്റിങ്ങുകൾ കൂടുതലായും ചെയ്യുന്നുണ്ട്.
ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ആവശ്യപ്പെടുന്നവർക്ക് ചിത്രങ്ങൾ വരച്ചു നൽകിയിരുന്നു. കൊടുങ്ങല്ലൂർ പനങ്ങാട് എച്ച്.എസ്.എസ്. സ്കൂളിലും മാല്യങ്കര എസ്.എൻ.എം.കോളജിലും പഠിച്ച സമയത്ത് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ തരം കറൻസികൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയുടെ ഒരു വലിയ ശേഖരവും കൃഷ്ണജിത്ത് സൂക്ഷിക്കുന്നു. നാട്ടിൽ ഒരു സോളോ എക്സിബിഷൻ നടത്തണമെന്നതാണ് ആഗ്രഹമെന്ന് കൃഷ്ണജിത്ത് പറഞ്ഞു.
കൃഷ്ണജിത്ത്
ബഹ്റൈനിലെ വിവിധ സംഘടനകൾ നടത്തിവരുന്ന ഫോട്ടോഗ്രഫി, പെയിൻറിങ് പ്രദർശനങ്ങളിൽ കൃഷ്ണജിത്തിന്റ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ വല്യച്ഛൻ സമ്മാനമായി നൽകിയ ഫിലിം ക്യാമറയിൽ നിന്നാണ് ഫോട്ടോഗ്രാഫിയിൽ ഇഷ്ടം തുടങ്ങിയത്. ഒഴിവു സമയങ്ങളിൽ യാത്രകൾ ഇഷ്ടപ്പെടുന്ന കൃഷ്ണജിത്ത് യാത്രാവേളകളിലെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്.
മോഡൽ ഫോട്ടോഗ്രാഫിയിലും തൽപരനായ കൃഷ്ണജിത്ത് ബഹ്റൈനിലെ ഫോട്ടോഗ്രഫി ഗ്രൂപ്പായ എഫ്.ഡി.എസിലും അംഗമാണ്. തൃശൂർ ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഈസ്റ്റ് യു.പി.സ്കൂളിലെ അധ്യാപികയായ സവിതയാണ് ഭാര്യ. മതിലകം ഒ.എൽ.എഫ് സ്കൂളിലെ വിദ്യാർഥിനിയായ കൃഷ്ണജയും മതിലകം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥിയായ കൃഷ്ണവുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.