ലേലത്തുകയിൽ റെക്കോർഡിട്ട് പിക്കാസോ ചിത്രങ്ങൾ; അഞ്ചെണ്ണം വിറ്റുപോയത് 100 മില്യൺ ഡോളറിന്

സ്പാനിഷ് ചിത്രകാരില്‍ ഒരാളായ പാബ്ലോ പിക്കാസോ അന്തരിച്ച് 50 വര്‍ഷം തികയുകയാണ് ഈ വാരം. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ലേലത്തില്‍ റെക്കോര്‍ഡ് വിലയ്ക്കാണ് അദ്ദേഹത്തിന്റെ കലാ സൃഷ്ടികളുടെ വില്‍പ്പന നടന്നത്. എഎഫ്പിയുടെ കണക്കനുസരിച്ച് സ്പാനിഷ് കലാകാരന്റെ അഞ്ച് സൃഷ്ടികള്‍ 100 മില്യണ്‍ ഡോളറിലധികം തുകയ്ക്കാണ് ലേലത്തില്‍ പോയത്. 16 എണ്ണം 50 മില്യണ്‍ ഡോളറിന് മുകളിലും, 39 എണ്ണം 30 മില്യണ്‍ ഡോളറിന് മുകളിലും തുകയ്ക്ക് ലേലത്തില്‍ വിറ്റു.

നേരത്തേയും പിക്കാസോ ചിത്രങ്ങൾ റെക്കോർഡ് തുകക്ക് വിറ്റുപോയിട്ടുണ്ട്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വിലപിടിച്ച ചിത്രം പിക്കാസോയുടേതായിരുന്നു. 1955-ല്‍ വരച്ച 'ദി വിമന്‍ ഓഫ് അള്‍ജിയേഴ്സ് (പതിപ്പ് ഒ) എന്ന ചിത്രമാണത്. ഏതെങ്കിലും ഒരു ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോയ പിക്കാസോയുടെ സൃഷ്ടിയാണിത്. 2015 ൽ നടന്ന ലേലത്തിൽ 179.4 മില്യണ്‍ ഡോളറിനാണ് അജ്ഞാതൻ ചിത്രം വാങ്ങിയത്. അതിനും 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചതിന്റെ അഞ്ചിരട്ടിയിലധികം തുകയിലാണ് അന്ന് ചിത്രം ലേലത്തില്‍ പോയത്. അക്കാലത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആര്‍ട്ട് ലേല വില്‍പ്പനയായിരുന്നു അത്.

2017 നവംബറിൽ ലിയോനാർഡോ ഡാവിഞ്ചിയുടെ 'സാൽവേറ്റർ മുണ്ടി'യാണ് പിക്കാസോയുടെ റെക്കോർഡ് തകർത്തത്. 450 മില്യൺ ഡോളറിനാണ് സാൽവദോർ മുണ്ടി വിറ്റുപോയത്. ഇന്നും ഒരു ചിത്രത്തിന് ലഭിച്ച റെക്കോർഡ് തുക ഇതുതന്നെയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ പിക്കാസോ ചിത്രങ്ങൾ വിറ്റുപോയത് 4.7 ബില്യൺ ഡോളറിനാണ്. ഇത് ഒരു റെക്കോർഡാണ്. ആൻഡി വാർഹോൾ (3.4 ബില്യൺ ഡോളർ), ക്ലോഡ് മോനെറ്റ് (2.6 ബില്യൺ ഡോളർ) എന്നിവർ ആണ് ഇക്കാര്യത്തിൽ പിക്കാസോക്ക് പിന്നിൽ.

ക്യൂബിസത്തിലെ രാജാവായ പിക്കാസോയുടെ 3,000 കലാസൃഷ്ടികൾ നിലവിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ശിൽപങ്ങൾ, ഡ്രോയിംഗുകൾ, സെറാമിക്സ്, കൊത്തുപണികൾ, ലിത്തോഗ്രാഫുകൾ, ചിത്രീകരിച്ച പുസ്തകങ്ങൾ, ബാലെ വസ്ത്രങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 10 വർഷത്തിനുള്ളിൽ 31,745 ലേലങ്ങളിൽ ഇവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Picasso remains the highest-selling artist at art auctions, five of his artworks fetch $100 mn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.