പാരിസ് മോഹൻകുമാർ                                                                                                                            ചിത്രം: അനീഷ് തോടന്നൂർ

പ്രകൃതിയുടെ 'വര'ദാനം; ഈ വരകൾ നാളെ ഇലപ്പച്ചകൾക്ക് നിറം കൂട്ടും...

പാരിസ് മോഹൻകുമാറിന്റെ വരകൾ കണ്ടവർ അത്ഭുതപ്പെടും. പിന്നെ, വരകളിൽ തീർത്ത സൗന്ദര്യത്തെക്കുറിച്ച് വാചാലരായേക്കും. എന്നാൽ, പലർക്കും അറിയില്ല ഈ വരകൾ നാളെ, ഇലപ്പച്ചകൾക്ക് നിറം കൂട്ടുമെന്ന്. അതുകൊണ്ടാണ് പ്രകൃതിയുടെ വരദാനമായി മോഹൻകുമാറിനെ വിശേഷിപ്പിക്കേണ്ടിവരുന്നത്.

അത്രമേൽ വരകളെയും പ്രകൃതിയെയും സ്നേഹിച്ച ചിത്രകാരനാണ് പാരിസ് മോഹൻകുമാർ. അതെ, യുനെസ്കോയുടെ അംഗീകാരം ലഭിച്ച 40 ലോകപ്രശസ്ത ചിത്രകാരിൽ ഒരാൾ. ഇതിനകംതന്നെ തേടിെയത്തിയ അംഗീകാരത്തിന്‍റെ ചിറകിൽ പറക്കുന്നതിനു പകരം, ഇൗ മണ്ണിനെപ്പറ്റി, കർഷകരെക്കുറിച്ച്, കാടിനെ ചിന്തിച്ച് ആവലാതിപൂണ്ട് നടക്കുകയാണീ മനുഷ്യൻ. അതുകൊണ്ടാണ് അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളെ എന്ന കവിത ഈ ചുണ്ടിൽ നിറഞ്ഞു നിൽക്കുന്നത്.

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!

കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?

ഈ വരികൾ മറ്റാരെക്കാളും ചേർന്നുനിൽക്കുക മോഹൻകുമാറിലാണെന്നു തോന്നും. വലിയ കാൻവാസിനൊപ്പം ചേർന്നുനിൽക്കുേമ്പാഴും മനുഷ്യനും പ്രകൃതിയുംതന്നെയാണ് ഇഷ്ടവിഷയമെന്ന് ഈ മനുഷ്യൻ പറയാതെപറയും. നാടും നാട്ടുകാരും ഒപ്പമില്ലെങ്കിലും ചില ചോദ്യങ്ങൾക്ക് ഉത്തരം തേടിക്കൊണ്ടേയിരിക്കുകയാണ്, ഈ ജീവിതം. 76ാം വയസ്സിലും വെറുതെയിരിക്കാൻ കഴിയാത്തത് അതുകൊണ്ടാണ്.

ചൂഷണം ചെയ്യാൻ മാത്രം വിധിക്കപ്പെട്ട കർഷക, ആദിവാസി ജീവിതമാണ് പ്രധാന വിഷയം. തന്‍റെ ജീവിതംതന്നെ, ഇങ്ങനെ, പാർശ്വവത്കരിക്കപ്പെട്ടവർക്കായി നീക്കിവെച്ചിരിക്കുന്നു. അവശേഷിക്കുന്ന പ്രകൃതിസമ്പത്ത് സംരക്ഷിക്കപ്പെടുന്നതാണ് ജീവിതസ്വപ്നമെന്ന് പാരീസ് മോഹൻകുമാർ പറയുന്നു. സമ്പത്തിന്‍റെ വലിയൊരു ഭാഗം സ്വന്തമാക്കിവെച്ച ഏതെങ്കിലുമൊരു ആൾദൈവം മനസ്സുവെച്ചാൽ മാത്രം നമ്മുടെ കാടുകൾ സംരക്ഷിക്കാൻ കഴിയും. സുഖജീവിതവും സമ്പത്തിനോടുള്ള ആർത്തിയുമല്ലാതെ വരുംതലമുറയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല...

ഇവിടെ, ആശങ്കകൾ പങ്കുവെച്ച് വെറുതെയിരിക്കാതെ വയനാട്, കർണാടക, നീലഗിരി എന്നിവിടങ്ങളിൽ ജൈവകൃഷിക്ക് നേതൃത്വം നൽകുകയാണ് മോഹൻകുമാർ. തനിക്ക് ചിത്രരചനയിലൂടെ ലഭിക്കുന്ന വരുമാനം പൂർണമായും മണ്ണിനെ സ്നേഹിക്കുന്നവർക്ക് അവകാശപ്പെട്ടതാണെന്ന് മോഹൻകുമാർ പറയുന്നു.

മാഹിയിൽനിന്ന് പാരിസിലേക്ക്...

ചിത്രകലയുടെ ലോകത്ത് പാരിസ് മോഹൻകുമാറിന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. വിവിധ രാജ്യങ്ങളിലെ ചുവരുകളെ കമനീയമാക്കിയത് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളാണ്. കാൻവാസിന് മുന്നിലെത്തിയാൽ മോഹൻകുമാറിന്റെ വിരൽ പ്രകൃതിയെപ്പോലും വിസ്മയിപ്പിക്കും.

അതുകൊണ്ടുതന്നെ, ലോകമാകെ ആരാധകരുള്ള ചിത്രകാരന്മാരിൽ ഒരാളാണ് മോഹൻകുമാർ. നാലു പതിറ്റാണ്ടിലേറെ പാരിസ് നഗരത്തിൽ സ്വതന്ത്രചിത്രകാരനായി പ്രവർത്തിച്ചു. വരയുടെ ലോകത്ത് അക്കാദമിക് പഠനമില്ല. സ്കൂൾ വിദ്യാഭ്യാസംപോലും പേരിനുമാത്രം. പാരിസിൽനിന്നു വീണ്ടും കൊച്ചുകേരളത്തിലെത്തുമ്പോൾ മനസ്സിലുണ്ടായിരുന്നത് പ്രകൃതിയെ അറിഞ്ഞുള്ള ജീവിതമാണ്. ഒപ്പം പ്രകൃതിസംരക്ഷണ പ്രവർത്തനവും.


സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പ് ഫ്രഞ്ച് കോളനിയായിരുന്ന മാഹി (മയ്യഴി)യിലാണ് ജനനം. രണ്ടുവയസ്സുള്ളപ്പോൾ പിതാവ് കുഞ്ഞിരാമൻ മരിച്ചു. കമ്യൂണിസ്റ്റുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവ് ഫ്രഞ്ചുകാരുടെ കൊടിയ പീഡനം സഹിച്ചാണ് മരിച്ചത്. അച്ഛനില്ലാതായതോടെ ജീവിതം തീർത്തും അനാഥമായി. ഈ ഒറ്റപ്പെടലിൽനിന്നാണ് ആത്മീയതയുടെ വഴിയേ നടക്കാൻ ബാല്യത്തിൽതന്നെ പ്രേരണയായത്.

എത്തിച്ചേർന്നത് ഹിമാലയ താ‌ഴ്‌വാരത്തിലെ ദയാനന്ദസരസ്വതി സ്വാമിയുടെ നിരഞ്ജിനി ആഗാൻ എന്ന ആത്മീയകൂടാരത്തിലാണ്. ഈ അലച്ചിലിനെല്ലാമിടയിൽ ആരുമറിയാതെ വരകളുടെയും വർണക്കൂട്ടുകളുടെയും സിദ്ധി മോഹൻകുമാറിനെ പിടികൂടി. ഗുരുമുഖത്തുനിന്നുള്ള പാഠങ്ങളില്ലാതെ ചിത്രരചനയുടെ സ്വന്തം ശൈലിയും സങ്കേതവും കണ്ടെത്തി. നാട്ടിലെ തെയ്യം കലാകാരനായ മുന്നൂറ്റൻ കുഞ്ഞിരാമനാണ് കുട്ടിക്കാലത്ത് നിറങ്ങളുടെ ലോകത്തേക്കു നയിച്ചത്. തെയ്യക്കോലത്തെക്കുറിച്ച് ഏറെ പഠിച്ചു. പല വർണങ്ങൾ മനസ്സിലുറച്ചതിങ്ങനെയാണ്.

മേൽവിലാസം തിരുത്തിയ വരകൾ

ആത്മീയതയുടെ വഴിയിൽ തനിക്ക് പൂർണമായി നിലകൊള്ളാൻ കഴിയില്ലെന്ന് മോഹൻകുമാറിനു മനസ്സിലായി. പാവപ്പെട്ടവർ അനുഭവിക്കുന്നത്, അവരുടെ വിധിയാണെന്ന് ചിന്തിക്കാൻ ഒരിക്കലും കഴിഞ്ഞില്ല. അത്തരം ആത്മീയവാദികളുടെ വാക്കുകൾ അത്ഭുതപ്പെടുത്തി. തന്റെ ചിന്തകൾ ദയാനന്ദസരസ്വതി സ്വാമിയെ അറിയിച്ചു. പിന്നെ പാരിസ് നഗരത്തിലേക്ക്. മാഹിയിൽനിന്ന് കുട്ടിക്കാലത്ത് ഏറെ കണ്ടത് പാരിസുകാരെയാണ്. അതാണ്, ആ മണ്ണ് തിരഞ്ഞെടുത്തത്. കാൻവാസിൽ പകർത്തിയ ചിത്രങ്ങൾ തന്റെ മേൽവിലാസം പോലും മാറ്റുമെന്ന് മോഹൻകുമാർ ചിന്തിച്ചില്ല. കുട്ടിക്കാലം മുതൽതന്നെ പാരിസ് തന്റെ സ്വപ്നഭൂമിയായിരുന്നു. നീണ്ട നാലുപതിറ്റാണ്ട് പാരിസിനെ അനുഭവിച്ചു, അറിഞ്ഞു. ഇന്ത്യയിൽനിന്നുള്ള വിവിധ അതിഥികൾക്ക് സ്വീകരണമൊരുക്കുന്നതിനുൾപ്പെടെ നേതൃത്വം നൽകാൻ ഇക്കാലയളവിൽ കഴിഞ്ഞു. ഇതിനിടെ, തന്റെ പേരിനൊപ്പം പാരിസ് കയറിപ്പറ്റി. അക്കാലത്തെ മാധ്യമസുഹൃത്തുക്കളാണ് പേരിനൊപ്പം പാരിസ് ചേർത്തത്.


ഈ കോവിഡ് കാലത്തുപോലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വന്തമാക്കാൻ കലാസ്വാദകർ കാത്തുനിൽക്കുകയാണ്. ഐ.ടി.സി, ഹീറോ, ടി.സി.എസ് അടക്കമുള്ള വൻകിട കമ്പനികൾക്കുവേണ്ടി വരച്ചു. പ്രമുഖ വ്യവസായ സംരംഭകരായ കാസിനോ ഗ്രൂപ്, ആർ.പി ഗ്രൂപ്, എൽ ആൻഡ് ടി, അൽസിയ, സി.ജി.എച്ച് എർത്ത്, ബാവ ഐഷ, എം.പി. അബ്ദുൽ വഹാബ്, രവി പിള്ള തുടങ്ങിയവരും ചിത്രങ്ങൾ തേടിയെത്തി. നിലവിൽ എറണാകുളം ഫോർട്ട് കൊച്ചി ഡേബിഡ് ഹോൾ, ആർട്ട് ഗാലറിയിൽ എക്സിബിഷൻ നടക്കുകയാണ്. മാർച്ച് രണ്ടാം വാരം എക്സിബിഷൻ സമാപിക്കും. നിലവിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകരുടെ ഉൽപന്നങ്ങൾ 'കാട്ടിൽ ആഗ്രോസ്' എന്ന പേരിൽ വിപണിയിലെത്തിക്കുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് എക്സിബിഷൻ.

ഇരുട്ടിൽ പിറന്ന ചിത്രങ്ങൾ

ഇരുട്ടിൽ പിറന്ന ചിത്രങ്ങളാണ് മോഹൻകുമാറിന്റേത്. രാത്രിയാണ് മോഹൻകുമാറിന് വരക്കാനിഷ്ടമുള്ള സമയം. ചിത്രരചനയിലേക്കു തിരിഞ്ഞാൽ മറ്റൊന്നും തന്‍റെ ചിന്തയിലുണ്ടാവില്ല. പ്രകൃതിയെതന്നെയാണ് വരച്ചിട്ടും വരച്ചിട്ടും മതിവരാത്തത്. പുതിയ കാലത്തും ചിത്രരചനയിൽ താൽപര്യമുള്ളവർ ഏറെയുണ്ട്. പ​േക്ഷ, വരയുടെ ലോകത്ത് പുതിയ തലമുറക്ക് അവസരം ലഭിക്കുന്നില്ലെന്ന ദുഃഖമാണ് മോഹൻകുമാറിനുള്ളത്.


പലർക്കും എക്സിബിഷൻപോലും നടത്താൻ കഴിയുന്നില്ല. ഏറെ കഴിവുള്ള ചിത്രകലാപ്രതിഭകൾ ഈ നാട്ടിലുണ്ട്. അവരെ അടുത്തറിയാം. പ​േക്ഷ, എല്ലാവരും വാഴ്ത്തപ്പെട്ടവരെ മാത്രം കൊണ്ടുനടക്കുന്നു. എന്തും പഠിക്കാനും വളരാനും സ്വയം തീരുമാനിക്കണമെന്നും ആരെയും കാത്തിരിക്കേണ്ടതില്ലെന്നും മോഹൻകുമാർ ഉപദേശിക്കുന്നു. ഏത് തിരക്കിനിടയിലും പുതിയ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പല ഭാഗത്തായി നല്ല പ്രതിഭകൾ വളർന്നുവരുന്നുണ്ട്. കാലവും നാടും അവർക്ക് അവസരങ്ങൾ നൽകട്ടെ...

ഇവിടെയുണ്ട്, എല്ലാം...

ഈ ഭൂമി സമ്പന്നമാണ്. എന്നാൽ, മനുഷ്യന്റെ ആർത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരും തലമുറയെക്കുറിച്ച് ചിന്തിക്കുന്നില്ല. ശുദ്ധമായ ജലവും വിഷം തീണ്ടാത്ത ഭക്ഷണവും തേടി പോകേണ്ട അവസ്ഥയാണ്. നമുക്കു ചുറ്റിലും ഒന്നുമില്ല. അവശേഷിക്കുന്ന വനവാസികളും കർഷകരുമാണ് ഈ നന്മയുടെ സംരക്ഷകർ. ഈ തിരിച്ചറിവാണ്, വയനാട്ടിലെ ആദിവാസി ഗ്രാമങ്ങളിലെത്തിച്ചത്. വയനാടിന്‍റെ മണ്ണിന് പ്രത്യേക വളക്കൂറുണ്ട്. ഇവിടെ വ്യത്യസ്‌തമായൊരു കാർഷിക സംസ്‌കാരത്തിനു നേതൃത്വം നൽകാനാണ് മോഹൻകുമാർ ശ്രമിക്കുന്നത്. കൃത്രിമത്വമില്ലാത്ത വിത്തുകൾ പാകി, കീടിനാശിനികളോ രാസവളങ്ങളോ ഇല്ലാതെ അവ വിളഞ്ഞു. ഒന്നാം തരം ധാന്യങ്ങളും പഴവർഗങ്ങളും സമൃദ്ധമായി കിട്ടി. പരീക്ഷണം വിജയിച്ചതോടെ പ്രകൃതിക്ക് ഇണങ്ങിയ കൃഷിരീതി വ്യാപകമാക്കി.

200 ഏക്കറോളം സ്ഥലത്താണ് വയനാട്ടിൽ കൃഷിയുള്ളത്. ഇഞ്ചി, മഞ്ഞൾ, നെല്ലി, ചീര, പപ്പായ തുടങ്ങി വിവിധ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 12 ഇനം ചീരയാണ് ഇവിടെ കൃഷിചെയ്യുന്നത്. ശുദ്ധമായ ചെറുതേനാണ് മറ്റൊരു വിഭവം. തേനീച്ചയെ നോവിക്കാതെയാണ് തേനെടുക്കുന്നത്. കബനീനദിയുടെ തീരത്തും വലിയ രീതിയിൽ കൃഷിയുണ്ട്. പരമ്പരാഗത ശൈലിയിലല്ല കൃഷി. നിലമൊരുക്കലില്ല, കാർഷിക കലണ്ടറിനെ പിന്തുടരുന്നില്ല. വെറുതെ മണ്ണിൽ വിത്തെറിയുക, വെയിലും മഴയും മഞ്ഞുമെല്ലാം ഏറ്റ് അത് വളരും. ആവശ്യത്തിനുള്ള വളമെല്ലാം മണ്ണിൽതന്നെയുണ്ട്. പാകമാവുമ്പോൾ വിളവെടുക്കുക. ആദിവാസി സഹോദരങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളവ മറ്റുള്ളവർക്ക് വീതംവെക്കും. ഒപ്പം, ഔഷസസ്യ സംരക്ഷണമാണ് പ്രധാന ലക്ഷ്യം. പാരമ്പര്യവൈദ്യന്മാരിൽതന്നെ പുതിയ തലമുറക്ക് ഈ മേഖലയിൽ അറിവ് കുറഞ്ഞു. വിസ്മയിപ്പിക്കുന്ന മരുന്നുചെടികൾ ഇവിടെയുണ്ട്. എല്ലാ വൈറസിനെയും ഓടിക്കാൻ കഴിയുന്ന മരുന്നുകളുണ്ട്. പ​േക്ഷ, അറിവുള്ളവർ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സസ്യഭുക്കായ മോഹൻകുമാർ, നല്ല ഒന്നാംതരം മീൻകറി പാചകം ചെയ്യും. മരുന്ന് ഭക്ഷണമായി കഴിക്കുന്ന മലയാളി, ഭക്ഷണത്തെ മരുന്നായി കണ്ട പഴയ കാലം പാടെ മറക്കുന്നു. രുചി മാത്രമല്ല ഭക്ഷണം.

ജനങ്ങൾ ഒറ്റക്കെട്ടായി ചിന്തിച്ചാൽ മാത്രമേ മാറ്റം വരുത്താൻ കഴിയൂ. കുത്തകകൾക്കും മരുന്നു കമ്പനികൾക്കും പിന്നാലെ പോകുന്ന ഭരണകൂടങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മോഹൻകുമാർ പറയുന്നു.

Tags:    
News Summary - story of Paris Mohan Kumar One of the 40 world famous painters recognized by UNESCO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.