പട്ടാമ്പി: എടപ്പലം കോട്ടേംകുന്നിലെ കുംഭാരകോളനിയിലേക്ക് കടന്നുചെല്ലുമ്പോൾ ദൈന്യമാർന്ന കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം. ഞങ്ങക്ക് വല്ലോം കിട്ടുമോ എന്ന അമ്മു അമ്മയുടെ ചോദ്യത്തിന് മുന്നിൽ നിസ്സഹായതയോടെ കൈമലർത്താനേ കഴിഞ്ഞുള്ളു. ബി.പി.എൽ കാർഡുണ്ടെന്നതല്ലാതെ യാതൊരാനുകൂല്യവും കിട്ടുന്നില്ല, തൊഴിലിനും കുട്ടികളുടെ പഠിപ്പിനും. പണിയെടുക്കാനുള്ള ഷെഡ് മഴ പെയ്താൽ ചോർന്നൊലിക്കും.
ഷീറ്റ് വെച്ച് ഓട്ടയടച്ചാണ് നിലനിർത്തുന്നത്. പൊട്ടിപ്പൊളിഞ്ഞതാണ് തറ. മണ്ണ് കുഴച്ച് കലം രൂപപ്പെടുത്താനുള്ള ചക്രം കാലത്തിനൊപ്പം മാറിയിട്ടുണ്ട്. വടി കൊണ്ട് തിരിച്ചിരുന്ന വലിയ വട്ടമുള്ള ചക്രത്തിന്റെ സ്ഥാനം വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന യന്ത്രം കൈയടക്കിയിട്ടുണ്ട്. അത് വാങ്ങാൻ 25,000 രൂപ വേണം.
കലം വിറ്റു കിട്ടുന്ന കാശ് ചെലവിന് തികയില്ല. അതിനാൽ അഞ്ചു വീട്ടുകാർക്കായി ഒരു ഷെഡും ചക്രവുമാണ് കോട്ടേംകുന്നിലുള്ളത്. ഓരോ കുടുംബവും ഊഴമിട്ടാണ് ഉപയോഗിക്കുന്നത്. തൊഴിൽ മേഖലയിലെ യന്ത്രവത്കരണം മൺപാത്ര നിർമാണരംഗത്തെ പാരമ്പര്യ കുടുംബങ്ങളിൽ ഇനിയും പൂർണമായി എത്തിയിട്ടില്ല. യന്ത്രം വാങ്ങാൻ സർക്കാറോ തദ്ദേശ സ്ഥാപനങ്ങളോ ധനസഹായം നൽകിയാലേ ഈ തൊഴിൽ കൊണ്ട് ജീവിതം തള്ളി നീക്കാൻ ഇവർക്കാവുകയുള്ളൂ.
നിർഭാഗ്യവശാൽ ഇതുവരെ അത്തരം സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. അമ്മു അമ്മയും ഭർത്താവ് കുട്ടനും പകർന്നു നൽകിയ കുലത്തൊഴിൽ മകൻ ഉണ്ണികൃഷ്ണനിലൂടെ തുടരുകയാണ്.
എന്നാൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്തതിനാൽ പുതിയ തലമുറ കുലത്തൊഴിലിനോട് വിമുഖരാണ്. കോട്ടേംകുന്നിൽ അഞ്ചും കല്ലറക്കോട് രണ്ടും കുടുംബങ്ങളാണ് മൺപാത്രനിർമാണത്തിൽ ജീവിതം പുലർത്തുന്നത്. ആറങ്ങോട്ടുകരയിൽനിന്ന് മണ്ണ് കൊണ്ടുവന്നാണ് പാത്രം ഉണ്ടാക്കുന്നത്.
മണ്ണ്, വൈക്കോൽ, വിറക് എന്നിവയുടെ വിലയും അധ്വാനവും കൂട്ടിയാൽ കൂലിക്കാശ് ഒക്കുമെന്നല്ലാതെ മിച്ചമില്ലെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. വിപണി വലിയ പ്രശ്നമാണ്. തലയിൽ ചുമന്ന് വീടുകളിൽ കൊണ്ടുനടന്നാണ് വിൽപന. കടകളിൽ പുറമെ നിന്നുള്ള ഇറക്കുമതി കലമാണ് വിൽക്കുന്നത്. വില കുറയുമെന്നതിനാൽ അത്തരം പാത്രങ്ങളോടാണ് കടക്കാർക്ക് താൽപര്യം. മൺപാത്രനിർമാണം കുലത്തൊഴിലായി കൊണ്ടുനടക്കുന്നവരോട് സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും അനുഭാവപൂർണ സമീപനം കാണിച്ചില്ലെങ്കിൽ ഈ മേഖലയിലെ പാരമ്പര്യകുടുംബങ്ങൾ വേരറ്റുപോകും. ഷെഡ് നിർമിക്കാനും യന്ത്രം വാങ്ങാനും സഹായം നൽകിയും പാത്രവിൽപനക്ക് പ്രാദേശിക വിപണിയൊരുക്കിയും ഈ വിഭാഗങ്ങളെ സംരക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികളാവിഷ്കരിച്ചേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.