മിയ പാർക്കിലെ ‘പാസേജ് ടു ഇന്ത്യ’ വേദിയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കമ്യൂണിറ്റി ഫെസ്റ്റിൽ ശ്രദ്ധേയമാവുകയാണ് ഇന്ത്യക്കാരൻ വിലാസ് നായകിന്റെ സ്പീഡ് പെയിന്റിങ്
പശ്ചാത്തലത്തിൽ ഉച്ചത്തിൽ സംഗീതമുയരുന്നു. മുന്നിൽ കൺപാർത്തിരിക്കുന്ന പതിനായിരത്തോളം കാണികളും. അവർക്കു നടുവിൽ വലിയ വേദിയിലെ വെള്ളിവെളിച്ചത്തിനു താഴെ കാൻവാസിൽ ഇടത് വലത് കൈകൾക്കൊണ്ട് ഒരു മനുഷ്യൻ ബ്രഷുകളെ അതിേവഗത്തിൽ ചലിപ്പിക്കുന്നു. ഘടികാര സൂചികകൾ, മിനിറ്റുകൾ പിന്നിടുമ്പോഴേക്കും കാൻവാസിൽ മനോഹരമായ ചിത്രം പൂർത്തിയായിരിക്കും. ദോഹയിലെ മിയ പാർക്ക് വേദിയാകുന്ന ഇന്ത്യൻ കൾചറൽ സെന്ററിന്റെ ‘പാസേജ് ടു ഇന്ത്യ’ വേദിയിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനംകൊണ്ട് കാണികളെ അതിശയിപ്പിക്കുകയാണ് കർണാടകക്കാരൻ വിലാസ് നായക് എന്ന കലാകാരൻ. ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയും ഐ.സി.സിയും സംഘടിപ്പിക്കുന്ന പാസേജ് ടു ഇന്ത്യ കമ്യൂണിറ്റി ഫെസ്റ്റിന്റെ മൂന്നു ദിവസത്തെ ആഘോഷത്തിൽ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം കൂടിയാണ് 39കാരനായ വിലാസ് നായക്.
വരകളിൽ വിസ്മയം കുറിക്കുന്ന കലാകാരന്മാർ പുതിയതൊന്നുമല്ലെങ്കിലും വിലാസ് നായകിന്റെ പ്രതിഭക്ക് മാറ്റേറെയുണ്ട്. ഏറ്റവും വേഗത്തിൽ, പലനിറങ്ങൾ പൂശി മികച്ച ചിത്രം വരക്കുന്ന സ്പീഡ് പെയിന്റർ എന്ന നിലയിൽ ഏഷ്യയിലെ ശ്രദ്ധിക്കപ്പെടുന്ന കലാകാരനാണ് വിലാസ്. വെള്ളിയാഴ്ച രാത്രിയിൽ മിയ പാർക്കിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹസ്തദാനം ചെയ്യുന്ന ചിത്രം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കിയായിരുന്നു വിലാസിന്റെ ലൈവ് സ്പീഡ് പെയിന്റിങ്ങിന് തുടക്കം കുറിച്ചത്. ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ സഹമന്ത്രിയും ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയും ഉൾപ്പെടെ പ്രമുഖരുടെ പ്രശംസ ഏറ്റുവാങ്ങിയ വിലാസ്, മണിക്കൂറുകൾക്കകം വീണ്ടുമെത്തി. ഇത്തവണ ഒരു നർത്തകിയുടെ മുഖവും മയിലിന്റെ തലയും വരച്ചുകൊണ്ടായിരുന്നു തുടക്കം. വെറും ഏഴ് മിനിറ്റും 56 സെക്കൻഡും സമയം കൊണ്ട് ഇരു കൈകളിലുമായി ചായം വീശിയെറിഞ്ഞ് അവസാനിപ്പിക്കുമ്പോഴേക്കും കഥക് നർത്തകിയും മയിലും കാൻവാസിൽ തെളിഞ്ഞു.
ജോലി രാജിവെച്ച് പെയിന്ററായി
ഐ.ബി.എം എന്ന കോർപറേറ്റ് കമ്പനിയിലെ എച്ച്.ആർ ഓഫിസർ എന്ന സുരക്ഷിതമായ ജോലിയിൽ നിന്നും രാജിവെച്ചിറങ്ങി, പെയിന്റിങ്ങിനെ പ്രഫഷനാക്കി മാറ്റിയാണ് വിലാസ് 2011ൽ തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നത്. കർണാടകയിലെ ഉജിരെ എന്ന ഗ്രാമത്തിൽ ജനിച്ച്, മംഗളൂരു, മൈസൂർ സർവകലാശാലകളിൽ നിന്നും റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മിടുക്കനായ വിദ്യാർഥിയിൽ നിന്നാണ് വിലാസ് നായക് ബ്രഷും പെയിന്റുമായി കൂട്ടുകൂടുന്നത്. മൂന്നാം വയസ്സിൽ വരയുടെ ലോകത്തെത്തിയവൻ കോളജ് പഠന കാലത്ത് പെയിന്റിങ്ങിലെ വേറിട്ട വഴി കണ്ടെത്തി. അതിവേഗത്തിൽ ചിത്രം പൂർത്തിയാക്കി വരയെ കാണികളുമായി ആശയസംവാദത്തിനുള്ള ഉപാധിയാക്കാൻ തീരുമാനിച്ച വിലാസ് അമേരിക്കൻ പെയിന്റർ ഡെന്നി ഡെന്റിലാണ് മാതൃക കണ്ടെത്തിയത്. ഇന്റർനെറ്റിലും യൂട്യൂബിലും പരതി ഡെന്നിയുടെ രചനകളിൽ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ട് 2004ൽ കോളജിൽ ആദ്യ സ്പീഡ് പെയിന്റിങ് നിർവഹിച്ചു. അന്ന് 15 മിനിറ്റ് എടുത്താണ് രചന പൂർത്തിയാക്കിയതെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിലാസ് പറയുന്നു. കോളജിലെ പ്രകടനത്തിൽ നിന്നും ആത്മവിശ്വാസം നേടിയെടുത്തവൻ പിന്നെ നിരന്തര പരിശീലനത്തിലൂടെ മിന്നൽ വേഗതയിൽ വരകൾ പൂർത്തിയാക്കി. ഇന്ത്യയിലെ വിവിധ ടി.വി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് വിജയം കുറിച്ചതോടെയാണ് 2011ൽ ഐ.ബി.എമ്മിലെ ജോലി രാജിവെച്ച് ഫുൾടൈം കലയിലേക്കിറങ്ങുന്നത്. ഗോട് ടാലന്റ് റിയാലിറ്റി ഷോയിൽ ഇന്ത്യൻ, ഏഷ്യൻ തലത്തിൽ മികച്ച പ്രകടനവുമായി ലോകമെങ്ങും ആരാധകരെയും സൃഷ്ടിച്ചു. പിന്നെ, തിരിഞ്ഞുനോക്കിയില്ലെന്ന് വിലാസ് പറയുന്നു. ഇതിനകം 36 രാജ്യങ്ങളിലായി 700ലേറെ സ്പീഡ് ലൈവ് ഷോകൾ പൂർത്തിയാക്കിക്കഴിഞ്ഞ ഇന്ത്യൻ ലെജൻഡ്.
ഫുട്ബാൾ ഇതിഹാസം പെലെ, മുൻ പ്രസിഡന്റുമാരായ പ്രണബ് മുഖർജി, ഡോ. എ.പി.ജെ അബ്ദുൽകലാം, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സചിൻ ടെണ്ടുൽകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുടെ പ്രശംസയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.