ജയിൽവാസം കഴിഞ്ഞെത്തിയ അയാൾ ആദ്യം ചെയ്തത് ഭാര്യയെയും മക്കളെയും കാണുകയായിരുന്നില്ല പട്ടിയെ കൂട് തുറന്നുവിടുകയായിരുന്നു (തടവ്)
അജിത് കുമാർ ആറിെൻറ 'ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ' എന്ന കവിത സമാഹാരത്തിൽനിന്നുള്ള വരികളാണിവ. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട കവിതകൾ എന്നാണ് പ്രസാധകർ നൽകിയ മുഖക്കുറി. ആ നിലക്ക് മലയാള കവിതയുടെ ഏറ്റവും നവീനമായ സംവേദന രീതിക്കുള്ള ഉദാഹരണമായി ഇൗ പുസ്തകത്തെ കാണാമെന്ന് തോന്നുന്നു. ആദ്യ പുസ്തകം 'ഒറ്റത്തുള്ളിപ്പെയ്ത്ത്' ഒരു തുള്ളിപോലും ബാക്കിവെക്കാതെ വായനക്കാർ സ്വീകരിച്ചുഎന്ന് എഴുത്തുകാരൻ അവകാശപ്പെടുന്നുണ്ട്. മലയാള കവിത ചരിത്രത്തിലെ അവസാന പതിപ്പുകളാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രം തുടങ്ങിയ സൈബറിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കവിതകൾ. വാമൊഴിക്കാലത്ത് കവിത താളബദ്ധമായ ഈണങ്ങളോട് ചേർന്നുനിന്നു.
വരമൊഴിക്കാലത്ത് അക്ഷരങ്ങളിൽ ഒളിപ്പിച്ചുവെച്ച ആന്തരികതക്ക് വഴിമാറി. മലയാള കാവ്യലോകം അതിെൻറ പുതിയ രൂപങ്ങളെ സൈബർ ഇടങ്ങളിൽ എണ്ണമില്ലാതെ നിർമിച്ചുകൊണ്ടിരിക്കുന്നു. യൂനിക്കോഡ് മലയാളത്തിൽ 'കവിത'യെന്ന് ടൈപ്പ് ചെയ്ത് ഗൂഗിളിൽ സെർച് ചെയ്താൽ തെളിയുന്നത് ലക്ഷക്കണക്കിന് ഫലങ്ങളാണ്. കമ്പ്യൂട്ടറും ഐഫോണും സാധാരണമായപ്പോൾ മലയാളവും കവിതയുമൊക്കെ ഇല്ലാതാവുമെന്ന് ഭയപ്പെട്ടിരുന്നവർക്കുകൂടി കിട്ടിയ ഫലങ്ങളാണ് ഇവ. സെക്സ് എന്ന വാക്കിനു ശേഷം മലയാളത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്ക് 'കവിത'യാണെന്ന് സൈബർ എഴുത്തുകാരനായ ഹരിശങ്കരൻ അശോകെൻറ നിരീക്ഷണം ഇതോടൊപ്പം ചേർത്തുവായിക്കാം. ഇൻറർനെറ്റിലൂടെ സംഭവിച്ച കവിതവിപ്ലവത്തെ 'കവിതയുടെ വിസ്ഫോടനം' എന്നാണ് സച്ചിദാനന്ദൻ വിശേഷിപ്പിച്ചത്.
ഹൈപ്പർ ലിങ്ക് കവിതകൾ, ശബ്ദസന്നിവേശ കവിതകൾ, ദൃശ്യ ചിത്ര സന്നിവേശ കവിതകൾ, ഹൈക്കു കവിതകൾ, ആത്മകഥാഖ്യാനങ്ങൾ, പത്ര റിപ്പോർട്ടിങ്, നോവൽ ആഖ്യാന കവിതകൾ, പാരഡിക്കവിതകൾ, കുട്ടിക്കവിതകൾ അങ്ങനെ പല തരത്തിലുള്ള പരീക്ഷണങ്ങൾക്ക് സൈബർ കവിതകൾ വഴിയൊരുക്കി.ഫേസ്ബുക്കിനും ഉപജ്ഞാതാവിനും നന്ദി പറഞ്ഞുകൊണ്ടാണ് അജിത് കുമാർ ആർ 'ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ' ആരംഭിക്കുന്നതുതന്നെ. ൈലക്കുകളാണ്/ ജനപ്രിയതയാണ് അതിെൻറ സാക്ഷ്യപത്രങ്ങൾ. ദൈനംദിന ജീവിതാനുഭവങ്ങളെ ഏേങ്കാണിപ്പിലൂടെ കവി കാണുന്നു.
വലം കൈയനായ എന്നെ/ഇടം കൈയനാക്കി/വലത് കവിളിലെ മറുക്/ഇടതു കവിളിലാക്കി/ഉള്ളതിനേക്കാൾ കൂടുതൽ/ സുന്ദരനുമാക്കി എന്നാണ് 'കണ്ണാടി' എന്ന കവിത. 'അത്തപ്പൂക്കളം ഒരുക്കാൻ/ ജീവൻ ബലി നൽകുന്ന/ പൂക്കളുടേതാണ് മഹാബലി' എന്നാണ് മഹാബലി എന്ന കവിത. ദിവസവും കോള കുടിച്ചാൽ/ ആശുപത്രിക്കാർക്ക്/ നല്ല കോളാ എന്നാണ് കോളയെക്കുറിച്ചുള്ള കവിത.
കറൻറ് പോലെയാകണം പെണ്ണ്/ വെളിച്ചമാകണം/ ഊർജമാകണം/ തൊട്ടാലടിക്കണം എന്നാണ് വനിതദിനത്തിലെഴുതിയ 'കറൻറ്' എന്ന കവിത. പരിസ്ഥിതി ദിനം, പുസ്തക ദിനം, ഗാന്ധിജയന്തി, നഴ്സുമാരുടെ ദിനം, ബഷീർ ദിനം, ലോകഹൃദയദിനം, ഡോക്ടേഴ്സ് ദിനം, മാതൃദിനം, വനദിനം, അധ്യാപക ദിനം, വാലൈൻറൻസ് ദിനം എന്നിങ്ങനെ കലണ്ടർ കവിതകൾ നിറയുന്നു. നോട്ടുള്ളവൻ നോട്ടപ്പുള്ളിയായി എന്നാണ് നോട്ടുനിരോധനം സംബന്ധിച്ച കവിത. റീമ കല്ലിങ്കലിെൻറ 'വറുത്തമീൻ' പരാമർശത്തോടും ചുംബന സമരത്തോടും അനുഭാവം പ്രകടിപ്പിച്ചും പെൺകുട്ടിയെ വികാരി പീഡിപ്പിച്ചതിനെതിരെയും ലക്ഷ്മിനായരുടെ കലാ അക്കാദമി വിഷയത്തിലും കശ്മീരിൽ എട്ട് വയസ്സുകാരി കൊല്ലപ്പെട്ടപ്പോഴുമെല്ലാം കവി പ്രതികരണ കവിതകൾ എഴുതി. ബലിച്ചോറ് മടുത്തു/ ബിരിയാണിയാണേൽ/ വരാമെന്ന് 'ബലിക്കാക്ക' എന്ന വാവുബലി ദിനത്തിൽ എഴുതിയ കവിത സൈബർ ആക്രമണത്തിനു പോലും വിധേയമായി.
ഒരു പ്രണയമഴക്കും/നനയ്ക്കാൻ കഴിയാഞ്ഞിട്ടും/ നിനക്കെക്കങ്ങനെ വന്നു/ പ്രണയചിഹ്നത്തിെൻറ രൂപം? എന്ന 'ചേമ്പില' എന്ന കവിതയിൽ പരസ്യ എഴുത്തുകാരനായ കവിയെ കാണാം. ഡോക്ടർമാർ മിക്കവരും/കണ്ണ് ഡോക്ടർമാരാണ്/ കാശിലല്ലേ കണ്ണ് എന്നാണ് 'കണ്ണ് 'എന്ന പദാവലി കവിതയെന്ന് പറയാവുന്ന രചന. കോമഡി കവിതകൾ (സ്റ്റെപ്പിനി), കടങ്കഥ കവിതകൾ (ഭാര്യ അത്രപോരാ), അഭിപ്രായ കവിതകൾ (ഗൾഫളം, എെൻറ ദൈവം), ഗൃഹാതുര കവിതകൾ (സെൽഫി, ഇടം), ആക്ഷേപ കവിതകൾ (പോസ്റ്റർ, ഗതി കിട്ടാത്ത ആത്മാക്കൾ, നനവ്, അന്യം നിന്ന ചില ശബ്ദങ്ങൾ), ട്രോൾ കവിതകൾ (നുണ പരിശോധന, നാക്ക്, പക്ഷേ, പണി, പെട്ടു), ആഘോഷക്കവിതകൾ (ദീപാവലിപ്പിറ്റേന്ന്, സ്പോൺസേഡ്ഓണം), സംഭാഷണ കവിതകൾ (ചീവിടിനോട്, ക്ഷമ ചോദിക്കുന്നു, നിെൻറ പാട്ടിന് ചെവികൊട്ടിയടച്ചതിന്, സോപ്പ്) അങ്ങനെ കവിതയുടെ പരീക്ഷണശാലയായി സൈബറിടം മാറുന്നു. എന്നാൽ, അപ്രതീക്ഷിതമായി വായനക്കാരെ വൈദ്യുതഘർഷണത്തിലകപ്പെടുത്തുന്ന ചില കവിതകളാണ് ഇൗ പുസ്തകത്തെ സാധൂകരിക്കുന്നത്. മരിച്ചുകിടക്കുേമ്പാഴും/ അമ്മയുടെ കൈയിൽ ഫോണുണ്ടായിരുന്നു/വിവരം അറിഞ്ഞ് മക്കളെങ്കിലും വിളിച്ചാലോ എന്നാണ് ഒരു വിളി എന്ന കവിത.
ഒരിക്കലെങ്കിലും/വൃദ്ധസദനത്തിൽ പോകണം/പാദമുറക്കാത്ത അവർ/പിടിവിട്ട് നടക്കുന്നത് കാണണം/അവരുടെ ചെരുപ്പുകളെ നോക്കണം/ ഒരിക്കൽ നമുക്ക് അണിയാനുള്ളവയാണ് എന്നാണ് 'ചെരുപ്പ്' എന്ന കവിത.
കവിതയിൽ നല്ലത്, മോശം എന്ന നിർവചനവാശിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. പി. രാമൻ നിരീക്ഷിച്ചപോലെ മറ്റു സാഹിത്യ രൂപങ്ങളേക്കാൾ കവിത അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഉറൂബിനോ കാരൂരിനോ ഇന്നത്തെ ഒരു കഥാകൃത്തിെൻറ കഥ കണ്ടാൽ മനസ്സിലാവാതെയൊന്നുമിരിക്കില്ല. പക്ഷേ, കുമാരനാശാനോ വള്ളത്തോളിനോ ഇന്നത്തെ ഒരു കവിയുടെ രചന കണ്ടാൽ മനസ്സിലാവില്ലെന്നു മാത്രമല്ല, തിരിച്ചറിയുക പോലുമില്ല. കവിതയുടെ ചലനാത്മകതയുടെ അടയാളം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.