മുൾക്കാടുകൾ താണ്ടിയ  ദലിത് ജീവിതത്തിന്റെ നേർചിത്രം

മുൾക്കാടുകൾ താണ്ടിയ ദലിത് ജീവിതത്തിന്റെ നേർചിത്രം

തുളസീദളം എന്ന തൂലികാനാമത്തിൽ എഴുതുന്ന കവി ചേന്നൻ ടി.സിയുടെ ഓർമക്കുറിപ്പുകളാണ് ‘നിഴലും നിലാവും’. പൊതുവെ കണ്ടുവരുന്ന ഓർമക്കുറിപ്പുകളുടെ ഗണത്തിൽ പെടുത്താവുന്നതല്ല ഇൗ പുസ്തകം. ഇത് ഭൂതകാലക്കുളിർ കൊണ്ടുവരുന്ന ഗൃഹാതുര സ്മൃതികളുടെ സഞ്ചയമല്ല. ഇവിടെ രമ്യഹർമ്യങ്ങളും ഉദ്യാനങ്ങളും മഞ്ഞുമൂടിയ താഴ്വരകളുമില്ല. ഇവിടെയുള്ളത് മരുഭൂമികളും മുൾപ്പടർപ്പുകളുമാണ്. ഇന്നത്തെ തലമുറക്ക് അവിശ്വസനീയമായി തോന്നാവുന്ന ദലിത് ജീവിതത്തിന്റെ ദുരിതപർവങ്ങളാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്.

മഹാത്മാഗാന്ധി ഒരിക്കൽ ബി.ആർ. അംബേദ്കറെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു; ‘താങ്കൾ ഈയിടെയായി എഴുതുന്ന ലേഖനങ്ങൾ നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയെ വൈകിപ്പിക്കാനല്ലേ ഉപകരിക്കൂ?’ അതിന് അംബേദ്കർ നൽകിയ മറുപടി പ്രസിദ്ധമാണ്; ‘എനിക്കു മാതൃരാജ്യമില്ല.’ താനുൾപ്പെട്ട ജാതിക്കാർക്ക് പകൽവെളിച്ചത്തിൽ പുറത്തിറങ്ങാൻ അനുവാദമില്ലാത്ത, തങ്ങളുടെ കാൽപാടുകൾ മണ്ണിൽ പതിഞ്ഞാൽ മഹാപാപമാകുമെന്നു കരുതുന്ന, ഒരു രാജ്യത്തെ എങ്ങനെ മാതൃരാജ്യം എന്നു വിളിക്കുമെന്നാണ് അംബേദ്കറിന്റെ പ്രത്യുത്തരത്തിന്റെ ധ്വനി.

അംബേദ്കറും അയ്യൻകാളിയും ശ്രീനാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനുമൊക്കെ കടന്നുപോയിട്ട് കാലം പലതായി. പുണ്യനദികളിലൂടെയും പാപ നദികളിലൂടെയും വെള്ളം ഒരുപാടൊഴുകിപ്പോയി. അയിത്തവും സതിയുമൊക്കെ പണ്ടേപ്പോലെ ആചരിക്കാൻ തിടുക്കത്തിൽ പിൻനടക്കുകയാണ് നാട്. ദൈവം പ്രവാചകന്മാരെക്കൊണ്ടു മടുക്കുമ്പോൾ അവർക്കു ശിഷ്യന്മാരെ അയച്ചുകൊടുക്കും എന്ന് ബർണാഡ് ഷാ പറഞ്ഞത് സത്യമായി ഭവിച്ചിരിക്കുന്നു.

ഈ അന്ധകാരപ്പരപ്പിൽ ഏതെല്ലാമോ വിദൂര നക്ഷത്രങ്ങൾ ചിന്നുന്ന നാട്ടുവെളിച്ചം കൊണ്ട് കുറെയെല്ലാം സമ്പന്നമാണ് കേരളം എന്നതാണു നമ്മുടെ അഭിമാനം. ആ നാട്ടുവെളിച്ചത്തെ നാം നവോത്ഥാനം എന്നു വിളിക്കുന്നു. ആ നാട്ടിൽ ജനിച്ചു വളർന്ന ഒരു ദലിതന്റെ ഏഴുപതിറ്റാണ്ടു കാലത്തെ അനുഭവത്തിന്റെ നുറുങ്ങുകളാണ് ‘നിഴലും നിലാവും’.

ഗ്രന്ഥകാരന്റെ ചേന്നൻ എന്ന പേരുണ്ടാക്കിയ പുക്കാറ് ചില്ലറയല്ല. സ്കൂൾ രേഖകളിൽ പലപ്പോഴും അധികൃതർ തെറ്റിച്ചെഴുതിയതു നിമിത്തം ഉണ്ടായ കുഴമറിച്ചിലുകൾ അദ്ദേഹം രസകരമായി വിവരിക്കുന്നുണ്ട്. കവി എം.എൻ. പാലൂരുമൊത്ത് ഒരു അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നപ്പോൾ സംഘാടകർ ഇദ്ദേഹത്തിന്റെ പേര് ജയന്തൻ എന്നു ധരിച്ചു. നമ്പൂതിരിയായ പാലൂരിന്റെ മകനായിരിക്കണം ഈ ജയന്തൻ നമ്പൂതിരി എന്നു ചിന്തിച്ചവരും കുറവല്ല. ഗുരുവും മാർഗദർശിയുമായ പാലൂർ തന്നെയാണ് ഇതിനൊരു പരിഹാരം നിർദേശിച്ചത്, പേരിനോടൊപ്പം വീട്ടുപേരായ ‘തുളസീദളം’ എന്നു കൂടി ചേർക്കുക. അങ്ങനെ ടി.സി. ചേന്നൻ, ചേന്ദൻ തുളസീദളമായി. വന്നുവന്ന് തുളസീദളം മാത്രമായി.

കാലക്രമത്തിലുള്ള നൈരന്തര്യം ഈ കുറിപ്പുകളിൽ ദീക്ഷിച്ചിട്ടില്ല. അഥവാ കാലം, ചരിത്രം എന്നതൊക്കെ ഒരുതരം ഉപരിവർഗ മേനി പറച്ചിലുകളാണല്ലോ പലപ്പോഴും! താൻ സ്കൂളിൽ ചേർന്ന കഥ പറയുന്നത് പുസ്തകത്തിന്റെ അവസാന ഭാഗത്താണ്. തന്റെ ജനനത്തീയതി പോലും ഊഹക്കണക്കാണ് എന്നദ്ദേഹം പറയുന്നു.

‘ജന്മദിനം കൃത്യമായി കുറിച്ചിടാനുള്ള അക്ഷരാഭ്യാസം ഇല്ലാതിരുന്നതുകൊണ്ടും പിറന്നാൾ ആഘോഷം ഞങ്ങളുടെ ആൾക്കാർക്കു അക്കാലത്ത് പതിവില്ലാതിരുന്നതുകൊണ്ടും എന്റെ ജനനത്തീയതി മാതാപിതാക്കൾക്ക് ഓർമയില്ലായിരുന്നു.’ അക്കാലത്ത് ഗ്രന്ഥകാരന്റെ തറവാട്ടിൽനിന്ന് ആരെങ്കിലും വിദ്യാലയത്തിൽ ചേരുകയോ അക്ഷരം പഠിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ അദ്ദേഹത്തെ ആരും സ്കൂളിൽ ചേർത്തതുമില്ല.

അങ്ങനെയിരിക്കെ അയൽപക്കത്തെ സമപ്രായക്കാരൻ ഒന്നുരണ്ടാഴ്ചയായി കൂടെ കളിക്കാൻ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അവൻ സ്കൂളിൽ ചേർന്ന കഥ അറിയുന്നത്. അയാളുടെ സ്കൂൾ ഒന്നു കണ്ടുകളയാം എന്നു കരുതി, വീട്ടിൽ ഉപയോഗിക്കുന്ന മുഷിഞ്ഞ ഒരു തോർത്തുമുണ്ടു മാത്രമുടുത്ത് അവിടെയെത്തിയ കഥാനായകനെ ഒരധ്യാപകൻ പിടികൂടി ഒന്നാം ക്ലാസിലിരുത്തി. ടി.സി. ചേന്നൻ എന്ന പുതിയ വിദ്യാർഥി ജനിച്ചത് 1951 ജൂലൈ 15ന് ആണെന്ന് സ്കൂൾ ഹെഡ് മാസ്റ്റർ സ്വയം നിശ്ചയിച്ചു രജിസ്റ്ററിൽ ചേർത്തു; അത്രതന്നെ!

ആഹ്ലാദകരമായ കാര്യങ്ങളൊന്നുമല്ല കുട്ടിക്കാലത്തെ സംബന്ധിച്ച് ഗ്രന്ഥകർത്താവിന് ഓർക്കാനുള്ളത്. ജന്മിയുടെ ഗൃഹത്തിൽ കൂലിപ്പണിക്കുപോകുമ്പോൾ വേലിപ്പുറത്തെ മണ്ണിൽ കുഴിയുണ്ടാക്കി അതിൽ​െവച്ച ഇലയിൽ കോരിയൊഴിക്കുന്ന കഞ്ഞി പ്ലാവില കോട്ടി കോരിക്കുടിച്ച കാലം ഇദ്ദേഹം ഓർക്കുന്നുണ്ട്. മണ്ണുകൊണ്ടു ചുമരും, മുളയും വൈക്കോലും കൊണ്ട് മേൽക്കൂരയുമുള്ള വീട്. വീട്ടിൽ ഇരിക്കാനോ ​െവച്ചെഴുതാനോ ഉപകരണങ്ങൾ ഒന്നുമില്ലാത്ത അക്കാലത്ത് തറയിൽ കമിഴ്ന്നു കിടന്നാണ് ഗൃഹപാഠങ്ങൾ ചെയ്തിരുന്നതും റെ​േക്കാഡുകൾ വരച്ചിരുന്നതും.

ആദ്യ ശമ്പളം കിട്ടിയപ്പോൾ ഗ്രന്ഥകാരൻ ആദ്യം ചെയ്തത് ഒരു മേശയും രണ്ടും സ്റ്റൂളും വാങ്ങുകയായിരുന്നു! പോയ കാലത്തിന്റെ എന്തെല്ലാം ചിത്രങ്ങളാണിതിൽ! വഴിവിളക്കുകളോ ടോർച്ചോ ഇല്ലാതിരുന്ന കാലത്ത് രാത്രിയിൽ മുളംകുറ്റികളിൽ മണ്ണെണ്ണയൊഴിച്ചുകത്തിക്കുന്ന സുറുവൻ കുറ്റികളുമായി സംഘം ചേർന്നുസഞ്ചരിക്കുന്ന ഗ്രാമീണർ. അടുത്തു വീടുള്ളയാളുടെ കുറ്റിയാണ് ആദ്യം കത്തിക്കുക. അതുകഴിയുമ്പോൾ അടുത്തയാൾ. ഇല്ലായ്മയെയും വല്ലായ്മയെയും പരസ്പര സഹകരണംകൊണ്ടു നേരിട്ടു അന്നത്തെ ജനത!

തിരസ്കാരത്തിന്റെയും അവഗണനയുടെയും ഒട്ടേറെ അനുഭവങ്ങളുണ്ടിതിൽ. പക്ഷേ തന്റെ ദുരനുഭവത്തിനു കാരണക്കാരായവരെ കാലുഷ്യമേതുമില്ലാത്ത ഭാഷയിലാണ് അദ്ദേഹം പരാമർശിക്കുന്നത്. 1973ൽ ലേഖകൻ ടെലികോം വകുപ്പിൽ ഒരു ട്രെയിനിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, അതറിയിക്കുന്ന രജിസ്റ്റേർഡ് കത്ത് പോസ്റ്റ്മാൻ മനഃപൂർവം ​െവച്ചുതാമസിപ്പിച്ച് അവസാന നിമിഷമാണ് കൊടുക്കുന്നത്.

യാത്രക്കാവശ്യമായ വസ്ത്രങ്ങൾ തുന്നാനേൽപിച്ച തുന്നൽക്കാരനാവട്ടെ വെറുതെ ഉഴപ്പി യാത്ര പുറപ്പെടുന്നതിന്റെ തലേന്ന് രാത്രിയിലാണ് ജോലി തീർത്തുകൊടുത്തത്. അതും വാങ്ങി പുഴക്കരയിലെത്തിയപ്പോൾ തോണിക്കടവു പൂട്ടിയിരിക്കുന്നു. നീന്തി മറുകരപറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒടുവിൽ അൽപമകലെ വഴിവക്കത്തുള്ള പാവപ്പെട്ട ഒരു ക്രിസ്ത്യൻ കുടുംബത്തിൽ രാത്രി കഴിച്ചുകൂട്ടി അദ്ദേഹം. അവിടത്തെ പത്താം ക്ലാസുകാരന് ഗ്രന്ഥകാരൻ ട്യൂഷനെടുത്തിരുന്നതു കൊണ്ടാണ് അത്തരം സഹായം ലഭിച്ചത്.

ഏതാനും വർഷം ലക്ഷദ്വീപിലും കൊച്ചിയിലും ഇദ്ദേഹത്തിനു ജോലി ചെയ്തു. ലക്ഷദ്വീപിലെ അനുഭവങ്ങൾ വിവരിക്കുന്നിടത്താണ് ഈ കൃതിയിലേക്ക് നർമത്തിന്റെയും സന്തോഷത്തിന്റെയും നിലാവു കടന്നുവരുന്നത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനടക്കം ഒട്ടനേകം സുഹൃത്തുക്കളെ സമ്പാദിക്കാൻ ലക്ഷദ്വീപുകാലത്ത് അദ്ദേഹത്തിനു കഴിഞ്ഞു.

ഒരു കുടുംബത്തെ നിത്യദാരിദ്ര്യത്തിൽനിന്ന് കരകയറ്റേണ്ട ഉത്തരവാദിത്തം തലയിലേറ്റിയിരിക്കുകയാൽ ആദ്യ പ്രണയം നിരസിക്കേണ്ടിവന്ന അനുഭവവും ഇതിൽ വായിക്കാം. സാമ്പ്രദായിക രീതിയിൽ കവിതയെഴുതി ശീലിച്ചതിന്റെ കൃതഹസ്തത ഇതിലെ ഭാഷയെ അത്യന്തം പാരായണക്ഷമവും കാവ്യാത്മകവുമാക്കുന്നു. ഒരിക്കൽകൂടി പറയട്ടെ, ഇത് വ്യത്യസ്ത ജനുസ്സിൽപെട്ട ഒരു ഓർമക്കുറിപ്പാണ്. തീർച്ചയായും വായിക്കപ്പെടേണ്ടത്.

Tags:    
News Summary - Book review Nizhalum Nilavum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.