കുറച്ചുവർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. ഞാനും എന്റെ അയൽവാസി സുഹൃത്തും ഒരു ഫ്ലാറ്റിൽ ഒരു റൂമിലാണ് താമസം. ഞങ്ങൾ വളരെ സന്തോഷത്തോട് കൂടിയാണ് ഓരോ ദിനവും കഴിഞ്ഞത്. സുഹൃത്താവട്ടെ ഭക്ഷണം അത്യാവശ്യം വളരെ ആസ്വദിച്ച് കഴിക്കുന്ന കൂട്ടത്തിലായിരുന്നു. ഞാനാണെങ്കിൽ ചെറിയ രൂപത്തിൽ നല്ല ടേസ്റ്റോടുകൂടി ഭക്ഷണം പാചകം ചെയ്യുകയും ചെയ്യും. അങ്ങനെ സന്തോഷകരമായി മുന്നോട്ടു പോയി.
പിന്നെ പ്രവാസികളായ ഓരോരുത്തരും അവരവരുടെ വസ്ത്രങ്ങൾ അലക്കാറ് മിക്കവാറും വ്യാഴാഴ്ച് ദിനങ്ങളിലായിരിക്കും. വെള്ളിയാഴ്ച് ഒഴിവുദിനമായതിനായാൽ വ്യാഴാഴ്ച് രാത്രിയായിരിക്കും റൂം ക്ലീനിങ്ങും അലക്കലും മറ്റും ചെയ്യാറ്. ഒരു വ്യാഴാഴ്ച് ദിവസം ഞാൻ ഉംറ നിർവഹിക്കുവാനായി മക്കത്ത് പോവാനുള്ള തയാറെടുപ്പിലാണ്. സുഹൃത്താവട്ടെ വസ്ത്രങ്ങൾ അലക്കുന്ന തിരക്കിലും. ഞാൻ പോവാൻ റെഡിയായി സുഹൃത്തിനോട് പറഞ്ഞു: ‘നീ വാതിൽ ഉള്ളിലോട്ട് ലോക്ക് ചെയ്യണ്ട. ഞാനൊരു പക്ഷെ സുബ്ഹി നമസ്കാരത്തിനുശേഷം മടങ്ങിവരും, ജുമഅക്ക് നമുക്ക് ഇവിടെ കൂടാം. അല്ലെങ്കിൽ ജുമുഅ കൂടി നിർവഹിച്ചതിനുശേഷമേ വരുകയുള്ളൂ’
ഞാൻ റൂമിൽനിന്ന് ഇറങ്ങുമ്പോൾ സുഹൃത്ത് അലക്കിയ വസ്ത്രങ്ങൾ ഉണക്കാൻവേണ്ടി ജനൽ തുറന്ന് അവിടേക്ക് നീങ്ങുകയായിരുന്നു. പിന്നെ സംഭവിച്ചതൊന്നും ഞാനറിയില്ല. ജനാല എന്ന് പറയുമ്പോൾ ശ്രദ്ധിക്കണം. നാട്ടിലെ ജനാലയല്ല. അലൂമിനിയം ഫ്രെയിമോടുകൂടി ഗ്ലാസിട്ട ജനാലയാണ്.
അത് തുറക്കുന്നതും അടക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും നീക്കിയാണ്. അതിന് റൂമിന്റെ ഉള്ളിൽ നിന്നേ ലോക്കൊള്ളൂ. പുറത്തുനിന്ന് ഇല്ലതാനും. ഒരു ഡോർ തുറന്ന് വീണ്ടും അത് നീക്കിയാൽ നേരെ പോയി അത് ലോക്കാവും. അതാണ് സിസ്റ്റം. പക്ഷെ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് പൈതൃക ഇനത്തിൽപ്പെട്ട സ്ഥലമായതുകൊണ്ട് അവിടെയുള്ള ഭൂരിഭാഗം ഫ്ലാറ്റിന്റന്റെ ജനാലകളും ബ്രൗൺ കളറിലുള്ള തടിയാൽ ചെറു ചെറു ദ്വാരമുൾക്കൊണ്ട ഒരു ബോക്സിനാൽ മൂടപ്പെട്ടിട്ടുണ്ട്.
അതുകാരണം ജനാല വഴി ഏണി വെച്ചൊ അല്ലാതെയോ പുറത്തിറങ്ങുവാനോ കേറുവാനോ സാധിക്കില്ല. ആ ബോക്സ് ജനലുകൾക്ക് ചുറ്റും ചുമരിൽ ആണിയടിച്ച് ഉറപ്പിച്ചിരിക്കുകയാണ്. താഴെനിന്ന് നോക്കിയാൽ പോലും ആർക്കും കാണാൻ സാധിക്കില്ല. ഒരു പക്ഷെ ശബ്ദങ്ങളിലൂടെ അറിയാൻ സാധിക്കും അത്രേയൊള്ളൂ...
ആ ബോക്സിനുള്ളിലാണ് ചെറിയ രൂപത്തിൽ വസ്ത്രങ്ങൾ ഉണക്കാനുള്ള സംവിധാനമെന്നോണം ഒരു കയർ കെട്ടിയിട്ടുള്ളത്. ജനാലയുടെ ഒരു ഡോർ തുറന്ന് ജനൽ തിണ്ണയിൽ ഇരുന്നാണ് വസ്ത്രങൾ ഇടാറ്.
ഞാൻ എന്തായാലും അന്ന് മക്കയിൽ ജുമുഅക്ക് നിൽക്കാതെ സുബ്ഹി നമസ്കാരം കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ചു. റൂമിൽ എത്തിയപ്പോൾ ഏകദേശം 11 മണി. ചാവി ഉപയോഗിച്ച് റൂം തുറന്നു. റൂമിൽ മൊത്തം ലൈറ്റ് ഓണായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആരോ എന്നെ വിളിക്കുന്നു! അത് എന്റെ സുഹൃത്തിന്റെ ശബ്ദമാണല്ലൊ? ഞാൻ ചുറ്റുഭാഗം നോക്കി, അദ്ദേഹം റൂമിൽ ഇല്ല. പിന്നെ എവിടെന്നാണ് ശബ്ദം? ഞാൻ പരതി നോക്കി...
ജനലിന്റെ ഭാഗത്തുനിന്നും ഒരു ശബ്ദം. ‘വേഗം വന്ന് ഈ ജനാല തുറക്കൂ!’
ഞാൻ തലയിൽ കൈവച്ചുകൊണ്ട് റബ്ബിനെ വിളിച്ച് ജനൽപ്പാളി നീക്കി! അപ്പൊ കണ്ട കാഴ്ച് വളരെ ദയനീയമായിരുന്നു. അർദ്ധനഗ്നതയിൽ ഒരു തോർത്തുമുണ്ട് മാത്രം ധരിച്ച സുഹൃത്ത് ആകെ ക്ഷീണിതനായിരുന്നു. ശരീരമാസകലം വിളറിയ പോലെയായിരുന്നു. ഏകദേശം 12 മണിക്കൂറാണ് (തലേ ദിവസം രാത്രി 11.30 മുതൽ പിറ്റേദിവസം രാവിലെ 11 മണിവരെ) ആ ജനൽ തിണ്ണയിൽ ഒരുഭാഗം ചെരിഞ്ഞിരുന്നുകൊണ്ട് കഴിച്ചു കൂട്ടിയത്! ജനൽ തുറക്കാൻ യാതൊരു വഴിയും സുഹൃത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നില്ല, ഒരു കൂട്ടിലകപ്പെട്ടപോലെ...!
പക്ഷെ..!
ഇദ്ദേഹത്തിന്റെ കൈയിൽ ആകെ ഉണ്ടായിരുന്നത് വിരലിൽ ധരിച്ച ഒരു വെള്ളി മോതിരം മാത്രമായിരുന്നു. അതുകൊണ്ട് ജനലിൽ അടിച്ച് കൊണ്ടേയിരുന്നു മണിക്കൂറുകളോളം. എങ്ങനെയെങ്കിലും ഗ്ലാസ് പൊട്ടിയാൽ ഡോറൊന്ന് തുറന്ന് പുറത്ത് കടക്കാമല്ലൊ! പക്ഷെ ഫലം വിഫലമായിരുന്നു. ഗ്ലാസ്സ് പൊട്ടിയതുമില്ല മോതിരം തേഞ്ഞ് തേഞ്ഞ് ഒരു ചാക്കുനൂൽ പോലെയായിരിക്കുന്നു.
സുഹൃത്ത് ജനൽ തിണ്ണയിൽ ഇരുന്നുകൊണ്ട് തുണി ഉണക്കാൻ ഇടുന്നതിനിടയിൽ അബദ്ധത്താൽ അറിയാതെ തുറന്നുവെച്ച ഒരു ഡോർ ഒന്ന് നീക്കി. അത് നേരെപോയി ലോക്കായി. സുഹൃത്ത് അതിനുള്ളിൽപ്പെട്ടു, അതാണ് സംഭവിച്ചത്.
സുഹൃത്ത് എന്നോട് പറഞ്ഞു! നീയെങ്ങാനും ജുമഅക്ക് മക്കയിൽ നിന്നിരുന്നെങ്കിൽ, വരാൻ വൈകിയിരുന്നതെങ്കിൽ..? നിന്നെ ഈ സമയത്ത് വരാൻ തോന്നിച്ചത് ദൈവ നിശ്ചയം. അല്ലെങ്കിൽ എന്റെ കുട്ടികളുടെ ഭാഗ്യം. അല്ലാതെ എന്ത് പറയാൻ...!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.