kr meera 9798798

'ആദ്യ ദൗത്യമായി ആശ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു പ്രതീക്ഷിക്കട്ടെ'; എം.എ. ബേബിക്ക് ആശംസയുമായി കെ.ആർ. മീര

തിരുവനന്തപുരം: എം.എ. ബേബി ജനറൽ സെക്രട്ടറിയായി കേരളത്തിലേക്ക് എത്തുമ്പോൾ ആദ്യ ദൗത്യമായി സെക്രട്ടറിയറ്റിന് മുന്നിൽ സമരത്തിലുള്ള ആശ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് എഴുത്തുകാരി കെ.ആർ. മീര. വ്യക്തിപരമായി ജീവിതത്തിന്‍റെ പല വഴിത്തിരിവുകളിലും കുടുംബാംഗത്തെപ്പോലെ ഒപ്പം നിന്നിട്ടുള്ള എം.എ. ബേബിക്ക് സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നുവെന്നും മീര പറഞ്ഞു.

'ഇ.എം.എസിനു ശേഷം കേരളത്തിൽനിന്നു സി.പി.എമ്മിന് ഒരു ജനറൽ സെക്രട്ടറി ഉണ്ടാകുന്നു - സഖാവ് എം.എ. ബേബി. വ്യക്തിപരമായി ജീവിതത്തിന്റെ പല വഴിത്തിരിവുകളിലും കുടുംബാംഗത്തെപ്പോലെ ഒപ്പം നിന്നിട്ടുള്ള സഖാവ് എം.എ. ബേബിക്കു സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും' -ഫേസ്ബുക് പോസ്റ്റിൽ കെ.ആർ. മീര പറഞ്ഞു.

'ഫെഡറലിസവും മതനിരപേക്ഷതയും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് ജനറൽ സെക്രട്ടറിയെന്നനിലയിൽ അദ്ദേഹത്തിനു മുന്നിലുള്ള വെല്ലുവിളികൾ നിസ്സാരമല്ല.

ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന തൊഴിലാളിസംഘടനകളെയും ഒന്നിച്ചു നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം സഖാവ് എം.എ. ബേബിയിൽനിന്ന് ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

അതുകൊണ്ട്, ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റു തിരികെ കേരളത്തിൽ എത്തുമ്പോൾ, ആദ്യ ദൌത്യമായി, തിരുവനന്തപുരത്ത് അദ്ദേഹം താമസിക്കുന്ന എ.കെ.ജി. സെന്ററിനു സമീപം, സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

ആശ കേന്ദ്രാവിഷ്കൃത സ്കീം ആയതിനാൽ, സമരക്കാരുടെ കാതലായ ആവശ്യങ്ങൾ നടപ്പാക്കേണ്ടതു യൂണിയൻ ഗവൺമെന്റ് ആണെങ്കിലും അതു സാധിച്ചെടുക്കാൻ സമരപ്പന്തലിൽ എത്തിയ ബി.ജെ.പി നേതാക്കൾക്കും കേന്ദ്ര മന്ത്രിമാർക്കുംപോലും കഴിയാത്ത സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനു സി.പി.എമ്മിന്റെയും പാർട്ടി ജനറൽ സെക്രട്ടറിയുടെയും ഇടപെടലും നടപടികളും അനിവാര്യമാണ്. പുതിയ ജനറൽ സെക്രട്ടറി പാർട്ടിക്കും കേരളത്തിനും രാജ്യത്തിനും നൽകുന്ന ശക്തവും ശുഭോദർക്കമായ സന്ദേശവുമായിരിക്കും അത്' -കെ.ആർ. മീര പറഞ്ഞു.

Tags:    
News Summary - KR Meera facebook post congratulating MA Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-04-25 05:13 GMT