രോഗമെന്ന ശത്രുവിനോടുള്ള പോരാട്ടം

'ഒരു കാൻസർ രോഗിയുടെ ജീവിതത്തെ ആസ്​പദമാക്കി എഴുതിയ നോവൽ' എന്ന മുഖവുരയോടെയാണ്​ ഡോ. എൻ. സുബ്രഹ്​മണ്യൻ എഴുതിയ 'മജ്ജയിലൊരു ശുദ്ധികലശം' എന്ന പുസ്​തകം വായനക്കാരുടെ കൈകളിലെത്തുന്നത്​. ​െപാതുവിലുള്ള നോവൽ സങ്കൽപങ്ങളിലെപോലെ ഏതാനും കഥാപാത്രങ്ങളുടെ ജീവിതം വരച്ചിടുന്നതിനു​പകരം ഗുരുതരമായ അർബുദം ബാധിച്ച ഒരു ഡോക്​ടറുടെ രോഗത്തോടുള്ള പോരാട്ടവും വിജയവുമാണ്​ ഭാഷയുടെയും ആഖ്യാനത്തി​െൻറയും ശക്​തി ചോരാതെ ഇൗ പുസ്​തകത്തിൽ ആവിഷ്​കരിച്ചിരിക്കുന്നത്​. മജ്ജയെ ബാധിക്കുന്ന രക്താർബുദങ്ങളിൽ ഒന്നായ 'മൾട്ടിപ്പിൾ മയലോമ' എന്ന രോഗത്തോടുള്ള പോരാട്ടത്തി​െൻറ കഥയാണ്​ നോവലി​െൻറ വിഷയം.

കാൻസറിൽനിന്നുള്ള അതിജീവനം വിഷയമാക്കി വിവിധ ഭാഷകളിൽ ഇതിനകം നിരവധി പുസ്​തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്​. മലയാളത്തിൽ തന്നെ ഈ അടുത്തകാലത്ത്​ നടനും മുൻ എം.പിയുമായ ഇന്നസെൻറ്​ എഴുതിയ 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്​തകം നിരവധി പതിപ്പുകളിൽ എത്തിനിൽക്കുകയും അഞ്ചാം തരത്തിലെ മലയാളം പാഠപുസ്​തകത്തി​െൻറ ഭാഗമാകുകയും ചെയ്​തിട്ടുണ്ട്​. അതുപോലെ ഈ ഗണത്തിൽപ്പെട്ട മറ്റൊരു പ്രശസ്​തമായ പുസ്​തകമാണ്​ ഇന്തോ-കനേഡിയൻ മോഡലും, ബോളിവുഡ്​ നടിയുമായ ലിസ റേ എഴുതിയ '​ക്ലോസ്​ ടു ദ ബോൺ' എന്ന ആത്മകഥ. ഈ പുസ്​തകവും 'മൾട്ടിപ്പിൾ മയലോമ'യോടുള്ള ചെറുത്തുനിൽപ്പി​െൻറ കഥയാണ്​. ഇത്തരം പുസ്​തകങ്ങൾ എല്ലാം വായനക്കാരന്​ നൽകിയ വായനാനുഭവത്തിൽനിന്ന്​ തികച്ചും വ്യത്യസ്​തമായ ഒരു ലോകമാണ്​ 'മജ്ജയിലൊരു ശുദ്ധികലശം' എന്ന പുസ്​തകം മുന്നോട്ടുവെക്കുന്നത്​.

ഒരു ഡോക്​ടർ രോഗിയാവുന്ന അവസ്​ഥയാണ്​ നോവലി​െൻറ ഇതിവൃത്തം. മനോരോഗ വിദഗ്​ധൻ കൂടിയായ നായകൻ രോഗിയായി തീരു​േമ്പാൾ സംഭവിക്കുന്ന തിരിച്ചറിവുകളും അതിലൂടെ അ​യാൾ രൂപപ്പെടുത്തിയെടുക്കുന്ന മാനസികാവസ്​ഥകളിലൂടെയുമാണ്​ നോവലിസ്​റ്റ്​ വായനക്കാരനെ കൊണ്ടുപോകുന്നത്​.

ഇൗ നോവലിലെ നായകൻ കാൻസറിനെ അതിജീവിച്ച വ്യക്​തി എന്നതിൽ കവിഞ്ഞ്​​ ഒരു വിപത്തിനോട്​ ​െപാരുതി ജയിച്ച യോദ്ധാവാണ്. അതിശയോക്​തിയില്ലാതെ യഥാർഥ ജീവിതത്തി​െൻറ താളങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഈ പുസ്​തകം ഒരേസമയം വിരസതയില്ലാതെ വായിച്ചുപോകാവുന്ന നോവലും ക​ൂടെ അതിജീവനത്തിന്​ മാനസിക ഊർജം നൽകുന്ന പ്രചോദനാത്മക പുസ്​തകവുമാണ്​. ​ വൈദ്യശാസ്​തം ഇത്രയേറെ മുന്നോട്ടുപോയിട്ടും കാൻസർ എന്ന രോഗത്തോട്​ സമൂഹം വെച്ചുപുലർത്തുന്ന തെറ്റിദ്ധാരണകളെയും 'കാൻസർ = മരണം' എന്ന സങ്കൽപത്തെയും മാറ്റിമറിക്കാനുള്ള ശ്രമംകൂടി നോവലിസ്​റ്റ്​ ഇതിലൂടെ നടത്തുന്നുണ്ട്​. രോഗം, ചികിത്സ, സമൂഹം, കുടുംബം എന്നിവയുടെ മനോഭാവം, രോഗയിയുടെ മാനസികാവസ്​ഥ തുടങ്ങിയവ വിശദമായി വരച്ചിടുന്ന ഇതിലെ ജീവിതം പലപ്പോഴായി സമൂഹത്തിൽ കണ്ടുമുട്ടുന്നവരു​ടെ അനുഭവം കൂടിയാണ്​.

കഠിന വേദനയനുഭവിച്ച്​ അവസാനംവരെ പൊരുതി മരണമെന്ന അനിവാര്യതക്കു​ മുന്നിൽ കീഴടങ്ങിയവർക്കും വേദന സഹിച്ച്​ കീഴടങ്ങാതെ മുന്നേറുന്നവർക്കും രാപ്പകൽ ജോലിചെയ്യുന്ന ചികിത്സകർക്കും ഇവരുടെയെല്ലാം ജിവിതപങ്കാളികളടക്കമുള്ള പ്രിയപ്പെട്ടവർക്കും വേണ്ടിയാണ്​ ഈ പുസ്​തകമെഴുതിയതെന്ന്​ ​ഗ്രന്ഥകർത്താവ്​​ മുഖവുരയിൽ വ്യക്​തമാക്കുന്നുണ്ട്​. ​

വൈദ്യശാസ്​ത്രരംഗത്ത്​ മാത്രം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെക്കുറിച്ച അടിക്കുറിപ്പുകളും പുസ്​തകത്തി​െൻറ പ്രത്യേകതയാണ്​. അവ വായനയെ ബാധിക്കുന്നില്ലെങ്കിലും ഇവയെ കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക്​ ഉപയോഗപ്രദവുമാണ്​. രോഗം, ചികിത്സ, ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്​ എന്നീ അവസ്​ഥകളെ വ്യക്​തമായും സരളമായും ആവിഷ്​കരിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളിൽ രോഗം സൃഷ്​ടിക്കുന്ന ഭീതിയും ഉത്​കണ്​ഠയും നിസ്സഹായതയുമെല്ലാം വളരെ സ്വാഭാവികമായാണ്​ നോവലിസ്​റ്റ്​ വരച്ചിടുന്നത്​.

ഡോ. കാർത്തികേയൻ എന്ന മനോരോഗ വിദഗ്​ധന്​ ജീവിതത്തി​െൻറ പകുതി പിന്നിട്ടശേഷമാണ്​ 'മൾട്ടിപ്പ്​ൾ മയലോമ' എന്ന അർബുദം പിടിപെടുന്നത്​. ഭാര്യയും മൂന്ന്​ മക്കളുമടങ്ങുന്ന കുടുംബത്തി​െൻറയും ഡോക്​ടർ എന്നനിലക്കുള്ള ചികിത്സ ഉത്തരവാദിത്തങ്ങളുടെയും താളം ഇതോടെ നഷ്​ടമാവുന്നു. രോഗചികിത്സക്കായി ജോലിയിൽനിന്നും വീട്ടിലെ സ്വകാര്യ പ്രാക്ടിസിൽനിന്നും വിട്ടുനിൽക്കുന്നതോടെ വർഷങ്ങളായി തന്നെ സമീപിച്ച്​ ആശ്വാസം നേടുന്ന മാനസികപ്രശ്​നമുള്ള രോഗികളെക്കുറിച്ച ആശങ്ക ഒ​ട്ടൊന്നുമല്ല നായകൻ അനുഭവിക്കുന്നത്. ഇതിനിടെ വലിയ സഹായങ്ങൾ പ്രതീക്ഷിക്കേണ്ടിവരാത്ത സൗഹൃദങ്ങൾ രോഗാവസ്​ഥയിൽ കാണിക്കുന്ന സഹായങ്ങളും ഉത്തരവാദിത്തങ്ങളോടൊപ്പം അടുത്ത ബന്ധുക്കളിൽനിന്ന്​ നേരിടുന്ന കയ്​പ്പേറിയ അനുഭവങ്ങളും സമൂഹത്തി​െൻറ നേർക്കാഴ്​ചയാവുന്നുണ്ട്​.

ചികിത്സകൻ എന്ന റോളിൽനിന്ന്​ രോഗി എന്ന അവസ്​ഥയിലേക്കുള്ള മാറ്റം ശാരീരികം മാത്രമല്ല മാനസികം കൂടിയാണെന്ന്​ നോവൽ ​േബാധ്യപ്പെടുത്തുന്നുണ്ട്​. വൈദ്യശാസ്​ത്രപരമായ അറിവുകൾ കഥയിലെ നായകന്​ പലപ്പോഴും ആശ്വാസത്തിനു പകരം ആശങ്കയാണ്​ സമ്മാനിക്കുന്നത്​. ഇത്തരം അറിവിൽ നിന്ന്​ മോചനം ലഭിക്കാതെ ഡോ. കാർത്തികേയൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ്​ ഒരു കണക്കിൽ പുസ്​തകത്തി​െൻറ അധികം താളുകളിലുമുള്ളത്​. ചുരുക്കത്തിൽ, ജീവിതത്തെ അഭിമുഖീകരിച്ച ഒരു വ്യക്തിയുടെ മനോഹരമായ വ്യാഖ്യാനം എന്ന്​ ഈ കൃതിയെ വിശേഷിപ്പിക്കാം. 

Tags:    
News Summary - The fight against the enemy of disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.