രോഗമെന്ന ശത്രുവിനോടുള്ള പോരാട്ടം
text_fields'ഒരു കാൻസർ രോഗിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവൽ' എന്ന മുഖവുരയോടെയാണ് ഡോ. എൻ. സുബ്രഹ്മണ്യൻ എഴുതിയ 'മജ്ജയിലൊരു ശുദ്ധികലശം' എന്ന പുസ്തകം വായനക്കാരുടെ കൈകളിലെത്തുന്നത്. െപാതുവിലുള്ള നോവൽ സങ്കൽപങ്ങളിലെപോലെ ഏതാനും കഥാപാത്രങ്ങളുടെ ജീവിതം വരച്ചിടുന്നതിനുപകരം ഗുരുതരമായ അർബുദം ബാധിച്ച ഒരു ഡോക്ടറുടെ രോഗത്തോടുള്ള പോരാട്ടവും വിജയവുമാണ് ഭാഷയുടെയും ആഖ്യാനത്തിെൻറയും ശക്തി ചോരാതെ ഇൗ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. മജ്ജയെ ബാധിക്കുന്ന രക്താർബുദങ്ങളിൽ ഒന്നായ 'മൾട്ടിപ്പിൾ മയലോമ' എന്ന രോഗത്തോടുള്ള പോരാട്ടത്തിെൻറ കഥയാണ് നോവലിെൻറ വിഷയം.
കാൻസറിൽനിന്നുള്ള അതിജീവനം വിഷയമാക്കി വിവിധ ഭാഷകളിൽ ഇതിനകം നിരവധി പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിൽ തന്നെ ഈ അടുത്തകാലത്ത് നടനും മുൻ എം.പിയുമായ ഇന്നസെൻറ് എഴുതിയ 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകം നിരവധി പതിപ്പുകളിൽ എത്തിനിൽക്കുകയും അഞ്ചാം തരത്തിലെ മലയാളം പാഠപുസ്തകത്തിെൻറ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഈ ഗണത്തിൽപ്പെട്ട മറ്റൊരു പ്രശസ്തമായ പുസ്തകമാണ് ഇന്തോ-കനേഡിയൻ മോഡലും, ബോളിവുഡ് നടിയുമായ ലിസ റേ എഴുതിയ 'ക്ലോസ് ടു ദ ബോൺ' എന്ന ആത്മകഥ. ഈ പുസ്തകവും 'മൾട്ടിപ്പിൾ മയലോമ'യോടുള്ള ചെറുത്തുനിൽപ്പിെൻറ കഥയാണ്. ഇത്തരം പുസ്തകങ്ങൾ എല്ലാം വായനക്കാരന് നൽകിയ വായനാനുഭവത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് 'മജ്ജയിലൊരു ശുദ്ധികലശം' എന്ന പുസ്തകം മുന്നോട്ടുവെക്കുന്നത്.
ഒരു ഡോക്ടർ രോഗിയാവുന്ന അവസ്ഥയാണ് നോവലിെൻറ ഇതിവൃത്തം. മനോരോഗ വിദഗ്ധൻ കൂടിയായ നായകൻ രോഗിയായി തീരുേമ്പാൾ സംഭവിക്കുന്ന തിരിച്ചറിവുകളും അതിലൂടെ അയാൾ രൂപപ്പെടുത്തിയെടുക്കുന്ന മാനസികാവസ്ഥകളിലൂടെയുമാണ് നോവലിസ്റ്റ് വായനക്കാരനെ കൊണ്ടുപോകുന്നത്.
ഇൗ നോവലിലെ നായകൻ കാൻസറിനെ അതിജീവിച്ച വ്യക്തി എന്നതിൽ കവിഞ്ഞ് ഒരു വിപത്തിനോട് െപാരുതി ജയിച്ച യോദ്ധാവാണ്. അതിശയോക്തിയില്ലാതെ യഥാർഥ ജീവിതത്തിെൻറ താളങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഈ പുസ്തകം ഒരേസമയം വിരസതയില്ലാതെ വായിച്ചുപോകാവുന്ന നോവലും കൂടെ അതിജീവനത്തിന് മാനസിക ഊർജം നൽകുന്ന പ്രചോദനാത്മക പുസ്തകവുമാണ്. വൈദ്യശാസ്തം ഇത്രയേറെ മുന്നോട്ടുപോയിട്ടും കാൻസർ എന്ന രോഗത്തോട് സമൂഹം വെച്ചുപുലർത്തുന്ന തെറ്റിദ്ധാരണകളെയും 'കാൻസർ = മരണം' എന്ന സങ്കൽപത്തെയും മാറ്റിമറിക്കാനുള്ള ശ്രമംകൂടി നോവലിസ്റ്റ് ഇതിലൂടെ നടത്തുന്നുണ്ട്. രോഗം, ചികിത്സ, സമൂഹം, കുടുംബം എന്നിവയുടെ മനോഭാവം, രോഗയിയുടെ മാനസികാവസ്ഥ തുടങ്ങിയവ വിശദമായി വരച്ചിടുന്ന ഇതിലെ ജീവിതം പലപ്പോഴായി സമൂഹത്തിൽ കണ്ടുമുട്ടുന്നവരുടെ അനുഭവം കൂടിയാണ്.
കഠിന വേദനയനുഭവിച്ച് അവസാനംവരെ പൊരുതി മരണമെന്ന അനിവാര്യതക്കു മുന്നിൽ കീഴടങ്ങിയവർക്കും വേദന സഹിച്ച് കീഴടങ്ങാതെ മുന്നേറുന്നവർക്കും രാപ്പകൽ ജോലിചെയ്യുന്ന ചികിത്സകർക്കും ഇവരുടെയെല്ലാം ജിവിതപങ്കാളികളടക്കമുള്ള പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ പുസ്തകമെഴുതിയതെന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ വ്യക്തമാക്കുന്നുണ്ട്.
വൈദ്യശാസ്ത്രരംഗത്ത് മാത്രം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെക്കുറിച്ച അടിക്കുറിപ്പുകളും പുസ്തകത്തിെൻറ പ്രത്യേകതയാണ്. അവ വായനയെ ബാധിക്കുന്നില്ലെങ്കിലും ഇവയെ കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് ഉപയോഗപ്രദവുമാണ്. രോഗം, ചികിത്സ, ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എന്നീ അവസ്ഥകളെ വ്യക്തമായും സരളമായും ആവിഷ്കരിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളിൽ രോഗം സൃഷ്ടിക്കുന്ന ഭീതിയും ഉത്കണ്ഠയും നിസ്സഹായതയുമെല്ലാം വളരെ സ്വാഭാവികമായാണ് നോവലിസ്റ്റ് വരച്ചിടുന്നത്.
ഡോ. കാർത്തികേയൻ എന്ന മനോരോഗ വിദഗ്ധന് ജീവിതത്തിെൻറ പകുതി പിന്നിട്ടശേഷമാണ് 'മൾട്ടിപ്പ്ൾ മയലോമ' എന്ന അർബുദം പിടിപെടുന്നത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിെൻറയും ഡോക്ടർ എന്നനിലക്കുള്ള ചികിത്സ ഉത്തരവാദിത്തങ്ങളുടെയും താളം ഇതോടെ നഷ്ടമാവുന്നു. രോഗചികിത്സക്കായി ജോലിയിൽനിന്നും വീട്ടിലെ സ്വകാര്യ പ്രാക്ടിസിൽനിന്നും വിട്ടുനിൽക്കുന്നതോടെ വർഷങ്ങളായി തന്നെ സമീപിച്ച് ആശ്വാസം നേടുന്ന മാനസികപ്രശ്നമുള്ള രോഗികളെക്കുറിച്ച ആശങ്ക ഒട്ടൊന്നുമല്ല നായകൻ അനുഭവിക്കുന്നത്. ഇതിനിടെ വലിയ സഹായങ്ങൾ പ്രതീക്ഷിക്കേണ്ടിവരാത്ത സൗഹൃദങ്ങൾ രോഗാവസ്ഥയിൽ കാണിക്കുന്ന സഹായങ്ങളും ഉത്തരവാദിത്തങ്ങളോടൊപ്പം അടുത്ത ബന്ധുക്കളിൽനിന്ന് നേരിടുന്ന കയ്പ്പേറിയ അനുഭവങ്ങളും സമൂഹത്തിെൻറ നേർക്കാഴ്ചയാവുന്നുണ്ട്.
ചികിത്സകൻ എന്ന റോളിൽനിന്ന് രോഗി എന്ന അവസ്ഥയിലേക്കുള്ള മാറ്റം ശാരീരികം മാത്രമല്ല മാനസികം കൂടിയാണെന്ന് നോവൽ േബാധ്യപ്പെടുത്തുന്നുണ്ട്. വൈദ്യശാസ്ത്രപരമായ അറിവുകൾ കഥയിലെ നായകന് പലപ്പോഴും ആശ്വാസത്തിനു പകരം ആശങ്കയാണ് സമ്മാനിക്കുന്നത്. ഇത്തരം അറിവിൽ നിന്ന് മോചനം ലഭിക്കാതെ ഡോ. കാർത്തികേയൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് ഒരു കണക്കിൽ പുസ്തകത്തിെൻറ അധികം താളുകളിലുമുള്ളത്. ചുരുക്കത്തിൽ, ജീവിതത്തെ അഭിമുഖീകരിച്ച ഒരു വ്യക്തിയുടെ മനോഹരമായ വ്യാഖ്യാനം എന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.