കടമ്മനിട്ട, പൃഥ്വിരാജ്
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സോറി, ഇറച്ചി നമ്മളെ മനുഷ്യരാക്കി ക്ഷമിക്കണം സർ, ഇറച്ചി കഴിച്ച് രക്ഷപ്പെട്ട കുലമാണ് നമ്മുടേത് എന്ന്, ‘എതിരൻ ചിന്തകൾ’ എന്ന സ്വന്തം പുസ്തകത്തിൽ ചിന്തകനായ എതിരൻ കതിരവൻ. എംപുരാനുമായി ബന്ധമില്ലെങ്കിലും ഇതിന് കടമ്മനിട്ട രാമകൃഷ്ണന്റെ ‘ക്യാ’ എന്ന കവിതയുടെ ആമുഖമാവാൻ കഴിയും. ക്യാ എന്ന കവിതയാവട്ടെ എംപുരാനിലേക്കുള്ള വഴി കൃത്യം വിശദമാക്കുകയും ചെയ്യും. Everything will be remembered/ Everything Recorded’ (Amir Aziz). ഒന്നും ഓർമിക്കപ്പെടാതെ പോവില്ല. ഒന്നും അടയാളപ്പെടുത്തപ്പെടാതെയും. ഭൂമിയിൽ നിങ്ങൾ ചോരയൊഴുക്കുമ്പോൾ, ആകാശത്തിൽ ഞങ്ങൾ നക്ഷത്രങ്ങൾക്ക് കാവലിരിക്കും എന്ന ഈയൊരു പ്രത്യാശതന്നെയാണ് ക്യാ പൂർണമായും, ‘എംപുരാൻ’ പരിമിതികളോടെയും പങ്കുവെക്കുന്നത്.
പത്തിരുപത് ചെറിയ വരികളുള്ള ഒരു കവിതയും മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള പലവിധസംഭവങ്ങൾ ഇളകിമറിയുന്നൊരു സിനിമയും താരതമ്യം ചെയ്യുന്നത് സാധാരണഗതിയിൽ ശരിയല്ല. എന്നാൽ ഇപ്പോൾ നാം ജീവിക്കുന്ന കാലം സാധാരണമായിരിക്കുമ്പോഴും അത്ര സാധാരണമല്ല! ഗുജറാത്ത് വംശഹത്യയുടെ വ്യഥകൾ ഉൾക്കൊണ്ട്, ഏറക്കുറെ അതേ കാലത്ത് പുറത്തിറങ്ങിയ എന്റെ ‘ഇരകളുടെ മാനിഫസ്റ്റോ’യിൽ അന്നെഴുതിയത് ഇങ്ങനെ: ഫാഷിസം ഭാഷയിൽപോലും എരിയുന്ന തിന്മയായും സൗഹൃദങ്ങളെപ്പോലും അസാധ്യമാക്കുന്ന അൽപത്തമായും പതുങ്ങിനിൽക്കുന്ന കലുഷമായ ഒരു കാലത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. പൂക്കളങ്ങളെ മുഴുവനും ഫാഷിസം കൊലക്കളമാക്കും. ഭൂമിയുടെ ആർദ്രതകളിലും ആകാശത്തിന്റെ നീലിമകളിലും അത് ചെഞ്ചോര പുരട്ടും. കാറ്റിന്റെ കാലൊച്ചകൾക്കും കുഞ്ഞുങ്ങളുടെ അരുവിച്ചിരികൾക്കുമിടയിൽ നിന്നുപോലും അത് ത്രിശൂലങ്ങൾ ഉയർത്തും. ഇത്രനാളും ചളിയിൽ നിന്നുമാത്രം പിറന്നിരുന്ന പഴയ താമരകൾ ഇനിമുതൽ ചോരയിൽനിന്നു മാത്രമേ പിറക്കുകയുള്ളൂവെന്ന് സ്വയം ശഠിച്ചു തുടങ്ങും അത്തരമൊരു സാഹചര്യത്തിൽ താരതമ്യത്തിന്റെ പഴയ യുക്തികളും തകിടം മറിയും. ഫാഷിസ്റ്റുകൾ ചരിത്രം മായ്ച്ചുകളയുമ്പോൾ, കൊല്ലപ്പെട്ടിട്ടും മരിക്കാത്ത ജീവിതങ്ങൾക്ക്, ജ്വലിക്കുന്ന ജീവിതങ്ങൾകൊണ്ട്, നമ്മൾ മതനിരപേക്ഷ മനുഷ്യർ, കാവൽ നിൽക്കണം. സ്മരണകളെ സജീവമാക്കുംവിധം, കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിക്കാൻ കരുത്ത് പകരുംവിധം ഒരു വാക്കെങ്കിൽ ഒരു വാക്കും, ഒരു ദൃശ്യമെങ്കിൽ ഒരു ദൃശ്യവും വെറുതെയാവരുത്. സർവവും കരിഞ്ഞുപോവുന്ന വെയിലിൽ വേരില്ലാത്ത ഒരു ചെടിയുടെ ഇലപോലും എത്ര ആശ്വാസമാണ്.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷം ഗുജറാത്ത് വംശഹത്യയുടെ അശാന്തമായ സ്മരണകൾ മായ്ച്ചുകളയാൻ കഴിഞ്ഞു എന്നാശ്വസിച്ചവരെ മുഴുവൻ വീണ്ടും അസ്വസ്ഥപ്പെടുത്തിക്കൊണ്ട്, ഇപ്പോൾ ഞങ്ങൾ കണ്ടത്, വെട്ടിയ എംപുരാനെയാണ്. വംശഹത്യ നടന്ന അതേ വർഷത്തിൽ അവിടം സന്ദർശിച്ചതിന്റെ ഭാഗമായി മലയാളത്തിൽ രണ്ട് കവിതകൾ, എഴുതപ്പെട്ടു. കടമ്മനിട്ടയുടെ ‘ക്യാ’യും അദ്ദേഹത്തിന്റെ തന്നെ അശ്വത്ഥവും. ‘കുറത്തി’യും ‘കാട്ടാളനും’ കഴിഞ്ഞാൽ കടമ്മനിട്ട സാംസ്കാരിക വേദികളിൽ ഏറ്റവുംകൂടുതൽ ഇളകിമറിഞ്ഞ് കരളെരിഞ്ഞ് ചങ്കു പൊട്ടി അവതരിപ്പിച്ചത്, ക്യാ എന്ന കവിതയാണ്. എന്താ എന്ന ഹിന്ദിഭാഷയിലെ ക്യാ ഒരു മലയാള കവിതയുടെ തലക്കെട്ടായി മാറിയപ്പോൾ കൊല്ലെടാ എന്ന അർഥത്തിൽ അതിനു വന്നുചേർന്ന ഭാവമാറ്റം പൊളിച്ചത്, വായനയുടെ പതിവ് കള്ളികൾ മുഴുവനുമാണ്. ‘ക്യാ’ എന്ന കവിതക്ക് മുമ്പ് ഒരു നിരുപദ്രവ ഹിന്ദിവാക്ക് ഇങ്ങനെ രൂപംമാറി വന്നതിന് മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു തെളിവും കണ്ടിട്ടില്ല. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് എംപുരാന് മുമ്പേ സിനിമയും കഥയും കവിതയുമെല്ലാം വന്നിട്ടുണ്ട്. എന്നാൽ, ഭാഷയിലെ എത്ര വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് വിളിച്ചാലും മതിയാവാത്ത, ബാബു ബജ്റംഗിമാർ; ഏതുപേരിട്ടാലും ഒരു പേരുമിട്ടിട്ടില്ലെങ്കിലും, എത്ര പട്ടിലോ ചാണകത്തിലോ പൊതിഞ്ഞാലും, തേറ്റകളും ദംഷ്ട്രകളുമായി, വെറുപ്പ് തുപ്പുന്ന ചോരകുടിയൻ ദുർമൂർത്തികളായി അലറിവിളിക്കുന്ന ഭീകരർ, മലയാളത്തിൽ ആദ്യം വന്നത് സിനിമയിലല്ല, കവിതയിലാണ്. സൗമ്യമായി പതിഞ്ഞ താളത്തിൽ തുടങ്ങി ഒരു സ്ഫോടനത്തോടെ പൊട്ടിത്തെറിച്ച ആ കവിതയിലെ ഭീകരനാണ്, എംപുരാനിലെ ബൽരാജ് ഭായ് എന്ന ബാബു ബജ്റംഗി.
കടമ്മനിട്ടയുടെ ‘ക്യാ’ എന്ന കവിതയിൽ ഒരു ഭീകരന്റെയും അതുപോലെത്തന്നെ ഇരകളുടെയും പേരില്ല. കാവ്യാത്മകം എന്ന് എടുത്തുപറയേണ്ട വല്ലതുമുണ്ടെങ്കിൽ, അതൊന്നും എത്ര ഇളക്കി മറിച്ചാലും ‘ക്യാ’ കവിതയിൽനിന്നും കണ്ടെടുക്കുക പ്രയാസമാണ്. ഒരു വെറും സംഭാഷണം വംശഹത്യാ സന്ദർഭത്തിന്റെ സമസ്ത പൊയ്മുഖങ്ങളും വലിച്ചുകീറുംവിധം മൂർച്ചയുള്ളതായി തീരുന്നതാണ് ‘ക്യാ’യിൽ തെളിയുന്നത്. കടമ്മനെഴുതിയ ആ കവിതക്ക് ഏറക്കുറെ അക്ഷരാർഥത്തിൽതന്നെ സാക്ഷികളാവാൻ അന്ന് അദ്ദേഹത്തോടൊപ്പം ഗുജറാത്ത് സന്ദർശിച്ച ഞങ്ങൾക്ക് കഴിഞ്ഞു. വംശഹത്യാനന്തര പശ്ചാത്തലത്തിൽ, പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ, വേട്ടക്കാർക്കെതിരെ പ്രതിഷേധിക്കാനും ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഗുജറാത്തിലേക്കുള്ള അസ്വസ്ഥയാത്ര നയിച്ചത് അന്നത്തെ പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റ് കൂടിയായ കടമ്മനായിരുന്നു. കടമ്മനെ സംബന്ധിച്ചിടത്തോളം, അക്കാലത്ത് അദ്ദേഹം കവിതയെഴുത്ത് ഏറക്കുറെ നിർത്തിയ മട്ടായിരുന്നു! എന്താ ഇപ്പോ കവിതയൊന്നുമില്ലാത്തത് എന്നു ചോദിക്കുമ്പോൾ അദ്ദേഹമൊന്ന് ചിരിക്കും, അത്രമാത്രം. എന്നാൽ, വംശഹത്യാനന്തര ഗുജറാത്ത് അദ്ദേഹത്തെകൊണ്ടെഴുതിപ്പിച്ച കവിതകളാണ് ‘ക്യാ’യും ‘അശ്വത്ഥ’വും! ഭാവനയുടെ തേൻപുരട്ടാത്ത സത്യത്തിന്റെ തീകൊണ്ട് മാത്രം എഴുതപ്പെട്ട കവിതകൾ!
‘ക്യാ’യിൽ തീവണ്ടിയിൽ വെച്ച് നടന്ന അഭിമുഖസംഭാഷണമാണ് കവിതയായതെങ്കിൽ, ‘അശ്വത്ഥ’ത്തിൽ നേരിൽകണ്ട ഒരു ദുരിത ചാരകാഴ്ചയാണ് കവിതയായത്. അഹ്മദാബാദിലെ വഴിയോരത്തെ ഒരു ആൽമരച്ചുവട്ടിൽ കളിപ്പാട്ടങ്ങൾവിറ്റ് ജീവിതം നയിക്കുകയായിരുന്ന കമ്രആലം എന്ന ബിഹാറികുട്ടിയെയാണ്, അവന് തണലേകിയ അതേ ആൽമരത്തിൽതന്നെ വരിഞ്ഞുകെട്ടി ചുട്ട് കൊന്നത്. ഗുജറാത്ത് വംശഹത്യ തീയും തെറിയും വെറുപ്പും ഒത്തുചേർന്ന് നിർവഹിച്ച ഒരു രുധിരതാണ്ഡവനൃത്തമായിരുന്നു എന്നുതന്നെയാണ് ‘അശ്വത്ഥം’ അടയാളപ്പെടുത്തുന്നത്. ‘എംപുരാനി’ലും അതേതീയാണ് ആളിയത്. ബജ്റംഗിമാർ തുപ്പിയതും അതേ തെറിയാണ്. അവരൊക്കെ അലറി ചിരിച്ചതും അതേ വെറുപ്പിന്റെ കസേരയിൽ ഇരുന്നാണ്.
ഗുജറാത്ത് സന്ദർശനം കഴിഞ്ഞ് ഞങ്ങൾ ഒന്നിച്ച് കടമ്മനൊപ്പം തീവണ്ടിയിൽ തിരിച്ചുവരുമ്പോഴാണ്, അതേ തീവണ്ടിയിൽ കൊച്ചിക്ക് പോകുന്ന ഒരു ഗുജറാത്തിയെ കാണുന്നത്. ‘ക്യാ’ തുടങ്ങുന്നത് ആ കാഴ്ചയിൽനിന്നാണ്: ഗുജറാത്തിൽനിന്നും മടങ്ങുമ്പോൾ/ കൊച്ചിയിൽ തുണിക്കച്ചവടത്തിന്/ പോകുന്ന ഒരു ഗുജറാത്തിയുമായി/ െട്രയിനിൽവെച്ച് ഞാൻ പരിചയപ്പെട്ടു/ താങ്കളുടെ ശുഭനാമം എന്താകുന്നു?/ അയാൾ ചോദിച്ചു/ രാമകൃഷ്ണൻ ഞാൻ പറഞ്ഞു./ റാം കിഷൻ റാം റാം/ എന്നഭിവാദ്യം ചെയ്തുകൊണ്ട് അയാൾ/ എന്നിലേക്ക് ഏറെ അടുത്തിരുന്നു. കവിതയുടെ ആദ്യഭാഗമാണിത്. ഇതിലെ രാമകൃഷ്ണൻ എന്ന പേരു കേൾക്കുമ്പോഴുള്ള അമിതപ്രിയത്തിൽതന്നെയാണ്, ഇതിൽനിന്നും വ്യത്യസ്തമായ മറ്റു പേരുകൾ കേൾക്കുമ്പോഴുള്ള ഈറയുടെ വേരുകൾ ആഴ്ന്നിരിക്കുന്നത്. എന്നാൽ, വംശഹത്യ നടന്ന ഗുജറാത്ത് അവിടെയും നിൽക്കുന്നില്ല. സംഘർഷം പേടിച്ച് മുസ്ലിം വിഭാഗവും സ്വന്തം വെജ് ഹോട്ടലിന് തുളസി എന്നൊക്കെ പേരിട്ടെങ്കിലും, പേരിനു പിറകിലെ മാംസഭോജികളെ തിരഞ്ഞുപിടിച്ച് ആവിധമുള്ള സ്ഥാപനങ്ങൾ തകർത്തതിന് തെളിവുകളുണ്ട്. രണ്ടായിരത്തി രണ്ടിലെ വംശഹത്യക്ക് രണ്ടു പതിറ്റാണ്ടിനും മുമ്പ്, രാമായണ ടി.വി സീരിയൽ കണ്ട് ആവേശഭരിതരായി സ്വന്തം പ്രദേശത്തിന്റെ പ്രതാപ് നഗർ എന്ന പേര് രാമായണനഗർ എന്നാക്കി മാറ്റിയവരും വംശഹത്യാകാലത്ത് വേട്ടയാടപ്പെടുകയുണ്ടായി. വീടിന്റെ, ഹോട്ടലിന്റെ, സ്ഥലത്തിന്റെ, വ്യക്തികളുടെ തുടങ്ങി സർവ പേരുകളെയും സങ്കുചിത ഫാഷിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായി സംഘട്ടന കേന്ദ്രമാക്കുന്ന പ്രവണതയാണ്, രാമകൃഷ്ണൻ എന്ന് കേട്ടപ്പോൾ, കവിതയിൽ പേര് പരാമർശിക്കാത്ത ആ ഒരു ഗുജറാത്തിയെ ഹർഷോന്മാദ പുളകിതനാക്കിയത്. വല്ല മമ്മതോ, കോയക്കുട്ടിയോ ആയിരുന്നെങ്കിൽ അയാൾ എങ്ങനെയായിരുന്നു അഭിവാദ്യം ചെയ്യുകയെന്നറിയാൻ, പൃഥ്വിരാജിന്റെ എംപുരാൻ കണ്ടാൽ മതിയാകും.
എംപുരാനിലെ ബൽരാജ് എന്ന ഭീകരൻ തന്നെയാണ്, കടമ്മന്റെ ‘ക്യാ’ കവിതയിൽ ക്യാ എന്നലറുന്ന വികൃതജന്തു. അതെ, എംപുരാനും മുമ്പ് അത്രമേൽ അറപ്പുളവാക്കുന്ന ഒരശ്ലീലബോറനായതുകൊണ്ട് ബാബുബജ്റംഗിയുടെ പേരുപോലും പറയാതെ, ‘ക്യാ’ എന്ന കവിതയിലെ രണ്ടാം ഭാഗം എന്ന് വിളിക്കാവുന്ന ഏഴെട്ട് വരികളിൽ കടമ്മൻ അപരവത്കരണത്തിലടങ്ങിയ വിദ്വേഷത്തിന്റെ ആഴം ആവിഷ്കരിച്ചിട്ടുണ്ട്. ക്യാ കവിതയിലെ കടമ്മന്റെ രാമകൃഷ്ണൻ എന്ന പേരു കേ ട്ട് ഏറെ തൃപ്തനായെങ്കിലും അയാൾക്ക് അടുത്തതായി അറിയേണ്ടത്, സാധാരണ പരസ്പരമുള്ള പരിചയപ്പെടലിലുണ്ടാവാറുള്ളപോലെ വീടെവിടെയാണ് തൊഴിലെന്താണ് ആരൊക്കെയുണ്ട് സുഖമല്ലേ തുടങ്ങിയ കാര്യങ്ങളൊന്നുമല്ല. അയാൾക്ക് ആകക്കൂടെ അറിയേണ്ടത് കടമ്മൻ എന്ന റാം റാം കിഷൻ മ്ലേച്ഛഭക്ഷണമായ ഇറച്ചി തിന്നുന്നവനാണോ അല്ലയോ എന്നു മാത്രമാണ്. താങ്കൾ മാംസഭുക്കാണോ/ അയാൾ ചോദിച്ചു/ അങ്ങിനെയൊന്നുമില്ല/ ഞാൻ പറഞ്ഞു/ താങ്കളോ ഞാൻ ചോദിച്ചു/ ഞങ്ങൾ വൈഷ്ണവ ജനത. ശുദ്ധ സസ്യഭുക്കുകളാണ്/ തെല്ലഭിമാനത്തോടെ അയാൾ പറഞ്ഞു.
അങ്ങനെയൊന്നുമില്ല എന്ന രാമകൃഷ്ണന്റെ അതായത് കവിയുടെ മറുപടിയിൽ ബഹുസ്വരതയുടെ സൗന്ദര്യമുണ്ട്. ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാവാമല്ലോ എന്ന വിനയമുണ്ട്. അതായത് കവിതയിലെ അങ്ങനെയൊന്നുമില്ല എന്നുള്ളത് മതനിരപേക്ഷതയുടെ ഭാഷയാണ്. എന്നാൽ, കവിതയിലെ ഗുജറാത്തിയുടെ ശുദ്ധസസ്യഭുക്ക് എന്ന പറച്ചിലിലെ അഭിമാനം ആവിധം നിഷ്കളങ്കമല്ല. അതിൽ അമ്പട ഞങ്ങൾ എന്ന അഹന്തയുണ്ട്. ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്നതിനോട് ഒട്ടുമേ പൊരുത്തപ്പെടാത്ത ഒരവികസിതത്വമുണ്ട്. ഗുജറാത്തിൽനിന്നും മടങ്ങിവരുന്ന അതേ െട്രയിനിൽ വെച്ച് പരിചയപ്പെട്ട സൗരാഷ്ട്രയിൽ ദീർഘകാലമായി താമസിക്കുന്ന കോട്ടയം സ്വദേശി സോണിയ വലിയ പരാതിയൊന്നുമില്ലാതെ പങ്കുവെച്ച ഒരനുഭവം, ഗുജറാത്തിൽ പൊതുവിലുള്ള പ്രത്യേകിച്ചും സോണിയ താമസിക്കുന്ന സൗരാഷ്ട്രപോലുള്ള സവർണ ഭൂരിപക്ഷ പ്രദേശങ്ങളിലെ ഭക്ഷണവിവേചനം വിളിച്ചറിയിക്കുന്നതാണ്. പറഞ്ഞതിന്റെ ചുരുക്കം: മത്സ്യ-മാംസങ്ങൾ വീട്ടിൽ പാകം ചെയ്യേണ്ടിവരുമ്പോൾ വല്ലാത്ത പേടിയാണ്. അതുകൊണ്ട് അപൂർവമായി വല്ലപ്പോഴുമേ ആ സാഹസത്തിന് മുതിരുകയുള്ളൂ. അതുതന്നെ വളരെ വളരെ ശ്രദ്ധിച്ച്. ജനവാതിലുകളെല്ലാം കുറ്റിയിട്ട്, ചന്ദനത്തിരികൾ കത്തിച്ച്, അതീവ രഹസ്യമായി, അബദ്ധത്തിന് വിവരം പുറത്തറിഞ്ഞാൽ പെട്ടതുതന്നെ! ഇത് മാട്ടിറച്ചി സൂക്ഷിച്ചുവെന്നതിന്റെ പേരിൽ ഡൽഹിക്കടുത്തുള്ള ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെടുന്നതിനും എത്രയോ പതിറ്റാണ്ടുകൾ മുമ്പാണെന്നോർക്കണം. സോണിയ പങ്കുവെച്ച ഈയൊരനുഭവം മനസ്സിൽ വെച്ചാണ്, അഞ്ചുരൂപയുടെ മത്തി വറുക്കാൻ പത്തുരൂപയുടെ ചന്ദനത്തിരി കത്തിച്ചു വെക്കേണ്ടിവരുന്ന ഒരവസ്ഥ, ഒരു ജനായത്ത സമൂഹത്തിൽ എത്ര ഭീതിദമാണെന്ന് മുമ്പ് ഞാനെഴുതിയത്. എന്നാൽ, സോണിയയാകട്ടെ അത്ര നടുക്കമുണ്ടാക്കുന്ന കാര്യമായല്ല, സാധാരണ അനുഭവമായാണ് മത്തിപൊരിക്കൽ കാര്യം അവതരിപ്പിച്ചത്. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശക്തി എന്നല്ലാതെ എന്തുപറയാൻ!
ഇതും ഇതുപോലുള്ള മറ്റൊട്ടേറെ അനുഭവങ്ങളും കൂട്ടിച്ചേർത്തുവേണം ‘ക്യാ’ കവിതയിലെ അവസാനഭാഗം വായിക്കാൻ. ഫാഷിസത്തിന്റെ മുഖംമൂടി വലിച്ചെറിയുംവിധം കവിതയിലെ ഗുജറാത്തിയുടെ വ്യാജഅഭിമാനബോധത്തെ വെട്ടി നിലത്തിടുകയാണ് കടമ്മൻ! നിങ്ങളിൽ ചില പുല്ലുതീനികൾ/ പൂർണഗർഭിണിയുടെ വയറുകീറി/ കുട്ടിയെ വെളിയിലെടുത്ത്/ വെട്ടിനുറുക്കി തിന്നതോ, തള്ളയേയും?/ ഞാൻ പെട്ടെന്ന് ചോദിച്ചുപോയി. ഇതാണ് സോണിയയിൽ കാണാതെപോയ വിമോചന കാഴ്ചപ്പാടിന്റെ വീര്യം. സോണിയക്ക് സ്വന്തം അവസ്ഥയിൽ ഏറിയാൽ ചെറിയ സങ്കടമേയുള്ളൂ, സൗരാഷ്ട്രയിൽനിന്ന് കേരളത്തിലെത്തിയിട്ടും അവർക്ക് സമരോത്സുകമായ ഒരു സമീപനം പുലർത്താനാവുന്നില്ല. തീക്കനലെരിയുന്നൊരു കാഴ്ചപ്പാടും പങ്കുവെക്കാൻ കഴിയുന്നില്ല. എന്നാൽ, കടമ്മന്റെ കവിത ഗുജറാത്ത് വംശഹത്യാ കാലത്തെ കൊടുംഭീകരിലൊരുത്തനായ ബാബു ബജ്റംഗിയെ, പേരു പോലും പരാമർശിക്കാൻ അർഹതയില്ലാത്ത ഒരു നരഭോജിയെ, ഒരൊറ്റ ചോദ്യത്തിലൂടെ തുറന്നുകാട്ടുകയാണ്. അതിനുള്ള കരുത്ത് കവിത ആർജിച്ചത് ഫാഷിസ്റ്റ് വിരുദ്ധ സമീപനത്തെ ആഴത്തിൽ കവിക്ക് സ്വാംശീകരിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. അതാണ് സോണിയക്ക് കഴിയാതെ പോയത്. എന്നാൽ എംപുരാൻ സിനിമക്ക് എന്തൊക്കെ പരിമിതികളുണ്ടെങ്കിലും; ബാബുബജ്റംഗിയെ സർവ കുടിലതകളോടുംകൂടി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്, മറ്റ് പരിമിതികളെ അപ്രസക്തമാക്കുന്ന ശ്രദ്ധേയമായ കാര്യം. എന്നാൽ, പ്രശസ്ത ഡോക്യുഫിലിം നിർമാതാവും, ഫാഷിസ്റ്റ് വിരുദ്ധ കലാപ്രതിഭയുമായ ഗോപാലമേനോൻ അഭിപ്രായപ്പെട്ടതുപോലെ ഈ അവതരണങ്ങളൊന്നും ഗുജറാത്ത് വംശഹത്യയുടെ ആയിരത്തിലൊന്നുപോലുമാവുന്നില്ല. ആ വംശഹത്യയിൽ നടന്നതിനും കണ്ടതിനുമിടയിൽ കാഴ്ചയെത്തന്നെ അസാധ്യമാക്കുന്ന വൻ കിടങ്ങുകളുണ്ട്. പ്രതീക്ഷയുടെ സൂര്യൻ ഉദിക്കാൻ പേടിക്കുന്ന തമോഗർത്തങ്ങളുണ്ട്. കൗസർബാനു അടക്കമുള്ള എത്രയെത്രയോ സ്ത്രീകളുടെ അടയാളപ്പെടുത്തുക അസാധ്യമായ വ്യഥകളുണ്ട്. പെേട്രാളൊഴിച്ച് കത്തിച്ച ഭ്രൂണപുകയിൽ ഉന്മത്തരായ ഭീകരരുടെ ആഹ്ലാദാഘോഷങ്ങളുണ്ട്!
‘ക്യാ’ അവസാനിക്കുന്നതും ‘എംപുരാനി’ൽ ഒരു ചെറിയഭാഗം മാത്രമായാണെങ്കിലും ചുരുൾ വിടർത്തിയതും, ഈയൊരു ഭീകര ചോരദൃശ്യങ്ങളാണ്. തള്ളയേയും കുട്ടിയേയും വെള്ളംചേർക്കാതെ തിന്ന നീയൊക്കെ എത്ര സാമ്പാറ് കുടിച്ചാലും എങ്ങനെ മനുഷ്യനാവും എന്ന ആ ഒരൊറ്റ ചോദ്യത്തിനുമുന്നിൽ രാമകൃഷ്ണൻ റാം റാം എന്ന അയാളുടെ ആദ്യസ്നേഹപ്രകടനത്തിന് വന്ന രൂപമാറ്റം വ്യക്തമാക്കിക്കൊണ്ടാണ് ‘ക്യാ’ അവസാനിക്കുന്നത്. ഒരു വികൃതജന്തുവായി രൂപംമാറിയ അയാൾ/ കൊലപ്പല്ലുകൾ കാട്ടി/ പുരികത്തിൽ വില്ലുകുലച്ചുകൊണ്ട്/ എെന്റ നേരെ മുരണ്ടു/ ക്യാ. ഇതേ ക്യായാണ് എംപുരാനിൽ ബാബുബജ്റംഗിമാരുടെ അലർച്ചകളായി നാം കണ്ടതും കേട്ടതും! ഇനിയും അവസരം കിട്ടിയാൽ മുമ്പ് ചെയ്തതുപോലുള്ള ക്രൂരകൃത്യങ്ങളൊക്കെയും അതിനാൽ വർധിതവീര്യത്തോടെ ഞാൻ ആവർത്തിക്കും, ഞാനത് ആസ്വദിക്കുന്നു സുഹൃത്തെ എന്ന് എംപുരാനിലെ മസൂദ് വെടിവെച്ചു കൊന്ന, കടമ്മന്റെ കവിതയിലെ കൊലപ്പല്ലുകൾകാട്ടി നിൽക്കുന്ന ആ വികൃതജന്തു തെഹൽകാ പ്രതിനിധിയോട് പറഞ്ഞത് മറക്കാറായിട്ടില്ല.
വംശഹത്യാകാലത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനിരുന്ന കുട്ടികളെ അമ്പരപ്പിച്ചത് വ്യാകരണ പരീക്ഷയിലെ ഒരു ചോദ്യമായിരുന്നു. അവരെ ഇഷ്ടമല്ലെന്നോ, എങ്കിൽ കൊന്നുകളയുക. എങ്കിൽ പ്രയോഗം മാറ്റി എഴുതാനായിരുന്നു വിദ്യാർഥികളോടുള്ള നിർദേശം! നമ്മുടെ നാട്ടിലെ ചിലരിപ്പോഴും ആ എങ്കിൽ വിട്ടിട്ടില്ല. രാധികാദേശായ് വ്യക്തമാക്കിയ പോലെ അവരിപ്പോഴും, ഇനി എത്രതവണ ‘ക്യാ’ വായിച്ചാലും ‘എംപുരാൻ’ കണ്ടാലും, ആ പക്ഷേയും എങ്കിലുകളും വിടില്ല! ഗോധ്രയിൽതട്ടി അവർ വീഴും! ‘I am a liberal Secularist, but...’. ചോറും ചാണകവും മാത്രം തിന്നുകൊണ്ടല്ല, ഇമ്മാതിരിയുള്ള ബട്ടുകൾ തിന്നുന്ന, കാലമാറ്റത്തിന്റെ വ്യാകരണം മനസ്സിലാക്കാത്ത എത്രയെത്രയോ നിഷ്കളങ്ക മനുഷ്യരുടെ നിഷ്ക്രിയ നിലപാടുകൾ നന്നായി മുതലെടുത്തുകൊണ്ടാണ്, എംപുരാനിലെ ബാബു ബജ്റംഗി മോഡൽ കൊലക്കൂറ്റന്മാർ, ‘ക്യാ’യിലെ വികൃതജന്തുക്കൾ, കൊഴുത്ത് തടിക്കുന്നത്!
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.