ഷാജഹാൻ നന്മണ്ട എഴുതിയ റമദാൻ ഓർമ്മ കുറിപ്പ്...
യാത്രകള്‍ അവസാനിക്കുന്നിടത്ത് ആരുടേയും ജീവിതം പൂര്‍ണമാവുന്നില്ല സ്വയംഹത്യ ചെയ്യപ്പെടുന്നവന്റെ ആത്മാവിന്റെ ഒരംശം ഭൂമിയില്‍ അവശേഷിക്കുന്നത് പൂര്‍ണത തേടിയുള്ള ജീവിതത്തിന്റെ ത്വരയായിരിക്കാം ജമാല്‍... ഒരു ചെറിയ പെരുന്നാളിന് അവസാനമായി നമ്മള്‍ പിരിയുന്നത് ഇറാനിലെ ഒരു സ്വകാര്യ സ്വര്‍ണ്ണ ഖനിയുടെ കണ്‍ സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസില്‍ വെച്ചാണ്. ഇന്നും ഞാനത് വ്യക്തമായി ഓര്‍ക്കുന്നു.
കടലുണ്ടിയിലെ പുരാതനമായ ഒരു തറവാട്ടില്‍ കുഞ്ഞുടുപ്പും മിസ്‌രിത്തട്ടവുമായി വരുന്ന നിന്നെ കാത്തിരുന്ന ഉമ്മയും അനുജത്തിയും മാത്രം. ആത്മാവിന്റെ ഒരംശം ഭൂമിയില്‍ അവശേഷിപ്പിച്ചു നിന്റെ ഉമ്മയെ അനുജത്തിയില്‍ നിന്നും അടര്‍ത്തിയെടുത്തു വളരെ ചെറിയ ഒരാള്‍ ക്കൂട്ടം ആറടി മണ്ണിലേക്ക് സംസ്കരിച്ചതും ഒരു ചെറിയ പെരുന്നാളിനായിരുന്നു സ്വര്‍ണ്ണ ഖനിയിലേക്ക് താഴ്ന്നിറങ്ങിയ നിലാവിലും ശോകം നിഴലിച്ചു.പഞ്ഞി വരെ എരിഞ്ഞു തീര്‍ന്ന സിഗരറ്റ് ചൂണ്ടു വിരല്‍ പൊള്ളിച്ചത് ,വീണ്ടുമൊന്നിനു തിരി കൊളുത്താന്‍ ജമാലിനെ പ്രേരിപ്പിച്ചു.
ജമാല്‍ പൊട്ടിച്ചിരിച്ചു ,പിന്നെ പതിയെ തേങ്ങിക്കരഞ്ഞു.ഖനിക്ക് പുറത്തു മരുഭൂമി ചൂടിനാല്‍ വിങ്ങി നിന്നു.ഞങ്ങള്‍ക്കിടയിലൂടെ മുരണ്ടു നിന്ന കാറ്റ് ശക്തി പ്രാപിച്ചു കാരക്ക മരക്കുലകളില്‍ പ്രഹരിച്ചു .കടുത്ത വിങ്ങലാല്‍ ആത്മാവിന്റെ ജീവിക്കാനുള്ള ത്വര പോലെ പഴുത്തു പാകമായ കാരക്കകള്‍ നിലത്തേക്കു പൊഴിഞ്ഞു തുടങ്ങി. വെറും രണ്ടു മാസത്തെ പരിചയം മാത്രമേ എനിക്കും ജമാലിനും ഇടയില്‍ ഉണ്ടായിരുന്നുള്ളൂ.ഈ കമ്പനിയുടെ സൈറ്റ് മാനേജരായി ജമാല്‍ ഖോർഫുക്കാനിൽ എത്തുമ്പോള്‍ എന്തോ ഒരടുപ്പം ,സൗഹൃദമോ കൂടപ്പിറപ്പെന്ന ബോധമോ ,എന്റെ മനസ്സില്‍ ആദ്യമായി ജമാലിനെ കാണുമ്പോള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു.
കമ്പനി സ്വന്തമായി ജമാലിന് റൂമനുവദിച്ചുവെങ്കിലും ഫോര്‍മാനായ എന്റെ റൂമില്‍ ജമാലുറങ്ങി.പുലര്‍ച്ചെ കൃത്യ സമയത്തിനു പ്രഭാത പ്രാർത്ഥനക്കായി അവനു ണരുന്നതു പുതപ്പിനിടയിലൂടെ കൌതുകത്തോടെ ഞാന്‍ വീക്ഷിക്കും. വീണ്ടുമൊരു പെരുന്നാൾ ഒഴിവു ദിനത്തിന്റെ പുലര്‍ച്ചയിലാണ് ആലസ്യതയോടെ പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയ എന്നെ ജമാല്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയത്.വെട്ടം വീഴാന്‍ തുടങ്ങിയ ഖനികളില്‍ തണുപ്പിന്റെ ആരംഭം പോലെ മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു. യാത്രകളില്‍ ഇടത്താവളമാക്കി കടലുണ്ടിയിലെ പുരാതനമായ തറവാട്ടിലും ബാപ്പ വിരുന്നു കൂടി.ചോരപ്പൈതലായ അനിയത്തിയുടെ മുടി കളയല്‍ ചടങ്ങിന്റെ വിരുന്നിനു ,വീണ്ടും പൂര്‍ണ്ണത തേടി യാത്ര തുടങ്ങിയ ഒരോര്‍മ്മ മാത്രമായി ബാപ്പ.
പ്രഭാത സൂര്യന്റെ കിരണങ്ങള്‍ മഞ്ഞു വീണ സ്വര്‍ണ്ണ ഖനികളില്‍ തട്ടി താഴേക്കു ഉരുകിയൊലിച്ചു,നിലങ്ങളില്‍ സ്വര്‍ണ്ണപ്പുഴയൊഴുകി.ശിശിരത്തിന്റെ ആരംഭമറിയിച്ച് തവിട്ടു നിറത്തിലുള്ള ദേശാടനപ്പക്ഷികള്‍ ഖനികളുടെ ഇരുണ്ട പൊത്തുകളില്‍ താവളം പിടിച്ചു. ജമാല്‍.. നീ തന്ന വിലാസം തേടി കടലുണ്ടിയിലെത്തിയ ഞാന്‍ പുഴയോരത്തെ ഇടിഞ്ഞു നിലം പൊത്തിയ പഴയൊരു തറവാടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞാന്‍ നിന്റെ അനുജത്തിയെ തിരഞ്ഞു.പതിഞ്ഞ കൊക്കുകളുള്ള വിചിത്രമായ ദേശാടന പ്പക്ഷികള്‍ തകര്‍ന്നു വീണ തറവാടിന്റെ കഴുക്കോലുകള്‍ക്കിടയിലെ നിഘൂഡതയില്‍ വാസമുറപ്പിച്ചിരുന്നു .
ചെറിയ നിസ്കാരപ്പള്ളിയുടെ ശ്മശാനത്തില്‍ ജമാല്‍..നിന്റെ ഉമ്മയുടെ ഖബറിടം കാട്ടിത്തന്ന വൃദ്ധന്‍ അതിപുരാതനമായൊരു മിത്തിലെ കഥാപാത്രമായി മനസ്സില്‍ നിലകൊണ്ടു. ഖബറിന് മുകളിലെ പടര്‍ന്നു പന്തലിച്ച മൈലാഞ്ചിമരം പുഴ ക്കാറ്റേ റ്റ് ആടിയുലഞ്ഞപ്പോള്‍ ആത്മാക്കളുടെ പൂര്‍ണ്ണതക്കായുള്ള നിശ്വാസത്തിന്റെ വെമ്പല്‍ ഞാന്‍ തിരിച്ചറിഞ്ഞു.
ജമാല്‍..നിന്റെ അനുജത്തിയും നിന്നെപ്പോലെ, നിന്റെ ബാപ്പയെപ്പോലെ ,ഒരു ദേശാടന പ്പക്ഷിയായ് ഏതോ അജ്ഞാത തീരം തേടി യാത്ര തിരിച്ചിരിക്കാം. നമ്മള്‍ തമ്മില്‍ പിരിയും നേരം നീയെന്നെ ഏല്‍പിച്ച നിന്റെ അടയാളങ്ങള്‍ ,ഒരു പിടി നോട്ടു കെട്ടുകള്‍ അല്പം വസ്ത്രങ്ങൾ പുരാതന മിത്തിലെ കഥാപാത്രമായ വൃദ്ധനു ഞാന്‍ കൈമാറുന്നു. എന്നോട് ക്ഷമിക്കുക..ജമാല്‍..എനിക്കും യാത്ര തുടങ്ങാന്‍ സമയമായി. നീ നടന്നു തീര്‍ത്ത വഴികളിലൂടെ നിന്റെ ബാപ്പയും അനുജത്തിയും യാത്ര തിരിച്ച ഇടങ്ങളിലേക്ക്. എനിക്ക് പുറകില്‍ പെരുന്നാൾ തുമ്പികൾ ചുംബിച്ച് ആടുന്ന മൈലാഞ്ചിമരം യാത്രാ മൊഴി ചൊല്ലുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.