തൃശൂർ: സുഹൃത്തിന്റെ തോളിലിരുന്ന് പൂരക്കാഴ്ചകളുടെ ആവേശം നുകർന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ആഘോഷിച്ചു. ടൊയോട്ട കമ്പനിയിലെ ജീവനക്കാരനായ സുധീപിന്റെ ചുമലിലേറി കുടമാറ്റത്തിന്റെ ദൃശ്യവിസ്മയം കണ്ടാസ്വദിച്ച കൃഷ്ണപ്രിയയെയാണ് നവമാധ്യമങ്ങൾ ഏറ്റെടുത്തത്.
മന്ത്രി ഡോ. ആർ. ബിന്ദു അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചു. പി.ആർ കമ്പനിയിലെ ജീവനക്കാരികളായ കൃഷ്ണപ്രിയയും രേഷ്മയും സുഹൃത്തായ സുധീപനൊപ്പമാണ് പൂരം കാണാനെത്തിയത്. മൂവരും തൃശൂർ സ്വദേശികളാണ്. ഇത്തവണ കൃഷ്ണപ്രിയയെ കുടമാറ്റം അടുത്ത് നിർത്തി കാണിക്കുമെന്ന് രേഷ്മയുടെ വാഗ്ദാനം നൽകിയിരുന്നു. ഇതിനായി നേരത്തേ പൂരം പാസ് സംഘടിപ്പിച്ചുവെച്ചു. എന്നാൽ, തെക്കോട്ടിറക്കത്തിന് മൂന്ന് മണിക്കൂർ മുമ്പേ തെക്കേ ഗോപുരനടയിലെത്തിയെങ്കിലും രേഷ്മയോടും കൃഷ്ണപ്രിയയോടും സ്ത്രീകൾക്കായി അനുവദിച്ച ബാരിക്കേഡ് കെട്ടിയ ഭാഗത്തേക്ക് മാറാൻ പൊലീസ് നിർദേശിച്ചു. ഇതോടെ കുടമാറ്റം കാണാനാവില്ലെന്ന സങ്കടമായി.
മതിൽ ചാടാമെന്ന നിർദേശം രേഷ്മ പങ്കുവെച്ചെങ്കിലും പൊലീസ് പിടിക്കുമെന്ന സുധീപിന്റെ മറുപടിയിൽ ആ ആവേശം തണുത്തു. എന്തായാലും കുടമാറ്റം കണ്ടിട്ടേ മടങ്ങൂവെന്ന വാശിയായതോടെ മൂവരും തിരക്കിലൂടെ തന്നെ മുന്നോട്ട് കയറി നേരത്തേ നിന്നിരുന്നതിന് സമീപം വരെയെത്തി. എന്നാൽ, ആൾക്കൂട്ടത്തിനിടയിൽപെട്ടതോടെ തന്നേക്കാൾ ഉയരമുള്ളവർ മുന്നിലുള്ളതിനാൽ കൃഷ്ണപ്രിയക്ക് കുടമാറ്റം കാണുന്നത് പ്രയാസമായി. ഇതോടെ സുധീപ് തോളിൽ കയറണോയെന്ന് ചോദിക്കുകയായിരുന്നു. വേണമെന്ന് പറഞ്ഞതോടെ തോളിലേറ്റി. കുടമാറ്റം അടുത്ത് കാണാനുള്ള അസുലഭ നിമിഷം കൃഷ്ണപ്രിയ ആസ്വദിച്ചു. മേളത്തിന്റെ ആവേശത്തിൽ കൈകൾ ഉയർത്തി വീശി. ആൺകുട്ടിയുടെ തോളിലിരുന്ന് പെൺകുട്ടി പൂരം ആസ്വദിക്കുന്നത് മൊബൈലുകളും ചാനൽ കാമറകളും പകർത്തിയതോടെയാണ് ദൃശ്യങ്ങൾ വൈറലായത്. മൂവരും വ്യാഴാഴ്ച രാവിലെ തേക്കിൻകാട് മൈതാനിയിൽ തങ്ങൾ ആൾക്കൂട്ടത്തിനിടയിൽനിന്ന് പൂരം കണ്ട സ്ഥലത്തെത്തി ആഹ്ലാദം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.