എന്റെ ഗ്രാമത്തിൽ ഓണംപോലെ പ്രധാനപ്പെട്ട ഉത്സവമാണ് വിഷു. മേടമാസത്തിൽ കൊന്നകളായ കൊന്നകളൊക്കെ പൂത്ത് കുടം ചൊരിഞ്ഞ് നിൽക്കുമ്പോൾ വിഷു വലിയൊരു ഉത്സവമായി മനസ്സിലേക്കു കടന്നുവരും. തേച്ചുമിനുക്കി ഓട്ടുരുളിയിൽ അരിയും പൂക്കളും കോടിമുണ്ടും സ്വർണാഭരണങ്ങളും വെച്ച് വിഷുക്കണിയൊരുക്കും. രാത്രിയിൽതന്നെ കണിയൊരുക്കിയിട്ടാകും വീട്ടുകാർ ഉറങ്ങുക. വെളുപ്പിന് അമ്മ ഉണർന്ന് വിഷുക്കണിക്കു മുന്നിൽ നിലവിളക്ക് കൊളുത്തി പ്രാർഥിക്കും. പിന്നീട് ഉറങ്ങിക്കിടക്കുന്ന എന്നെയും മറ്റുള്ളവരെയും അമ്മ വിളിച്ചുണർത്തും. കണ്ണുപൊത്തിക്കൊണ്ട് വിഷുക്കണിയുടെ മുന്നിൽ എന്നെ കൊണ്ടുനിർത്തും. കണ്ണുതുറന്ന് വിഷുക്കണി കാണിക്കും. വരാനിരിക്കുന്ന വർഷത്തെ സകല സൗഭാഗ്യങ്ങളും അവിടെനിന്ന് തുടങ്ങുന്നുവെന്നാണ് വിശ്വാസം.
വിഷുവിന് ചില വീടുകളിലെല്ലാം പടക്കംപൊട്ടിക്കുന്ന ഏർപ്പാടെല്ലാമുണ്ടായിരുന്നു. പടക്കം പൊട്ടുന്നതൊക്കെ കേട്ടിരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. അതിനുള്ള പാങ്ങും വഴിയുമൊന്നും കുടുംബത്തിനില്ല. എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നെ എല്ലാം അമ്മയായിരുന്നു. കഷ്ടപ്പാടിന്റേതായിരുന്നു ബാല്യകാലം. അമ്മ കഷ്ടപ്പെട്ടാണ് വളർത്തിയത്. സഹായിക്കാനും വഴികാണിക്കാനും ആരുമില്ലാത്ത കാലം. നല്ല വാക്കു പറയാനും ആരുമുണ്ടായിരുന്നില്ല. ഉടുപ്പ്, മുണ്ട്, ഭക്ഷണം എന്നിവയൊന്നും ആഗ്രഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. ഉള്ളതുപോലെ കഴിയുന്നതാണ് ചെറുപ്പത്തിലേയുള്ള ശീലം.
വിഷു ആഘോഷിക്കുന്നതിനായി ഞാൻ തലേ ദിവസംതന്നെ കൂട്ടുകാർക്കൊപ്പം കൊന്നപ്പൂ ശേഖരിക്കാനിറങ്ങുമായിരുന്നു.
അന്നൊരു വിഷുത്തലേന്ന്. എനിക്കന്ന് എട്ടോ ഒമ്പതോ വയസ്സുകാണും. കൂട്ടുകാർക്കൊപ്പം തൊടിയിലും മറ്റും ഓടിനടന്ന് ശേഖരിച്ച കൊന്നപ്പൂക്കളുമായി, നിറഞ്ഞ മനസ്സോടെ വീട്ടിലെത്തിയതായിരുന്നു ഞാൻ. ഇത് കണ്ട് അമ്മ എന്നോട് ചോദിച്ചു: ''എന്തിനാ മോനേ ഇത്രയധികം പൂക്കൾ, നമ്മൾ ഇക്കുറി കണിവെക്കുന്നില്ല.'' ഞാൻ ചോദിച്ചു, ''എന്താ അമ്മേ, എല്ലാവരും വിഷുവിന് വീട്ടിൽ കണിവെക്കുമല്ലോ, നമ്മളെന്താ കണിയൊരുക്കാത്തത്.'' ''കണിവെക്കുമ്പോൾ കൈനീട്ടം നൽകണം. മോന് കൈനീട്ടം തരാൻ അമ്മയുടെ കൈയിൽ ഇത്തവണ കാശില്ല...'' ഇത് പറഞ്ഞതും അമ്മ സങ്കടപ്പെടുന്നതും കണ്ടു. കൈക്കുടന്നയിൽ കൊണ്ടുവന്ന പൂക്കൾ കളയാൻ തോന്നിയില്ല. വാടിപ്പോകാതിരിക്കാൻ വാഴക്കൈയുടെ ഉള്ളിൽ വെച്ചശേഷം ഞാൻ പോയിക്കിടന്നുറങ്ങി.
എങ്കിലും അമ്മ കിണ്ണത്തിൽ അരിയും കൊന്നപ്പൂക്കളും നിറച്ച് കണിയൊരുക്കിയശേഷമാണ് ഉറങ്ങിയത്. അങ്ങനെ വിഷുപ്പുലരിയായി. വെളുപ്പിനെ എന്നെ വിളിച്ചുണർത്തി, വിഷുക്കണിയുടെ മുന്നിൽ കൊണ്ടുനിർത്തി കണ്ണ് തുറക്കാൻ പറഞ്ഞു. ഞാൻ കണ്ണുതുറന്ന് വിഷുക്കണി കണ്ടു.
കൈനീട്ടം തരാൻ അമ്മയുടെ കൈയിൽ കാശില്ലാത്തതുകൊണ്ട് ഒരു കൈയോളം കൊന്നപ്പൂക്കൾ ഇറുത്തെടുത്ത് എന്റെ കൈയിൽ വെച്ചുതന്നു. ''അമ്മക്ക് കൈനീട്ടം തരാൻ ഇതേയുള്ളൂ മോനേ...'' പറഞ്ഞു തീരുമ്പോഴേക്കും അമ്മയുടെ കണ്ണുകൾ സങ്കടംകൊണ്ട് നിറഞ്ഞിരുന്നു, ശബ്ദം ഇടറിയിരുന്നു. ഇതെല്ലാം കണ്ട് ഞാനും അറിയാതെ കരഞ്ഞുപോയി. പക്ഷേ, കണിയായും കൈനീട്ടമായും എനിക്കത് മതിയായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മനസ്സ് നിറഞ്ഞിരുന്നു.
അമ്മ എന്റെ കൈയിൽ വെച്ചുതന്ന ആ കൊന്നപ്പൂക്കൾ, അതായിരുന്നു എനിക്കു കിട്ടിയ ഏറ്റവും വലിയ വിഷുക്കൈനീട്ടം. കൈനീട്ടം തരാൻ കാശില്ലാത്തതിനാലാണ് 'കണി വെക്കണ്ട' എന്ന് അമ്മ പറഞ്ഞത്. എങ്കിലും എനിക്ക് വിഷമമാകുമെന്ന് കരുതിയാകണം ഞാൻ വാഴക്കൈയിൽ വാടാതെ സൂക്ഷിച്ച കൊന്നപ്പൂക്കളാൽ അമ്മ വിഷുക്കണിയൊരുക്കിയത്, ഒപ്പം വിഷുക്കൈനീട്ടവും. ആ നാളൊക്കെ കഴിഞ്ഞു. ഇപ്പോഴത് പഴയൊരു ഓർമയാണ്. ആ കാലവും അന്നത്തെ കൊന്നപ്പൂക്കളും വാടിപ്പോയിട്ടുണ്ടാകും. പക്ഷേ, അമ്മ അന്ന് എന്റെ കൈയിൽ ഇറുത്തുതന്ന ആ പൂക്കൾ വാടാതെ, ശോഭയോടെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്, തീരെ വാടാതെ.
ഇപ്പോഴും കൊന്നപ്പൂക്കൾ കാണുമ്പോഴും ആ പഴയ വിഷുവിന്റെ കാര്യം ഞാൻ ഓർമിക്കും. പ്രായം കുറെ കഴിഞ്ഞിട്ടും കൊന്നപ്പൂക്കൾ വിടർന്നുനിൽക്കുമ്പോൾ ഈ സംഭവമാണ് മനസ്സിലേക്ക് ഓടിയെത്തുക. ശരിക്കും മറക്കാനാവാത്ത വിഷുക്കണിയാണത്.
വിഷുവിനെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. കാർഷിക സമൃദ്ധിയുടെ ഉത്സവമാണ് വിഷു. കൃഷി അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും വിരസമായ ജീവിതത്തെ സമ്പന്നമാക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് കഴിയുമെന്നാണ് വിശ്വാസം.
തയാറാക്കിയത്: എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.