വീണ്ടും വിഷു,
‘‘ചേട്ടാ വിഷുവിനു മറക്കാനാവാത്ത, രസകരമായ സംഭവങ്ങൾ എന്തെങ്കിലും? ലൊക്കേഷനിൽ സംഭവിച്ചത്, അല്ലെങ്കിൽ വീട്ടിലോ വിദേശത്തോ എവിടെയെങ്കിലും വെച്ചു പറ്റിയ മണ്ടത്തങ്ങൾ വല്ലതും..?’’ ഓരോ ആഘോഷങ്ങൾ വരുമ്പോഴും അച്ചടി, റേഡിയോ, ടി.വി, ഓൺലൈൻ മാധ്യമങ്ങളിലെ സുഹൃത്തുക്കൾ വിളിക്കും. ദിവസവും രസകരമായ രണ്ട് മണ്ടത്തമെങ്കിലും പറ്റിയാലേ ജീവിക്കാൻ പറ്റൂ എന്നതാണ് അവസ്ഥ. ഇപ്പോൾ വിഷുവിനു കണി കണ്ടാൽ ആദ്യം പ്രാർഥിക്കുന്നത് ‘രസകരമായ രണ്ട് മണ്ടത്തങ്ങൾ പറ്റണേ’ എന്നാണ്. ബാക്കി പ്രാർഥനകളൊന്നും കേട്ടില്ലെങ്കിലും ദൈവം ഇതു കേൾക്കും. ഏപ്രിൽ 26ന് ചിലപ്പോൾ ഇനിയും പറ്റും. നമുക്ക് നല്ല ബുദ്ധിയുണ്ട് എന്ന ചിന്തയോളം വലിയ മണ്ടത്തം മറ്റൊന്നില്ല!
വിഷുദിനത്തിൽ മൂത്തവർ അടുത്തുള്ള ഇളയവർക്ക് കൈനീട്ടം കൊടുക്കണം. കൈക്കൂലി നിയമംമൂലം നിരോധിച്ചെങ്കിലും കൈനീട്ടം അങ്ങനെയല്ല. ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോൾ അകലെയുള്ളവർപോലും ജിപേ നമ്പറും ക്യൂ.ആർ കോഡും അയച്ചുതരുന്നു. അതുകൊണ്ട് തീരുന്നില്ല, ഒരു കണി ഒരുക്കണമെങ്കിൽ പണിയെത്ര എടുക്കണം. നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും വേണമൊരു കണിയൊരുക്കാൻ, അതാണ് ആചാരം! സപ്ലൈകോയാണെങ്കിൽ ഈ ബാധ്യതയില്ല, ഉള്ളതു മതി. ഇല്ലെങ്കിൽ ഉണ്ടെന്ന് പറഞ്ഞാലും മതി.
ജനസംഖ്യയിൽ ചൈനയെയും ചൂടിൽ ഗൾഫ് രാജ്യങ്ങളെയും നമ്മൾ തോൽപിച്ച ശേഷമുള്ള ആദ്യത്തെ വിഷു. കത്തുന്ന പെട്രോളിനും ഡീസലിനും ഗ്യാസിനും വില കൂടി. കരിമരുന്ന് കുത്തുന്നത് കൊണ്ടാണോ എന്നറിയില്ല, പടക്കവും പൂത്തിരിയും നൂറുകോടി ക്ലബിൽ കയറാനുള്ള മത്സരത്തിലാണ്. കോവിഡ് കാലത്ത് മാസ്ക് വിലകൂട്ടി വിറ്റ അതേ സീസണൽ ബിസിനസുകാരൻ പടക്കത്തിനു വില കുറക്കുന്ന ലക്ഷണമില്ല. ഗാരന്റിയില്ല വാരന്റി ഇല്ല. പൊട്ടിയാൽ പൊട്ടി, ചീറ്റിയാൽ ഒരു ദീർഘനിശ്വാസം വിട്ട് അടുത്ത പടക്കം എടുക്കുക.
മറ്റു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമാണെന്ന കാരണം പറഞ്ഞ് വിഷുവിനെ കുറിച്ചുള്ള എഴുത്തുകളിൽ കണിക്കൊന്നയെ മാത്രം ഒഴിവാക്കാൻ കഴിയില്ല. കണിക്കൊന്നക്ക് ആരാണാവോ കലണ്ടർ അടിക്കുന്നത്: ഫെബ്രുവരിയിൽ വലൈന്റൻസ് ഡേ... റോസാപ്പൂക്കൾ വിരിയും മുമ്പ് എന്തിനോ വേണ്ടി കൊന്ന പൂക്കും. ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ് വെയ്റ്റ് കുറച്ചതുപോലെ വിഷുവിനു രണ്ടു ദിവസം മുമ്പ് ഒരു നിൽപ്പുണ്ട്...
കണ്ണടച്ചുകൊണ്ടാണ് ഓരോ കണിയുടെയും സമീപത്തേക്ക് നമ്മൾ പോവുന്നത്. കണ്ണടച്ചു മുന്നേറുന്ന ആ സമയം പ്രതീക്ഷകളുടേതാണ്, സ്വപ്നങ്ങളുടേതാണ്. വരുന്ന ഒരു വർഷം മുഴുവൻ നമുക്ക് നല്ലതു സംഭവിക്കണമേയെന്ന പ്രാർഥനകളുടേതാണ്. കാണാത്തതും കണ്ടതും കണ്ടിട്ട് കണ്ടില്ലെന്നു നടിക്കുന്നതുമായ ഒരുപാട് കാര്യങ്ങളുമായി ഓരോ ദിവസങ്ങളും ആഘോഷങ്ങളും നമുക്ക് പ്രിയപ്പെട്ടതായിതന്നെ മുന്നോട്ടുപോകുന്നു. കൊണ്ടാടിക്കൊണ്ടിരുന്ന ആഘോഷങ്ങൾ പലതുമിന്ന് കണ്ടാടിക്കൊണ്ടിരിക്കുകയാണ്. പലതും കെട്ടുകാഴ്ചകളിലേക്ക് ഒതുങ്ങുന്നുണ്ട്, എന്നാൽ ഇതിനെല്ലാം ഇടയിൽ ചില സുന്ദരമായ ആഘോഷങ്ങളുണ്ട്. എല്ലാ ദിവസങ്ങളെയും പോലൊരു ദിവസമല്ലല്ലോ ആഘോഷങ്ങളുടെ ദിവസം. അതിന് ചില പ്രത്യേകതകളുണ്ട്, അതിൽ നമുക്ക് ബോധപൂർവം സന്തോഷിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നു എന്നതാണതിലൊന്ന്.
വിഷുവം എന്ന വാക്കിനർഥം തുല്യമായത് എന്നാണ്. രാത്രിക്കും പകലിനും ഒരേ ദൈർഘ്യമുള്ള ദിവസമാണത്രേ വിഷു. തുല്യത എന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തമായ ഒരു വാക്ക്. നമുക്ക് സന്തോഷിക്കാനുള്ള ഒരു കാരണംകൂടിയാണ് ഈ വിഷു, സന്തോഷിക്കാം... ഏവർക്കും വിഷു ആശംസകൾ.
(തയാറാക്കിയത്: നഹീമ പൂന്തോട്ടത്തിൽ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.