ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവേ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി. വനം മന്ത്രി ഹരക് സിങ് റാവത്തിനെയാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പുറത്താക്കിയത്. ഔദ്യോഗികമായി ഞായറാഴ്ച ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ബി.ജെ.പിയിൽനിന്ന് ആറുവർഷത്തേക്കും ഹരക് സിങ്ങിനെ പുറത്താക്കി. കോട്ധ്വാറിൽനിന്നുള്ള എം.എൽ.എയാണ് ഹരക് സിങ്.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ട്, പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ ഹരക് സിങ് കോൺഗ്രസിൽ എത്തുമെന്നാണ് വിവരം. തിങ്കളാഴ്ച ഹരീഷ് റാവത്ത് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാകും ഹരകിന്റെ പാർട്ടി പ്രവേശനം. ഹരകിനൊപ്പം രണ്ട് ബി.ജെ.പി എം.എൽ.എമാർ കൂടി കോൺഗ്രസിലെത്തിയേക്കും.
2016ൽ കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിനെതിരെ വിമതൻമാരായി ബി.ജെ.പിയിലേക്ക് ചേക്കേറിയ 10 എം.എൽ.എമാരിൽ ഒരാളാണ് ഹരക് സിങ്.
ഉത്തരാഖണ്ഡ് കാബിനറ്റിൽനിന്ന് ഹരക് സിങ്ങിനെ റാവത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പുറത്താക്കണമെന്ന ആവശ്യവുമായി പാർട്ടിയും മുഖ്യമന്ത്രിയും രംഗത്തെത്തിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് ഹരക് സിങ്ങിനെതിരായ ആരോപണം. നേരത്തേ ഹരകിന്റെ ഡൽഹി സന്ദർശനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു.
ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടും തനിക്കെതിരായ നടപടിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഹരക് സിങ്ങിന്റെ പ്രതികരണം.
നാലാംഘട്ടമായ ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്. 70 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡിൽ 2017ൽ ബി.ജെ.പി 57 സീറ്റുകൾ നേടി അധികാരത്തിലെത്തുകയായിരുന്നു. ഭരണത്തിലിരിക്കുന്ന ബി.ജെ.പിയും ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും തമ്മിലാകും മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.