ഹരിദ്വാർ: ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിദ്വാറിലെ ഗംഗാ ആരതിയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈകിട്ടാണ് രാഹുൽ ഹരിദ്വറിലെത്തിയത്.
ഹരിദ്വാറിലെ പ്രസിദ്ധമായ ഹർ കി പൗഡിയിലെത്തിയ രാഹുൽ ഗംഗാതീരത്തെ പൂജാകർമങ്ങളിലും പങ്കെടുത്തു. ഗംഗയിൽ പുഷ്പാർച്ചന നടത്തുകയും ദീപം ഒഴുക്കുകയും ചെയ്തു.
ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെ വിഡിയോകൾ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു. പ്രദേശത്ത് വൻ ജനാവലി ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷ സന്നാഹവും ഒരുക്കിയിരുന്നു.
ഒരു മണിക്കൂറോളം നീണ്ട ഗംഗാ ആരതിയിൽ പങ്കെടുത്ത ശേഷമായിരുന്നു രാഹുലിന്റെ മടക്കം. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ഹരിദ്വാറിലെത്തിയിരുന്നു.
തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും രാഹുൽ ഗാന്ധി പങ്കെടുത്തു. ഉധംസിങ് നഗർ ജില്ലയിലെ കിച്ച മണ്ഡി കോംപ്ലക്സിലും ഹരിദ്വാർ ഭഗത്സിങ് ചൗക്കിലെ ജവഹർലാൽ നെഹ്റു നാഷനൽ യൂത്ത് സെന്ററിലും വിർച്വൽ റാലിയിൽ പങ്കെടുത്തു. ഉത്തരാഖണ്ഡിലെ കർഷകരുമായി സംവദിക്കുകയും ചെയ്തു അദ്ദേഹം. രാജ്യത്തെ കർഷകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത് കോൺഗ്രസ് ഒരിക്കലും ചെയ്യില്ലെന്ന് രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.