ഡറാഡൂൺ: ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റിലും കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മത്സരക്കളമുണർന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മത്സരിക്കുന്ന ഖത്തിമക്ക് പുറമെ, ഹരിദ്വാർ, നൈനിറ്റാൾ, ചക്രത, ശ്രീനഗർ എന്നിവയാണ് പ്രമുഖ നേതാക്കളുടെ അടർക്കളം.
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രിമാർ തോൽക്കുന്നതാണ് പ്രവണത. അത് തിരുത്താനാണ് പുഷ്കർ സിങ് ധാമിയുടെ ശ്രമം. ഖാത്തിമയിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഭുവൻചന്ദ്ര കാപ്രി തന്നെ രംഗത്തിറങ്ങിയതിനാൽ ചരിത്രം ആവർത്തിക്കുമോ എന്ന് ഉറ്റുനോക്കുന്നവരേറെ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവരാണ് ഏറ്റുമുട്ടിയത്. അന്ന് 2,709 വോട്ടിനാണ് ധാമി കാപ്രിയെ പരാജയപ്പെടുത്തിയത്. 2012ൽ കോൺഗ്രസിലെ ദേവേന്ദ്രചന്ദിനെ 5000ത്തിൽ അധികം വോട്ടുകൾക്ക് ധാമി പരാജയപ്പെടുത്തി. ആം ആദ്മി പാർട്ടി മുൻ അധ്യക്ഷൻ എസ്.എസ് കലേറിന്റെ സാന്നിധ്യം ധാമിയുടെ ഹാട്രിക് നഷ്ടപ്പെടുത്തുമോ എന്ന് കണ്ടറിയണം.
''ഇത്തവണ ഖത്തിമയിലെ മത്സരം പ്രവചനാതീതമാണ്. ഉത്തരാഖണ്ഡിൽ നിലവിലെ മുഖ്യമന്ത്രിമാർ ഒരിക്കലും വിജയിക്കില്ല. 2002ൽ നിത്യാനന്ദ് സ്വാമിയും 2012ൽ ബി.സി ഖണ്ഡൂരിയും പരാജയപ്പെട്ടു, 2017ൽ മത്സരിച്ച രണ്ട് സീറ്റിലും ഹരീഷ് റാവത് പരാജയപ്പെട്ടു''- രാഷ്ട്രീയ നിരീക്ഷകനായ ജെ.എസ് റാവത് പറഞ്ഞു. അഞ്ചു വർഷം കാലാവധി പൂർത്തിയാക്കിയ ഉത്തരാഖണ്ഡിലെ ഏക മുഖ്യമന്ത്രിയായ എൻ.ഡി. തിവാരി 2007ൽ മുഖ്യമന്ത്രിയായിരിക്കെ മത്സരിച്ചില്ല. ഖാത്തിമയിലെ ഭൂരിപക്ഷം സിഖുകാരുടെയും കർഷകരുടെയും എതിർപ്പ് ധാമിക്ക് വിനയായേക്കാം. കാരണം കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും പ്രശ്നം സജീവമാണ് - അദ്ദേഹം പറഞ്ഞു.ഹരിദ്വാർ (സിറ്റി) മണ്ഡലത്തിൽ ബി.ജെ.പി അധ്യക്ഷൻ മദൻ കൗശിക്കാണ് സ്ഥാനാർഥി. കോൺഗ്രസിന്റെ സത്പാൽ ബ്രഹ്മചാരിയാണ് എതിരാളി. മത്സരം 2017ന്റെ തനിയാവർത്തനം. ഹരിദ്വാർ നഗർ പാലികയുടെ മുൻ ചെയർമാനെന്ന നിലയിലുള്ള ബ്രഹ്മചാരിയുടെ പരിചയവും അദ്ദേഹത്തിന്റെ ക്ലീൻ ഇമേജും ഭരണവിരുദ്ധതയും കൗശിക്കിന്റെ കുറ്റി തെറിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ചക്രതയിലാണ് പ്രതിപക്ഷ നേതാവ് പ്രീതം സിങ് മത്സരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഗായകൻ ജുബിൻ നൗട്ടിയാലിന്റെ പിതാവ് രാംശരൺ നൗട്ടിയാലാണ് എതിർസ്ഥാനാർഥി. മുമ്പ് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും പ്രീതം സിങ് വിജയിച്ച മണ്ഡലമാണ് ചക്രത. നൗട്ടിയാലിനുവേണ്ടി മകൻ ജുബിൻ പ്രചാരണക്കളത്തിലിറങ്ങുന്നതോടെ തെരഞ്ഞെടുപ്പങ്കത്തിന് ചൂടും ചൂരുമേറും. കോൺഗ്രസും ബി.ജെ.പിയും മാറിമാറി വിജയിക്കുന്ന സീറ്റാണ് ശ്രീനഗർ. ഇവിടെ മന്ത്രി ധൻ സിങ് റാവത്തിനെതിരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയൽതന്നെ മത്സരരംഗത്തുണ്ട്. 2012ൽ ഗോഡിയാൽ റാവത്തിനെ പരാജയപ്പെടുത്തി. 2017ൽ അദ്ദേഹത്തോട് തോറ്റു. 2022ൽ ആർക്കാണ് വിജയമെന്നറിയാൻ മാർച്ച് പത്തുവരെ കാക്കാതെ നിവൃത്തിയില്ല എന്നതാണ് സ്ഥിതി.
കുമയൂണിലെ പ്രമുഖ ദളിത് നേതാവും യശ്പാൽ ആര്യയുടെ മകനും സിറ്റിങ് എം.എൽ.എയുമായ സഞ്ജീവ് ആര്യയും അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സരിത ആര്യയും തമ്മിൽ കടുത്ത മത്സരമാണ് നൈനിറ്റാളിൽ.
ഗംഗോത്രി മണ്ഡലത്തിൽനിന്ന് വിജയിക്കുന്ന പാർട്ടിക്കാണ് സംസ്ഥാന ഭരണം കൈയാളാൻ യോഗമൊക്കുക. മുഖ്യമന്ത്രി സ്ഥാനാർഥി കേണൽ അജയ് കൊത്തിയാലിനെയാണ് ബി.ജെ.പി നിർത്തിയത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും വരുന്നതോടെ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കാം.
ഉത്തരാഖണ്ഡിൽ ആകെയുള്ള 70 നിയമസഭാ സീറ്റുകളിൽ 59ലും ബി.ജെ.പി സ്ഥാനാർഥികളായി. കോൺഗ്രസ് 53 പേരുടെ പട്ടിക പ്രഖ്യാപിച്ചു.സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രചാരണ തലവൻ ഹരീഷ് റാവത്തും അടുത്തിടെ ബി.ജെ.പിയിൽനിന്ന് കോൺഗ്രസിൽ ചേർന്ന ഹരക് സിംഗ് റാവത്തും മത്സരിക്കാൻ തീരുമാനിച്ചാൽ എവിടെനിന്ന് മത്സരിക്കുമെന്നത് കൗതുകകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.