ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കനത്ത മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞിരിക്കുകയാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണം. ദേവഭൂമിയായി അറിയപ്പെടുന്ന ഉത്തരാഖണ്ഡ് നിലനിർത്താൻ ബി.ജെ.പിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശക്തമായി മത്സരരംഗത്തുണ്ടെങ്കിലും കനത്ത മഞ്ഞും തണുപ്പും പ്രചാരണത്തിന് തിരിച്ചടിയായിരിക്കുകയാണ്. വീടുകയറിയുള്ള പ്രചാരണവും സാധിക്കുന്നില്ലെന്ന് മാത്രമല്ല, ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്ന കാലാവസ്ഥയുമാണ്. ഇത്തവണ റെക്കോഡ് മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ വെർച്വൽ റാലി മോശം കാലാവസ്ഥമൂലം റദ്ദാക്കേണ്ടിവന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വെർച്വൽ റാലിയിൽ പലയിടങ്ങളിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തത്. കേദാർനാഥ്, ഗംഗോത്രി, മസൂറി, നൈനിതാൾ, ചകർത്ത, ധാർചുല, പുരോള, ധനോൾട്ടി തുടങ്ങിയ മേഖലകളിലാണ് മഞ്ഞുവീഴ്ച രൂക്ഷം. മുൻവർഷത്തെക്കാൾ തണുപ്പാണ് ഇത്തവണയെന്ന് കേദാർനാഥ് മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി മനോജ് റാവത്ത് പറഞ്ഞു. ഒരു ഗ്രാമത്തിൽനിന്ന് അടുത്ത ഗ്രാമത്തിലെത്താൻ മണിക്കൂറുകളെടുക്കും. സവർണ ഹിന്ദുവോട്ടുകൾ ഏറെയുള്ള സംസ്ഥാനത്ത് സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിൽ ബി.ജെ.പിക്കാണ് മേൽക്കൈ. 70 മണ്ഡലങ്ങളാണ് ആകെ. ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.