കണ്ണൂർ: മുസ്ലിം ലീഗിന്‍റെ പടക്കുതിര കെ.എം. ഷാജി മൂന്നാമങ്കത്തിൽ അടിതെറ്റിവീണു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിനെ രംഗത്തിറക്കി യുവത്വവും ജനകീയതയും മുതൽക്കൂട്ടാക്കാെമന്ന സി.പി.എമ്മിെൻറ രാഷ്ട്രീയ നീക്കത്തിെൻറ വിജയമാണ് അഴീക്കോട്ട് ഇക്കുറി സാക്ഷ്യം വഹിച്ചത്. അയ്യായിരത്തിലേറെ വോട്ടുകൾക്കാണ് സുമേഷിന്‍റെ ജയം.
ജില്ലയിൽ കനത്ത മത്സരം നടന്ന അഴീക്കോട് മണ്ഡലത്തിലെ വിജയം സി.പി.എമ്മിന് അഭിമാന പ്രശ്നമായിരുന്നു. ഇടതുകോട്ടയായ അഴീക്കോടിൽ ജില്ലക്ക് പുറത്തുനിന്നെത്തിയ മുസ്ലിംലീഗിലെ കെ.എം. ഷാജി രണ്ട് തവണ ജയിച്ചുകയറിയത് കനത്ത ആഘാതമായിരുന്നു പാർട്ടിക്ക് ഏൽപിച്ചത്. കെ.വി. സുമേഷിലൂടെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാൻ സാധിച്ചത് രാഷ്ട്രീയ വിജയമായാണ് പാർട്ടി കണക്കുകൂട്ടുന്നത്.
ഷാജിക്കെതിരെ തികച്ചും രാഷ്ട്രീയമായ മത്സരം നടത്തുക എന്നുതന്നെയായിരുന്നു പാർട്ടിയുടെ തീരുമാനം. അതിനാലാണ് കഴിഞ്ഞ തവണത്തേതുപോലെ രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥികളെ കുറിച്ച് സി.പി.എം ചിന്തിക്കുക പോലും ചെയ്യാതിരുന്നത്. ജില്ലയിലുടനീളം മികച്ച പ്രതിച്ഛായയുള്ള യുവനേതാവ് സുമേഷിനെ രംഗത്തിറക്കിയതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ പാർട്ടിയുടെ വലിയ 'ശത്രു'ക്കളിലൊരാളായ ഷാജിയെ കൊമ്പുകുത്തിക്കുകയെന്നതു തന്നെയായിരുന്നു സി.പി.എമ്മിന്‍റെ ഉന്നം.
ലീഗിലെ കരുത്തനായ യുവ സ്ഥാനാർഥിയെ കനത്ത പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ കെ.വി. സുമേഷ് അത്രമേൽ ആഗ്രഹിച്ച വിജയമാണ് പാർട്ടിക്ക് സമ്മാനിച്ചത്. 2011ൽ സി.പി.എമ്മിലെ എം. പ്രകാശൻ മാസ്റ്ററെ 493 വോട്ടിനും 2016ൽ ഇടതു സ്ഥാനാർഥിയായ എം.വി നികേഷ് കുമാറിനെ 2287വോട്ടിെൻറ ഭൂരിപക്ഷത്തിലുമാണ് ഷാജി മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്.
ഇൗ ചരിത്രമാണ് സുമേഷ് തിരുത്തിക്കുറിച്ചത്. വിജയം മാത്രം ലക്ഷ്യമിട്ട് മുതിർന്ന നേതാവായ പി. ജയരാജനെയായിരുന്നു സി.പി.എം അഴീക്കോട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിെൻറ ചുക്കാൻ നൽകിയത്.
പാർട്ടിയുടെ ചിട്ടയായ പ്രവർത്തനവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന പൊതു സ്വീകാര്യതയും സുമേഷിന് വോട്ടായി പെട്ടിയിൽ വീണു എന്നാണ് ജനവിധി തെളിയിക്കുന്നത്. വിജിലൻസിെൻറ ചോദ്യം ചെയ്യൽ വരെയെത്തിയ പ്ലസ് ടു കോഴ കേസ്, അനധികൃത സ്വത്ത് സമ്പാദനം എന്നിവയെല്ലാം ഷാജിക്ക് പ്രതികൂലമായി ബാധിച്ചു എന്നതാണ് പരാജയത്തിെൻറ ഘടകമായി കണക്കുകൂട്ടുന്നത്.
കൂടാതെ പ്ലസ് ടു കോഴ കേസിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ ഷാജിക്കെതിരെ ഒളിയമ്പുകളുണ്ടായിരുന്നു. തുടക്കത്തിൽ മണ്ഡലം മാറാൻ ഷാജി നടത്തിയ നീക്കങ്ങളും തെരഞ്ഞെടുപ്പുഗോദയിൽ ചർച്ചയായി മാറി. ഇതെല്ലാം എതിർസ്ഥാനാർഥിക്ക് അനുകൂലമായി ഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.