കണ്ണൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്ന ന്യായ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായ് അല്ല അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ ധർമടത്ത് മുഖ്യമന്ത്രി റോഡ് ഷോ നടത്തി.
കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോള്‍ കേരളത്തില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാന്‍ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്.
600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ ഒന്നര വര്‍ഷം കുടിശ്ശികയാക്കി അഞ്ചു വര്‍ഷം കൊണ്ട് ആറര വര്‍ഷത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ നിർബന്ധിതമാക്കിയവരാണ് 6000 രൂപയുടെ കഥയുമായി ഇറങ്ങിയിട്ടുള്ളത്. ഇത്തരമൊരു വ്യാജ വാഗ്ദാനം കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാമെന്നും മലയാളികളെ വിഡ്ഢികളാക്കാം എന്നുമാണോ ഈ അവസാന നിമിഷത്തില്‍ കോണ്‍ഗ്രസ്സ് കരുതുന്നത്.
കേരളത്തില്‍ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോണ്‍ഗ്രസിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. ഭരണം കിട്ടിയാല്‍ അല്ലേ നടപ്പാക്കുന്ന പ്രശ്നം ഉദിക്കൂ. ഭരണം കിട്ടാന്‍ സാധ്യത ഇല്ലാത്തിടത്ത് എന്തും പറയാമല്ലോ. വില കല്‍പിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇവിടുത്തെ ജനങ്ങള്‍ വോട്ടെടുപ്പ് ദിവസം ശക്തമായ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.