തെരഞ്ഞെടുപ്പിന് ഒരാഴ്ച കൂടി ശേഷിക്കെ മണ്ഡലങ്ങളിലെ പ്രചാരണം ഉച്ചസ്ഥായിയിലാണ്. മുന്നണികൾ ഒന്നും രണ്ടും വട്ട പ്രചാരണ പരിപാടികൾ പൂർത്തിയാക്കി. അവസാന ലാപ്പിലേക്കെത്തിയതോടെ മണ്ഡലങ്ങളിലെ ചിത്രങ്ങളും മാറി മറിഞ്ഞുതുടങ്ങി. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും നിലവിലെ ചിത്രങ്ങളിലൂടെ...
വാഹിദ് അടിമാലി
അടിമാലി: വോെട്ടടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ദേവികുളത്ത് ഫലം പ്രവചനാതീതം. തുടർച്ചയായി മൂന്ന് പ്രാവശ്യം കൈവശമിരുന്ന മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക തള്ളിയെങ്കിലും സ്വതന്ത്രനെ സ്വന്തമാക്കി മുഖം രക്ഷിച്ച എന്‍.ഡി.എയും സജീവമാണ്.
യുവ അഭിഭാഷകന് എ. രാജയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മുന്‍ ജില്ല പഞ്ചായത്ത് അംഗവും മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി. കുമാറാണ് യു.ഡി.എഫിന് വേണ്ടി കളത്തിൽ. പരിചിത മുഖത്തെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാനുള്ള തീവ്ര പ്രചാരണ പരിപാടിയിലാണ് യു.ഡി.എഫ്. എസ്. ഗണേശനെ എന്‍.ഡി.എ പിന്തുണക്കുന്നു.
തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതിെൻറ മുന്‍തൂക്കം ഡി. കുമാറിന് മുതല്കൂട്ടാവുേമ്പാള് യുവത്വവും കഴിഞ്ഞ 15 വര്‍ഷത്തെ മണ്ഡലത്തിലെ വികസന നേട്ടവും ഉയര്‍ത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം. കാര്‍ഷിക മേഖല ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അനുകൂലമായത് എല്‍.ഡി.എഫും തോട്ടം മേഖലയിലെ പരമ്പരാഗത പഞ്ചായത്തുകള്‍ തങ്ങൾക്ക് ലഭിച്ചത് യു.ഡി.എഫും നേട്ടമായി കാണുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ മണ്ഡലത്തിലെത്തിയത് ഇരുമുന്നണികള്‍ക്കും ആവേശം പകർന്നു.
രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിയതോടെ യു.ഡി.എഫ് ക്യാമ്പ് ആഹ്ലാദത്തിലായി. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിലെ എ.കെ. മണിയാണ് യു.ഡി.എഫിനായി േഗാദയിലിറങ്ങിയത്. ഇക്കുറി മണിയെ മാറ്റിയാണ് ഡി. കുമാറിനെ യു.ഡി.എഫ് രംഗത്തിറക്കിയത്. അപ്രതീക്ഷിതമായാണ് ഗണേശന് എന്‍.ഡി.എ പാളയത്തിലെത്തിയത്.
എ.ഐ.എ.ഡി.എം.കെക്ക് നൽകിയ സീറ്റിൽ എം. ധനലക്ഷ്മിയുടെ പത്രിക തള്ളിയതോടെ എൻ.ഡി.എ സ്വതന്ത്രനെ ഒപ്പം കൂട്ടുകയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം വർധിപ്പിക്കാമെന്ന വിശ്വാസത്തിലാണ് എന്‍.ഡി.എ. അടിമാലി ബ്ലോക്കിന് കീഴിലെ അടിമാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളും ദേവികുളം ബ്ലോക്കിന് കീഴിലെ ദേവികുളം, ചിന്നക്കനാല്‍, വട്ടവട, മറയൂര്‍, കാന്തലൂര്, മൂന്നാര്‍, ഇടമലക്കുടി, മാങ്കുളം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം മണ്ഡലം.
പി.കെ. ഹാരിസ്
കുമളി: പീരുമേട്ടിലെ ഇളം കാറ്റിൽ പടരുന്ന തേയിലകൊളുന്തിെൻറ സുഗന്ധം പോലെ ലളിതമല്ല മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം. കൊണ്ടും കൊടുത്തും ഇരുമുന്നണികളും പോരാട്ടം കൊഴുപ്പിക്കുമ്പോൾ വേനൽ ചൂടിനെക്കാൾ തിളച്ചു മറിയുകയാണ് തെരഞ്ഞെടുപ്പ് അന്തരീക്ഷം. മണ്ഡലത്തിലെ വിശാലമായ തേയിലത്തോട്ടങ്ങളിലെ ജീവിത സാഹചര്യമാണ് ഇരു മുന്നണികളുടെയും പ്രചാരണായുധം. പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട തോട്ടങ്ങൾ, ഇവിടത്തെ ആയിരക്കണക്കിന് തൊഴിലാളികൾ, ഇവരുടെ ഒറ്റമുറി ലയങ്ങൾ, അവിടത്തെ ജീവിതം എന്നിങ്ങനെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉയർന്നു വരുന്ന വിഷയങ്ങൾ നിരവധി.
തോട്ടം മേഖലയ്ക്കൊപ്പം മണ്ഡലത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, നാണ്യവിളകളുടെ വിലത്തകർച്ച, വിനോദ സഞ്ചാര മേഖലയിലെ പ്രശ്നങ്ങൾ എന്നിവയും പീരുമേട്ടിലെ ചർച്ച വിഷയങ്ങളാണ്.
മറിഞ്ഞും തിരിഞ്ഞും മുന്നണികളെ മാറി മാറി പുൽകിയ പീരുമേട് കഴിഞ്ഞ 15 വർഷമായി സി.പി.ഐയുടെ കൈകളിലാണ്. മുന്നണി സ്ഥാനാർഥികൾ ഇതിനോടകം രണ്ടു ഘട്ട പര്യടനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ ആറെണ്ണം കൈപ്പിടിയിലൊതുക്കിയതിെൻറയും കോവിഡ് കാലത്തും തോട്ടം തൊഴിലാളികൾക്കിടയിൽ കൃത്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് പട്ടിണി ഇല്ലാതാക്കാനായതിെൻറയും ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി.
വികസന രംഗത്തെ പിന്നാക്കാവസ്ഥയും പുതിയ പദ്ധതികളും പരിപാടികളും ഇല്ലാത്തതും തോട്ടം തൊഴിലാളികളുടെ ദുരിതങ്ങളും ഉയർത്തിക്കാട്ടിയാണ് യു.ഡി. എഫ് മുന്നേറ്റം.
2016ലെ കണക്ക് പ്രകാരം 1,75,524 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. തമിഴ് വോട്ടർമാർ ധാരാളമുള്ള മണ്ഡലത്തിൽ ഇരുമുന്നണികൾക്കൊപ്പം ബി.ജെ.പി സ്ഥാനാർഥിയും കളംനിറയുന്നു.
കഴിഞ്ഞ തവണ 314 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സി.പി.ഐയിലെ ഇ.എസ്. ബിജിമോൾ ഇപ്പോഴത്തെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ.സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. അന്ന് ബി.ജെ.പിയിലെ കുമാർ 11,833 വോട്ട് നേടിയിരുന്നു. കുമാറിനു പകരം ഇത്തവണ കളത്തിലുള്ളത് ജില്ല നേതാവ് കൂടിയായ ശ്രീനഗരി രാജനാണ്. ഇവരെ മറികടന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടുകയാണ് സി.പി.ഐയിലെ വാഴൂർ സോമെൻറ ലക്ഷ്യം.
മൂവർക്കും പുറമേ ബി.എസ്.പി.യുടെ ബിജു മറ്റപ്പള്ളി, സ്വതന്ത്രൻമാരായ സോമൻ, ഗോപാലകൃഷ്ണൻ എന്നിവരും മത്സര രംഗത്തുണ്ടെങ്കിലും ബിജു മറ്റപ്പള്ളി മാത്രമാണ് പ്രചാരണ രംഗത്ത് സജീവമായുള്ളത്.
മുന്നണി സ്ഥാനാർഥികളെ മാറി മാറി വിജയിപ്പിച്ച പാരമ്പര്യമുള്ള പീരുമേട്ടിൽ സാമുദായിക ധ്രുവീകരണവും തോട്ട മേഖലയിലെ അടിയൊഴുക്കുകളുമായിരിക്കും ഇത്തവണ വിജയം നിശ്ചയിക്കുക.
കുഞ്ഞുമോൻ കൂട്ടിക്കൽ
നെടുങ്കണ്ടം: കര്ഷകസമരങ്ങളുടെയും പട്ടിണി മാര്ച്ചിെൻറയും ചരിത്രം ഉറങ്ങുന്ന ഉടുമ്പന്‍ചോല മണ്ഡലം ഇരുമുണികളെയും അധികാരത്തിലേറ്റി പരീക്ഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്് വര്‍ഷമായി ഇടതുമുണിയുടെ കൈപ്പിടിയിലാണ് മണ്ഡലം. ഇതുവരെ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും സി.പി.ഐ യും രണ്ടുതവണ വീതം വിജയിച്ചപ്പോള്‍ കേരളകോണ്‍ഗ്രസ് നാല് തവണയും സി.പി.എം അഞ്ച്്് തവണയും വിജയിച്ചു.
ഇരു മുന്നണികള്‍ക്കും ശക്തമായ മേല്‍ക്കോയ്മ അവകാശപ്പെടാനില്ലാത്ത മണ്ഡലത്തില്‍ കാര്‍ഷിക - തോട്ടം മേഖലകളുടെ സ്വാധീനം വലുതാണ്. ഒപ്പം കേരള കോൺഗ്രസിെൻറ പിളര്‍പ്പും ജോസ് കെ.മാണി വിഭാഗത്തിെൻറ മണ്ഡലത്തിലെ സ്വാധീനവും ഇക്കുറി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അഞ്ച്്് വര്‍ഷത്തെ വികസനങ്ങള്‍ ഒന്നൊന്നായി എണ്ണിയെണ്ണി പറഞ്ഞ്്് ഇടത് മുന്നണി വോട്ട്്് അഭ്യർഥിക്കുമ്പോള്‍ ജില്ലയുടെ ഭൂപ്രശ്നങ്ങള്‍ പറഞ്ഞാണ് യു.ഡി.എഫ് മണ്ഡലത്തിലുടനീളം േവാട്ട്്് അഭ്യർഥിക്കുന്നത്. ഇതിനിടെ േകന്ദ്ര സര്‍ക്കാറിെൻറ നേട്ടങ്ങളും സംസ്ഥാന സര്‍ക്കാറിെൻറ ന്യൂനതകളും ചൂണ്ടിക്കാട്ടിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്ന ത്രികോണ മത്സരവും ലഭിച്ച വോട്ടും തുറന്നുകാട്ടിയാണ് എന്‍.ഡി.എ.
മത്സരരംഗത്ത് പിടിമുറുക്കിയിരിക്കുന്നത്. തോട്ടം തൊഴിലാളികളും തമിഴ് വോട്ടര്‍മാരും വിധി നിർണയിക്കുന്ന മണ്ഡലം കൂടിയാണിത്. പട്ടയ പ്രശ്നത്തിന് അര നൂറ്റാണ്ടോളം പഴക്കമുണ്ട്. കൃഷി ഭൂമിക്ക് പട്ടയം എന്ന ആവശ്യത്തോട് അനുകൂലമായേ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രതികരിച്ചിട്ടുള്ളു. പക്ഷേ ഒട്ടേറെ തടസ്സങ്ങള്‍ ഓരോ കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും പത്തുചെയിന്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ പട്ടയം കൊടുക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
മണ്ഡലം കൈയിൽനിന്നും വഴുതിപ്പോകാതിരിക്കാന്‍ മലയോരത്തിെൻറ മണിയാശാനെന്ന എം.എം. മണിയെയാണ് ഇടതു മുന്നണി ഇക്കുറിയും കളത്തിലിറക്കിയിരിക്കുന്നത്.മണിക്ക്്് മണികെട്ടുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് പഴയ പോരാളിയായ ഇ.എം. ആഗസ്തിയെയാണ്.
1996 ല്‍ കോണ്‍ഗ്രസിലെ ഇ.എം. ആഗസ്തി സി.പി.എമ്മിലെ എം.എം. മണിയെ 4667 വോട്ടുകള്ക്ക്്് പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും ഇടത് മുന്നണിയാണ് ഭരിക്കുന്നത്. കഴിഞ്ഞ തവണ എന്‍.ഡി.എയിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥി സജി പറമ്പത്ത്് 21,799 വോട്ട് നേടിയതിെൻറ പേരിലാണ് ബി.ഡി.ജെ.എസ് സീറ്റ് തരപ്പെടുത്തിയത്.
ബി.ഡി.ജെ.എസ് സന്തോഷ് മാധവനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹിള വിഭാഗം നേതാവായ രമ്യ രവീന്ദ്രനെ ബി.ജെ.പിയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് എൻ.ഡി.എയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ചർച്ചയിലൂടെ ബി.ഡി.ജെ.എസ് സീറ്റുറപ്പിക്കുകയായിരുന്നു. മറ്റൊരു സ്ഥാനാർഥി ബി.എസ്.പിയിലെ എ.സി. ബിജുവാണ്. ബി.എസ്.പിക്ക് കഴിഞ്ഞ തവണ കിട്ടിയത് 486 വോട്ടാണ്.
തോമസ് ജോസ്
കട്ടപ്പന: ആർക്കും മുൻതൂക്കം അവകാശപ്പെടാനാവാത്തവിധം കടുത്ത മത്സരമാണ് ഇത്തവണ ഇടുക്കിയിലേത്.
പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടതു-വലത് മുന്നണികൾ ഒരുപോലെ വിജയപ്രതീക്ഷയിലാണ്. മണ്ഡലത്തിലെ പ്രധാന ചർച്ചവിഷയങ്ങളായ ഭൂപ്രശ്നവും ഇടുക്കി പാക്കേജും നാണ്യവിളകളുടെ വിലയിടിവും കാർഷിക കടങ്ങൾ എഴുതിത്തള്ളലും ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ.
ആദ്യഘട്ടത്തിൽ എൽ.ഡി.എഫ് മുൻതൂക്കം നേടിയിരുന്നെങ്കിലും പ്രചാരണം അവസാനത്തോടടുക്കുേമ്പാൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. എൻ.ഡി.എ അവരുടെ വനിത സ്ഥാനാർഥിയെ കളത്തിലിറക്കി വനിത വോട്ടർമാരെയും സ്വാധീനിക്കാനുള്ള തീവ്രപ്രചാരണത്തിലാണ്. ജില്ലയിലെ കർഷകരെ ബാധിക്കുന്ന നിർമാണ നിരോധനം അടക്കം ഭൂപ്രശനം സജീവ ചർച്ചയക്കാൻ യു.ഡി.എഫ് കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയിരുന്നു.
വർഷങ്ങളായി യു.ഡി.എഫ് മുൻതൂക്കം നിലനിർത്തുന്ന മണ്ഡലത്തിൽ ജനവികാരം മാറിമറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്രരടക്കം നിലവിൽ ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
എൽ.ഡി.എഫ് സ്ഥാനാർഥി റോഷി അഗസ്റ്റ്യന്‍ (കേരള കോണ്‍ഗ്രസ് എം) രണ്ടില ചിഹ്നത്തിലും യു.ഡി.എഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ് ജോസഫ്) ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നത്തിലും എൻ.ഡി.എ സ്ഥാനാർഥി അഡ്വ. സംഗീത വിശ്വനാഥന് (ബി.ഡി.ജെ.എസ്) ഹെൽമറ്റ് ചിഹ്നത്തിലും മത്സരിക്കുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാർഥിയായി ബാബു വര്‍ഗീസ് വട്ടോളി ആന ചിഹ്നത്തിലും രംഗത്തുണ്ട്. ഇവരെക്കൂടാതെ സ്വതന്ത്ര സ്ഥാനാർഥികളായ ബിജീഷ് തോമസ് (സ്വത.) ഊന്നുവടി ചിഹ്നത്തിലും വിന്‍സെൻറ് ജേക്കബ് (സ്വത.) താക്കോൽ ചിഹ്നത്തിലും സജീവ് (സ്വത.) ഗ്രാമഫോൺ ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്.
തുടർച്ചയായി നാലുതവണ വിജയിച്ച മണ്ഡലത്തിൽ അഞ്ചാമങ്കത്തിലാണ് റോഷി അഗസ്റ്റിൻ. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മേൽെക്കെയും കേരള കോൺഗ്രസ് വോട്ടുകളും ചേരുേമ്പാൾ വിജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനാണ് ഫ്രാൻസിസ് ജോർജിെൻറ നീക്കം. വലതിനൊപ്പം നിൽക്കുന്ന മണ്ഡലമായതിൽ വിജയം ഉറപ്പാണെന്നും യു.ഡി.എഫ് കരുതുന്നു.
അഫ്സൽ ഇബ്രാഹിം
തൊടുപുഴ: പി.ജെ. ജോസഫിെൻറ കുത്തക മണ്ഡലമെന്ന് തൊടുപുഴയെ വിളിക്കാം. കാരണം 10 തവണ മത്സര രംഗത്തിറങ്ങിയ ജോസഫിന് ഒരുതവണ മാത്രമാണ് ഇവിടെ പരാജയം നേരിടേണ്ടിവന്നത്. ശ്രദ്ധേയമായ പല പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കളത്തിലിറങ്ങിയിരിക്കുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗം എത്തിയതാണ് ഇടതിന് പ്രതീക്ഷ നൽകുന്നത്.
11ാംതവണ അങ്കത്തട്ടിലിറങ്ങിയ പി.ജെ. ജോസഫിനോട് മത്സരിക്കുന്നത് കേരള കോൺഗ്രസ് എം നേതാവ് പ്രഫ. കെ.ഐ. ആൻറണിയാണ്. മുൻകാലങ്ങളിൽ പി.ജെ. ജോസഫിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച വ്യക്തി കൂടിയാണ് കെ.ഐ. ആൻറണി. കേരള കോൺഗ്രസ് വഴിപിരിഞ്ഞതോടെ രണ്ടില മാറി ഇത്തവണ ട്രാക്ടറോടിക്കുന്ന കർഷകനാണ് പി.ജെ. ജോസഫിെൻറ ചിഹ്നം. ചിഹ്നം ഏതായാലും സ്വന്തം തട്ടകം കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് പി.ജെ. ജോസഫിെൻറ പ്രചാരണം കൊഴുക്കുന്നത്. തൊടുപുഴ മണ്ഡലത്തിൽ കൊണ്ടുവന്ന വികസനമാണ് പി.ജെ. േജാസഫ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്ന പ്രധാന വിഷയം.
2016ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് പി.ജെ സ്വന്തമാക്കിയത്. 76,564 വോട്ടാണ് ലഭിച്ചത് -45,587 വോട്ടിെൻറ ഭൂരിപക്ഷവും. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തൊടുപുഴയിൽ മേൽക്കൈ യു.ഡി.എഫിനാണ്. നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ ഒമ്പതും രണ്ട് ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് ഭരിക്കുന്നു. ഏക മുനിസിപ്പാലിറ്റി ഒരംഗത്തിെൻറ മുൻതൂക്കത്തിൽ എൽ.ഡി.എഫ് പക്ഷത്താണ്.
പി.ജെ. ജോസഫ് ഇടതുമുന്നണിയിൽനിന്ന് മത്സരിച്ചപ്പോൾ മാത്രമാണ് തൊടുപുഴ ഇടതുപക്ഷത്തിനൊപ്പം നിന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്വതന്ത്രൻ മത്സരിച്ച ഇവിടെ 30,977 വോട്ടാണ് ലഭിച്ചത്. എന്നാൽ, ഇത്തവണ സാഹചര്യം മാറിയത് ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിെൻറ വിലയിരുത്തൽ. പാർട്ടി ചിഹ്നമായ രണ്ടിലയിലാണ് കെ.ഐ. ആൻറണിയുടെ മത്സരം. മണ്ഡലത്തിൽ പരിചിതനാണിദ്ദേഹം.
കേരള കോൺഗ്രസ് എം വോട്ടുകളും മുന്നണി വോട്ടുകളും കൂടിയാകുേമ്പാൾ ജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണുള്ളത്. മികച്ച രീതിയിൽ പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതും ഗുണം ചെയ്യുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് നേട്ടം കൊയ്യാനായ മണ്ഡലമാണ് തൊടുപുഴ. അന്ന് ബി.ഡി.ജെ.എസ് മത്സരിച്ചെങ്കിൽ ഇപ്പോൾ ബി.ജെ.പിയിലെ പി. ശ്യാംരാജാണ് സ്ഥാനാർഥി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ശ്യാംരാജ് ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്നാണ് ബി.ജെ.ബിയുടെ അവകാശവാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തൊടുപുഴയിൽ 28,845 വോട്ടാണ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.