കല്യാശ്ശേരി (കണ്ണൂർ): നിരവധി വിപ്ലവ നായകർക്ക് ജന്മം നൽകിയ ചുവപ്പുമണ്ണായ കല്യാശ്ശേരി ഇടതിെൻറ പൊന്നാപുരം കോട്ടയാണെന്ന് ഇൗ ജനവിധിയും തെളിയിച്ചു. എൽ.ഡി.എഫിലെ എം. വിജിൻ 44, 393 വോട്ടിെൻറ ഭൂരിപക്ഷമാണ് ഇക്കുറി നേടിയത്. വിജിൻ 88,252 വോട്ട് നേടിയപ്പോൾ യു.ഡി.എഫിലെ ബ്രിജേഷ് കുമാറിെൻറ പെട്ടിയിൽ 43859 വോട്ടാണ് വീണത്. ബി.ജെ.പിയിലെ അരുൺ കൈതപ്രം 11365 വോട്ട് കരസ്ഥമാക്കി. വെൽഫെയർ പാർട്ടിയിലെ ഫൈസൽ മാടായി 1169 വോട്ട് നേടി. നോട്ടയുടെ പെട്ടിയിൽ 666 വോട്ടാണ് വീണത്.
മണ്ഡലം രൂപവത്കൃതമായതിനുശേഷം രണ്ടുതവണയും സി.പി.എമ്മിലെ ടി.വി. രാജേഷായിരുന്നു കല്യാശ്ശേരിയിൽനിന്ന് നിയമസഭയിലെത്തിയത്.
2011ലെ തെരഞ്ഞെടുപ്പിൽ രാജേഷ് 73,190 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി കോൺഗ്രസിലെ പി. ഇന്ദിര നേടിയത് 43244 വോട്ടുകളാണ്. 29946 വോട്ടിെൻറ ഭൂരിപക്ഷമാണ് അന്ന് രാജേഷ് നേടിയത്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ടി.വി. രാജേഷിനെ തന്നെ എൽ.ഡി.എഫ് രണ്ടാമങ്കത്തിനിറക്കി.
കോൺഗ്രസിലെ മുൻ മന്ത്രി എൻ. രാമകൃഷ്ണെൻറ മകൾ അമൃത രാമകൃഷ്ണനെയാണ് യു.ഡി.എഫ് മത്സരിക്കാനിറക്കിയത്. രാജേഷ് 42,891 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് അമൃത രാമകൃഷ്ണനെ പരാജയപ്പെടുത്തിയത്.
2016ലെ തെരഞ്ഞെടുപ്പിലൂടെ, കേരള നിയമസഭയിൽ പോൾ ചെയ്ത വോട്ടിെൻറ 60 ശതമാനം നേടി നിയമ സഭയിൽ റെക്കോഡിട്ട രണ്ടുപേരിൽ ഒരാൾ ടി.വി. രാജേഷും മറ്റൊരാൾ പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ്. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിൽ കല്യാശ്ശേരിയിൽ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താനേക്കാൾ സി.പി.എമ്മിെൻറ സതീഷ് ചന്ദ്രന് നേടാനായത് 13694 വോട്ടാണ്.
2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 32829 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തിൽ എൽ.ഡി.എഫിന്. പാർട്ടിയിലെ പ്രായം കുറഞ്ഞ സ്ഥാനാർഥിയും സി.പി.എം ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറും കേന്ദ്ര കമ്മിറ്റിയംഗവുമായ വിജിൻ മണ്ഡലത്തിൽ നേടിയത് മിന്നുന്ന വിജയമാണ്. യുവനേതാവെന്ന നിലയിലുള്ള പ്രവർത്തന മികവാണ് വിജിന് നിയമസഭയിൽ കന്നിയങ്കത്തിന് വഴിയൊരുക്കിയത്.
കമ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആർ. ഗോപാലൻ, സഹോദരൻ കെ.പി.ആർ. രയരപ്പൻ, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ച ഇ.കെ. നായനാർ തുടങ്ങിയവരുടെ ജന്മനാട്ടിൽ ചുവപ്പിെൻറ ചന്തത്തിന് മാറ്റുകുറഞ്ഞില്ല എന്നതാണ് ഇക്കുറിയും ജനവിധി തെളിയിക്കുന്നത്.
2016ലെ വോട്ടുനില
എൽ.ഡി.എഫ് - ടി.വി. രാജേഷ് 83006
യു.ഡി.എഫ് - അമൃത രാമകൃഷ്ണൻ 40115
ബി.ജെ.പി - കെ.പി. അരുൺ 11036
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.