കല്യാശ്ശേരി: മണ്ഡലത്തിലെ 'ബേബി' സ്ഥാനാർഥിയാണ് എൽ.ഡി.എഫിലെ വിജിൻ. അതുകൊണ്ടുതന്നെ തുടിക്കുന്ന യുവത്വ പ്രസരിപ്പോടെയാണ് വോട്ട് തേടുന്നതും സംവദിക്കുന്നതും പ്രസംഗിക്കുന്നതും.
ഓരോ ദിവസത്തെയും പരിപാടികളിൽ പ്രഥമ സ്വീകരണ യോഗത്തിലെ അതേ ആവേശവും പ്രസരിപ്പുമാണ് അവസാനത്തെ പ്രചാരണ യോഗത്തിലും വിജിന്.
വികസന തുടർച്ചക്ക് വോട്ടുചോദിച്ചാണ് വിജിൻ മണ്ഡലത്തിലെ ഒാരോരുത്തരെയും സമീപിക്കുന്നത്. കാനായിയിലെ ആദ്യ സ്വീകരണത്തിൽ സ്ഥാനാർഥിക്ക് വെടിക്കെട്ടോടെയായിരുന്നു വരവേൽപ്.വാദ്യമേളങ്ങളോടെയും മുത്തുക്കുടയേന്തിയുമാണ് സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്. ഒരു വോട്ടർ വിജിന് പഴക്കുലയും സമ്മാനമായി നൽകി.
കോട്ടക്കീൽ, കാനായി, ഏഴോം, നെരുവമ്പ്രം, ചെങ്ങൽതടം, കൊവ്വപ്രം, പഴയ ജെ.ടി.എസ്, അടുത്തില വെസ്റ്റ്, അടുത്തില ഈസ്റ്റ് വായനശാല, അതിയടം, മേലതിയടം, ശ്രീസ്ഥ, കുളപ്രം, ഒറന്നിടത്ത് ചാൽ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി വൈകി പെരിയാട്ടാണ് സ്ഥാനാർഥി എം. വിജിെൻറ പര്യടന പരിപാടി വെള്ളിയാഴ്ച അവസാനിച്ചത്.
ഒരോ സ്വീകരണ കേന്ദ്രത്തിലും ഇടതുസർക്കാറിെൻറ വികസനങ്ങൾ എണ്ണിപ്പറഞ്ഞാായിരുന്നു വോട്ടുതേടൽ.
ഒറ്റ ദിവസം തന്നെ രണ്ട് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ബ്രിജേഷ് കുമാർ പര്യടനം പൂർത്തിയാക്കിയത്. കമ്യൂണിസ്റ്റ് ആധിപത്യമുള്ള പഞ്ചായത്തായ കല്യാശ്ശേരിയും യു.ഡി.എഫ് പഞ്ചായത്തായ മാട്ടൂലിലുമായി 16 കേന്ദ്രങ്ങളിലായാണ് പര്യടനം. പര്യടന കേന്ദ്രങ്ങളിലെത്തിയാൽ സമീപത്തെ വീടുകൾ, ബസ് സ്റ്റോപ്പുകൾ, കവലകൾ മുതൽ പലചരക്ക് കടകൾ വരെ സന്ദർശിച്ചാണ് വോട്ട് തേടുന്നത്.
'കല്യാശ്ശേരി എനിക്ക് പരിചയമുള്ള നാടാണ്. ഞാൻ നിങ്ങളോടൊപ്പം ഒരു കൂടപ്പിറപ്പിനെ പോലെ എന്നുമുണ്ടാവും. കല്യാശ്ശേരിയിൽ യഥാർഥത്തിൽ വികസനമുണ്ടായിട്ടില്ല....' എന്നാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടറോട് പറയാനുള്ളത്.
കല്യാശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ട് തെരു, ഹാജി മൊട്ട, കല്യാശ്ശേരി, അഞ്ചാംപീടിക, പാറക്കടവ്, മരച്ചാപ്പ, ഇരിണാവ് റോഡ്, ഇരിണാവ് ഡാം, കെ. കണ്ണപുരം, സിദ്ദീഖ് പള്ളി, മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ അതിർത്തി, കാവിലെ പറമ്പ്, ജസീന്ത, മാട്ടൂൽ സെൻട്രൽ, ഗ്രാമീണ വായനശാല, മാട്ടൂൽ സൗത്ത് കേന്ദ്രങ്ങൾ പിന്നിട്ട് ആറ് മണിക്ക് മടക്കരയിൽ സമാപിക്കേണ്ട പരിപാടി രണ്ട് മണിക്കൂർ വൈകിയാണ് അവസാനിച്ചത്.
ഒരോ വോട്ടറോടും കുശലം പറഞ്ഞും വോട്ട് ചോദിച്ചും സമയം പോകുന്നത് ബ്രിജേഷ് അറിഞ്ഞതേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.