കരുനാഗപ്പള്ളി: സ്ഥിരം ജീവനക്കാരുടെ ഒഴിവുള്ള കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പിൻവാതിൽ നിയമനമെന്ന് പരാതി. 60 ഓളം ഗവ. സ്റ്റാഫ് നഴ്സ് തസ്തികയുള്ള ആശുപത്രിയിലെ സ്ഥിരം ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല. കുറെ വർഷമായി പിൻവാതിൽ നിയമനമെന്നാണ് പരാതി.
ഒമ്പത് ഹെഡ് നഴ്സും 60 സ്റ്റാഫ് നഴ്സും വേണ്ട ആശുപത്രിയിൽ ദീർഘകാല അവധിയും വിദേശത്തേക്ക് പോയതുമടക്കം 17 പേരുടെ ഒഴിവുണ്ട്. 190 ബെഡുകളുള്ള ആശുപത്രിയിൽ 110 കിടപ്പുരോഗികൾ ചികിത്സയിലുണ്ട്. 1968 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 1500 മുതല്‍ 1800 വരെ ആളുകളാണ് ദിവസവും ആശുപത്രി ഒ.പിയിൽ എത്തുന്നത്. രാത്രികാലങ്ങളിൽ കാഷ്വാലിറ്റിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്.
ഹീമോഫീലിയ രോഗത്തിനുള്ള മരുന്ന് ലഭ്യമല്ലാതായിട്ട് നാളേറെയായെന്നാണ് മറ്റൊരു പരാതി. നീർക്കെട്ട്, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങളുമായിട്ട് മരുന്നിനായി രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്ന രോഗികൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഫാക്ടർ ഒമ്പത് ഇനത്തിലുള്ള ഹീമോഫീലിയ മരുന്നാണ് ആശുപത്രിയിൽ ഇല്ലാത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കാരുണ്യ പദ്ധതി വഴി ലഭ്യമായിരുന്ന മരുന്ന് ഇപ്പോള്‍ ദേശീയ ഹെല്‍ത്ത് മിഷന് കീഴിലുള്ള ആശാധാര പദ്ധതി വഴിയാക്കിയതോടെ ലഭ്യമല്ലാതെയായി.
പ്രതിഷേധങ്ങൾക്കിടെ സ്റ്റാഫിന്റെ കുറവ് നികത്താൻ എന്ന പേരിൽ കഴിഞ്ഞ ദിവസം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖാമുഖം നടത്തിയിരുന്നു. ഒഴിവുള്ള മറ്റു തസ്തികളിലേക്കും അഞ്ച് മുതൽ 10 വരെയുള്ള ദിവസങ്ങളിലായി മുഖാമുഖം നടത്തുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.