കായംകുളം യു. പ്രതിഭയുടെ കൈകളിൽ ഭദ്രം

കായംകുളം: വ്യക്തിപ്രഭാവം വോട്ടായി മാറിയതിലൂടെ കായംകുളം ഇടതുപക്ഷത്ത് യു. പ്രതിഭയുടെ കൈകളിൽ ഭദ്രം. അനുകൂല ഘടകങ്ങൾ മുതലാക്കുന്നതിൽ സംഭവിച്ച സംഘടന ദൗർബ്ബല്യം യു.ഡി.എഫിന് തിരിച്ചടിയായി. ബേബി സ്ഥാനാർഥി, ക്ഷീര കർഷക, സാധാരണക്കാരി തുടങ്ങിയ പരിവേഷങ്ങളിലൂടെ അരിത ബാബു നേടിയെടുത്ത സ്വീകര്യതയും മറികടന്നാണ് പ്രതിഭ മണ്ഡലം നിലനിർത്തിയത്.

പാർട്ടിക്കുള്ളിൽ നിന്നും നേരിട്ട വെല്ലുവിളികളെയും മറികടന്ന് ലഭിച്ച സ്ഥാനാർഥിത്വം ശരിയായിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭക്ക് കഴിഞ്ഞു. വികസന നേട്ടങ്ങളും വ്യക്തിബന്ധങ്ങളും വോട്ടായി മാറ്റാനായതും നേട്ടമായി. പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന എതിർപ്പുകളെ പരിഹരിക്കാനും എതിരാളികളെ വരെ രംഗത്തിറക്കാനും കഴിഞ്ഞതും മുന്നേറ്റത്തിന് കാരണമായി.

അടിസ്ഥാന വിഷയങ്ങളെ പരിഗണിച്ചുള്ള വികസന കാഴ്ചപ്പാടുകൾ ഇടത് പെട്ടിയിലെ വോട്ടുകൾ ചോരാതിരിക്കാൻ പ്രധാനകാരണമായി. മികച്ച റോഡുകളും പുതിയ പാലങ്ങളും വികസനത്തിലെ പുതിയ അനുഭവമായാണ് വോട്ടർമാർ വിലയിരുത്തിയത്. ഇതോടൊപ്പം മുന്നണിയുടെ ചിട്ടയാർന്ന പ്രവർത്തനങ്ങളും മേൽകൈ നിലനിർത്താൻ സഹായിച്ചു.

ഇഞ്ചോടിഞ്ച് മൽസര പ്രതീതി ഉയർന്നിരുന്നുവെങ്കിലും തുടക്കം മുതൽ വ്യക്തമായ മുന്നേറ്റമാണ് പ്രതിഭ കാഴ്ചവെച്ചത്. നഗരസഭയും ആറ് പഞ്ചായത്തുകളും കഴിഞ്ഞ കുറെ കാലങ്ങളായി തുടരുന്ന ഇടത് ചായ്വ് അതേപടി പ്രകടിപ്പിക്കുകയായിരുന്നു. ഇടതിന് വ്യക്തമായ മേൽകൈ നേടുന്ന ചെട്ടികുളങ്ങരയിൽ 'കുത്തിയോട്ട പാരഡി ഗാനം' അടക്കമുള്ളവ തിരിച്ചടിക്കുമെന്ന യു.ഡി.എഫ് പ്രതീക്ഷകളും തകർന്നടിഞ്ഞു.

സമുദായ ധ്രുവീകരണം, ഭരണവിരുദ്ധ വികാരം, സി.പി.എമ്മിലെ അസ്വാരസ്യം എന്നിവയിൽ പ്രതീക്ഷയർപ്പിച്ച യു.ഡി.എഫിന്‍റെ കണക്ക് കൂട്ടലും പിഴക്കുകയായിരുന്നു. ഇടതിന്‍റെ സംഘടന മികവിനെ നേരിടുന്നതിൽ സംഭവിച്ച വീഴ്ചയും ചില നേതാക്കളുടെ നിസംഗതയും യു.ഡി.എഫ് സ്ഥാനാർഥിക്ക് തിരിച്ചടിയായി.

Tags:    
News Summary - kayamkulam assembly election result 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.