കായംകുളം: വോട്ട് പെട്ടിയിലായപ്പോൾ ഒാണാട്ടുകരയിലെ കാറ്റിന്റെ ഗതി, കാലാവസ്ഥ പ്രവചനം പോലെ മുൾമുനയിൽ.
കണക്കും കണക്കിലെ കളികളുമായി മുന്നണി നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെങ്കിലും രാഷ്ട്രീയ മാറ്റങ്ങളും ജാതിസമവാക്യങ്ങളും അടിയൊഴുക്കും വോട്ടിങ് ഗതിയെ ബാധിച്ചതായാണ് സൂചന. നിശ്ലബ്ദ തരംഗത്തിെൻറ പ്രതിഫലനവും ബൂത്തുകളിൽ ദൃശ്യമായിരുന്നു.
ഇടതുസ്ഥാനാർഥി യു. പ്രതിഭയും യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. പ്രതിഭയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ വർധിക്കുമെന്ന് മുന്നണി നേതൃത്വം അവകാശപ്പെടുന്നു. മുൻകാലത്തുണ്ടായ വീഴ്ചകൾ പരിഹരിക്കപ്പെട്ടത് സാധ്യതകൾ ഉയർത്തിയതായി യു.ഡി.എഫും പറയുന്നു.
കഴിഞ്ഞ തവണ 1,56,806 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 11,857 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് പ്രതിഭ വിജയിച്ചത്. ഇത്തവണ 1,56,689 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണത്തെ അതേ വോട്ടിങ് നില നഗരത്തിലും പഞ്ചായത്തുകളിലും പ്രതിഫലിക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്.
കഴിഞ്ഞതവണ നഗരത്തിലും ആറ് പഞ്ചായത്തുകളിലും വ്യക്തമായ മേധാവിത്വം ഇടതുമുന്നണി നേടി. ഭരണിക്കാവ് 1841, പത്തിയൂർ 2602, ചെട്ടികുളങ്ങര 3303, കണ്ടല്ലൂർ 613, ദേവികുളങ്ങര 1419, കൃഷ്ണപുരം 1182, നഗരസഭ 897 എന്നിങ്ങനെയാണ് ഭൂരിപക്ഷം. ഇവിടങ്ങളിൽ സിറ്റിങ് എം.എൽ.എ എന്ന നിലയിൽ പ്രതിഭ നടത്തിയ ഇടപെടലുകൾ ഭൂരിപക്ഷ വർധനവിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ, ഇതിനെ തെറ്റിക്കുന്ന കണക്കുകളാണ് യു.ഡി.എഫിെൻറ കൈവശമുള്ളത്. കഴിഞ്ഞ തവണ നഷ്ടമായ വോട്ടുകളും തിരികെയെത്തിയത് അനുകൂലമാകുമെന്നാണ് ഇവരുടെ വാദം. നഗരത്തിലും ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം പഞ്ചായത്തുകളിലും വ്യക്തമായ മുന്നേറ്റം യു.ഡി.എഫിനുണ്ടാകുമെന്നാണ് പ്രതീക്ഷ.
ചെട്ടികുളങ്ങരയിലും പത്തിയൂരിലും ഭൂരിപക്ഷം കുറക്കാനാകുമെന്നും ഭരണിക്കാവിൽ ഒപ്പത്തിനൊപ്പം എത്താമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ തവണ കിട്ടാതിരുന്ന നേരിയ ശതമാനം വോട്ടുകൾ നഗരത്തിൽനിന്നടക്കം തിരികെ പിടിക്കാനായതും ആത്മവിശ്വാസത്തിന് കാരണമാണ്.
എൻ.എസ്.എസ് നിലപാടാണ് ചെട്ടികുളങ്ങര അടക്കമുള്ള പഞ്ചായത്തുകളിലെ പ്രതീക്ഷ. എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി പി. പ്രദീപ്ലാൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായത് ഇടതുപക്ഷത്തെയാണ് ബാധിക്കുന്നതെന്നാണ് പറയുന്നത്. ഇവർക്ക് കഴിഞ്ഞ തവണ ലഭിച്ച 20,000 വോട്ട് നിലനിർത്താനാകില്ലെന്നും വിലയിരുത്തലുണ്ട്.
ബി.ജെ.പിക്ക് ശക്തമായ സാന്നിധ്യമുള്ള ബൂത്തുകളിൽ ഏജൻറുമാർ ഇല്ലാതിരുന്നതും പ്രവർത്തകമാന്ദ്യവും വോട്ട് മറിയൽ സാധ്യതക്ക് തെളിവാകുന്നു. ഇവരുടെ കുറയുന്ന വോട്ടുകൾ ഏത് പെട്ടിയിലേക്ക് എന്നതും ഫലത്തെ ബാധിക്കുന്ന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.