കോട്ടക്കൽ: ആയുർവേദ നഗരത്തിലൂടെ തുടങ്ങി തൂതപ്പുഴയെ തഴുകി ഭാരതപ്പുഴയോട് ചേർന്ന് അവസാനിക്കുന്ന കോട്ടക്കൽ മണ്ഡലം യു.ഡി.എഫിെൻറ കോട്ടയാണ്. 2016ൽ മത്സരിച്ചവർതന്നെ ഇത്തവണയും നേർക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലമെന്ന പ്രത്യേകതയും കോട്ടക്കലിനുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങളും എൽ.ഡി.എഫ് പ്രതിനിധി എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടിയും (മമ്മൂട്ടി) തമ്മിലാണ് പ്രധാന മത്സരം. പി.പി. ഗണേശനാണ് എൻ.ഡി.എ സ്ഥാനാർഥി. വീറും വാശിയും ആവേശവുമുയർത്തിയാണ് മൂന്നുപേരുടേയും പ്രചാരണ പരിപാടികൾ.
മണ്ഡലം രൂപവത്കൃതമായ 2011ൽ 35,902 വോട്ടിെൻറ ഭൂരിപക്ഷം നേടിയ എം.പി. അബ്ദുസ്സമദ് സമദാനിയായിരുന്നു പ്രഥമ എം.എൽ.എ. എന്നാൽ, 2016ൽ ഭൂരിപക്ഷം 15,042 ആയി കുറക്കാൻ എൻ.എ. മുഹമ്മദ് കുട്ടിക്ക് കഴിഞ്ഞു. വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളും പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിെൻറ കൈയിൽ ഭദ്രമാണ്. പ്രതിപക്ഷത്തിെൻറ മണ്ഡലമായതിനാൽ പദ്ധതികൾക്കായി സർക്കാർ ഫണ്ട് അനുവദിച്ചില്ലെന്നാണ് യു.ഡി.എഫിെൻറ പ്രധാന പരാതി. ചോദിച്ച ഫണ്ട് നൽകിയില്ലെങ്കിലും ഒരുപാട് വികസന പദ്ധതികൾ നടപ്പാക്കാൻ എം.എൽ.എക്ക് കഴിഞ്ഞതായാണ് അവകാശവാദം.
എന്നാൽ, അഞ്ച് വർഷം വൻകിട വികസന പദ്ധതികൾ യാഥാർഥ്യമാക്കിയില്ലെന്നതാണ് എൽ.ഡി.എഫിെൻറ ആരോപണം. കഴിഞ്ഞ തവണ പരാജയപ്പെട്ടിട്ടും വനിത ശാക്തീകരണത്തിന് ഊന്നൽ നൽകി മണ്ഡലത്തിൽ സജീവമായിരുന്നുവെന്ന ആത്മവിശ്വാസത്തിലാണ് ഇടതു സ്ഥാനാർഥി. ഒപ്പം സർക്കാറിെൻറ ഭരണത്തുടർച്ചക്കായുള്ള ചിട്ടയായ പ്രവർത്തനത്തിലാണ് എൽ.ഡി.എഫ്. മാറ്റത്തിന് വോട്ടെന്ന പ്രചാരണവുമായാണ് എൻ.ഡി.എയുടെ പി.പി. ഗണേശൻ രംഗത്തുള്ളത്. കണക്കുകളനുസരിച്ച് യു.ഡി.എഫിനുതന്നെയാണ് മണ്ഡലത്തിൽ മേൽക്കൈയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.