മുണ്ടക്കയം (കോട്ടയം): പൂഞ്ഞാർ മണ്ഡലത്തിലെ ജനങ്ങൾക്കിടയിലുള്ള സൗഹാർദവും സമാധാനവും വർഗീയത പറഞ്ഞ് തകർക്കുന്ന പി.സി. ജോർജിെൻറ നടപടിക്ക് നാട് വലിയ വില നൽകേണ്ടിവരുമെന്ന് ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം.എൽ.എ ആകാൻ പി.സി. ജോർജ് നടത്തുന്ന വർഗീയ രാഷ്ട്രീയത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ നടന്ന പൊതുയോഗത്തിൽ പ്രകോപനപരമായ പ്രസംഗമാണ് ജോർജ് നടത്തിയത്. എന്നാൽ, പി.സി. ജോർജ് പ്രതീക്ഷിച്ചപോലെ അവിടെ ആരിൽനിന്നും പ്രതികരണം ഉണ്ടായില്ല. ഇത് തിരിച്ചറിഞ്ഞ ജോർജ് പിന്നീട് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ച് ആസൂത്രണം ചെയ്ത നാടകമാണ് അവിടെ നടന്നതെന്നാണ് ജനങ്ങൾ പറയുന്നത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവിധം ജോർജും കൂട്ടാളികളും സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണമാണ് നടത്തുന്നത്.
നാട്ടിൽ കലാപമുണ്ടാക്കി വോട്ടുതേടുന്ന നടപടിക്കെതിരെ എൽ.ഡി.എഫ് നിയമനടപടി സ്വീകരിക്കുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു. 40 വർഷം മുമ്പ് തെൻറ പിതാവ് തുടങ്ങിയ ചിട്ടിക്കമ്പനിയാണ് കുളത്തുങ്കൽ പ്രൈവറ്റ് കമ്പനി. എല്ലാവിധ രജിസ്ട്രേഷനും നടത്തി ലൈസൻസോടെ നടത്തുന്ന കമ്പനി പിതാവിെൻറ മരണശേഷം മാതാവാണ് ഏറ്റെടുത്ത് നടത്തുന്നത്. നിയമപരമായി ഈ കമ്പനിയുമായി തനിക്ക് ഒരു ബന്ധവുമില്ല.
ഈ കമ്പനിയുടെ പേരുപറഞ്ഞ് തന്നെ പലിശക്കാരനായി ചിത്രീകരിക്കാനാണ് പി.സി. ജോർജ് ശ്രമിക്കുന്നത്. താൻ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത് വികസന രാഷ്ട്രീയമാണെന്നും കുളത്തുങ്കൽ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.