മീനവെയിലിൽ വിയർത്തൊലിക്കുേമ്പാഴും ഗ്രാമനഗര ഭേദമന്യേ തെരഞ്ഞെടുപ്പാവേശത്തിൽ അണിനിരക്കുന്ന കാഴ്ചയാണെങ്ങും. ഇടത് കോട്ടയായ ഷൊർണൂരിൽ ഇത്തവണ യു.ഡി.എഫ് വിള്ളൽ വീഴ്ത്തുമോ എന്നും ഇടതുപക്ഷം കോട്ട കാക്കുമോ എന്നുമാണ് നാട് ഉറ്റുനോക്കുന്നത്.
പക്വതയും ഇരുത്തം വന്ന എളിമയുമായാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി. മമ്മിക്കുട്ടി കളംനിറയുന്നത്. എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കുന്ന പാർട്ടിക്കാർ കൂടിയാവുമ്പോൾ എല്ലാം കൃത്യം. അരിയും കിറ്റും നൽകാതിരിക്കാൻ പരാതിപ്പെട്ട പ്രതിപക്ഷക്കാരെ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് പിണറായി വിജയനുള്ളതെന്ന് പറഞ്ഞുവെക്കുന്നു. പ്രായത്തിെൻറ അവശതകളൊന്നും ഏശാത്ത ചുറുചുറുക്കോടെയാണ് പര്യടനത്തിൽ മുന്നേറുന്നത്. കാച്ചിക്കുറുക്കിയ പ്രസംഗത്തിൽ എൽ.ഡി.എഫ് സർക്കാറിെൻറ ഭരണനേട്ടങ്ങൾ എണ്ണിപ്പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ വിശദീകരിക്കാൻ മുൻ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അദ്ദേഹത്തിന് നൂറ് നാവാണ്.
എൽ.ഡി.എഫ് സർക്കാറിനെതിരെ പ്രതിപക്ഷമുന്നയിക്കുന്ന ആരോപണങ്ങൾ പൊള്ളയാണെന്ന് സമർഥിക്കാനും അദ്ദേഹം തെൻറ ചെറുപ്രസംഗങ്ങളിൽ ശ്രദ്ധിക്കുന്നു. പി.കെ. ശശി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായി വോട്ട് ചെയ്യണമെന്നും ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിെൻറ രാഷ്ട്രീയ ചരിത്രം കൂടുതൽ ചുവപ്പാക്കുന്ന ജനവിധിയാകും ഉണ്ടാവുകയെന്നും മമ്മിക്കുട്ടി ആണയിടുന്നു.
"ഞാൻ കുളപ്പുള്ളിക്കാരനാണ്. എനിക്ക് നിങ്ങളുടെയടുത്തും നിങ്ങൾക്ക് എെൻറയടുത്തും എത്താൻ ഏറെ ദൂരം ഓടേണ്ടതില്ല. രാപ്പകൽ ഭേദമെന്യേ ഒരു ഫോൺ കാൾ മതി ഞാൻ നിങ്ങളുടെയൊപ്പമുണ്ടാകും"- യു.ഡി.എഫ് സ്ഥാനാർഥി ടി.എച്ച്. ഫിറോസ് ബാബു ജനങ്ങളോട് സംസാരിച്ച് തുടങ്ങുന്നതിങ്ങനെയാണ്. രാവിലെ എട്ടിനുതന്നെ പ്രചാരണത്തിനിറങ്ങും. കവലകളിലെ സ്വീകരണങ്ങൾക്കിടയിൽ തൊട്ടടുത്തുള്ള കടകളിലും വീടുകളിലുമൊക്കെ കയറി വോട്ടഭ്യർഥിക്കും. പര്യടന പരിപാടികൾക്കിടക്ക് പൗരപ്രമുഖരെയും പ്രായം ചെന്നവരെയും വീടുകളിൽ പോയി കണ്ട് അനുഗ്രഹം വാങ്ങും. മറ്റ് പല നാടുകളും വികസിച്ചത് പോലെ ഷൊർണൂരിനെയും വികസിപ്പിച്ചെടുക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് ഫിറോസ് ബാബു അടിവരയിടുന്നു. റെയിൽവേ ജങ്ഷെൻറ അടിസ്ഥാന സൗകര്യ വികസനത്തിനായി യത്നിക്കും. ഷൊർണൂരിലെ വ്യവസായ വളർച്ച് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. നല്ല നിലവാരത്തിൽ റോഡുകൾ പുനർനിർമിക്കും. മണ്ഡലത്തിലാകെയുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കും എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ. ഷൊർണൂർ ബാലികേറാമലയാണെന്ന ധാരണ തിരുത്തി വിജയം കൈവരിക്കുമെന്ന് ഫിറോസ് ഉറപ്പിച്ചു പറയുന്നു.
ബി.ജെ.പി സംസ്ഥാന വക്താവ് എന്ന ഖ്യാതി എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വാര്യർ പ്രചാരണ രംഗത്തും എടുത്തുകാട്ടുന്നു. യു.ഡി.എഫും എൽ.ഡി.എഫും ചെയ്യാത്ത തരത്തിൽ വമ്പൻ കട്ടൗട്ടുകൾ മണ്ഡലത്തിൽ പല ഭാഗത്തും കാണാം. വാഹനങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകൾ ഘടിപ്പിച്ച് ആധുനിക രീതിയിൽ വമ്പൻ പ്രചാരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാറിനെ നിശിതമായി വിമർശിക്കുന്ന തരത്തിലാണ് സന്ദീപ് വാര്യരുടെ പ്രചാരണം.
കേന്ദ്ര സർക്കാർ പദ്ധതികളൊക്കെ തങ്ങളുടെ പദ്ധതികളാണെന്ന് വരുത്തിത്തീർക്കാനാണ് പിണറായി വിജയനും എൽ.ഡി.എഫും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഭക്ഷ്യധാന്യ കിറ്റിലെ മുഴുവൻ സാധനങ്ങളും കേന്ദ്ര സർക്കാറിെൻറ ഭക്ഷ്യസുരക്ഷ പദ്ധതിയിലൂടെ ലഭിക്കുന്നതാണെന്നും ജനങ്ങളോട് സമർഥിക്കുന്നു.
പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ അർഹരായവർക്കെല്ലാം വീടുവെച്ച് നൽകും, ജൽ ജീവൻ പദ്ധതിയിൽ എല്ലാ വീടുകളിലും പൈപ്പ് വെള്ളമെത്തിക്കും, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർ പ്രത്യേക പെൻഷൻ ഉറപ്പാക്കും, ഷൊർണൂർ റെയിൽവേ ജങ്ഷെൻറ പ്രതാപം വീണ്ടെടുക്കും, ഷൊർണൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമിക്കും എന്നിങ്ങനെ പോകുന്നു വിവിധ സ്വീകരണ യോഗങ്ങളിൽ നൽകുന്ന വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.