തിരൂരങ്ങാടി (മലപ്പുറം): പതിവ് തെരഞ്ഞെടുപ്പ് കാഴ്ചകളല്ല ഇത്തവണ തിരൂരങ്ങാടി മണ്ഡലത്തിൽ. സി.പി.ഐ അസി. സെക്രട്ടറി അജിത് കൊളാടിയെയാണ് ഇടത് സ്ഥാനാർഥിയായി ആദ്യം പ്രഖ്യാപിച്ചത്. പ്രചാരണവും ആരംഭിച്ചു. ഇതിനിടയിലാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് യു.ഡി.എഫ് സ്ഥാനാർഥിയായി വന്നത്. ഇതോടെ ലീഗിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായി. ഇതോടെ സ്ഥാനാർഥിയെ മാറ്റി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കിയതോടെ മത്സരത്തിന് ചൂടേറി.
മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് സ്ഥാനാർഥി നിർണയം വൈകിയതോടെ തിരൂരങ്ങാടിയിലെ പ്രചാരണവും വൈകിയാണ് ആരംഭിച്ചത്. ആദ്യഘട്ട വീട് കയറിയുള്ള സ്ക്വാഡ് വർക്കും അഭ്യർഥനക്കത്തും യു.ഡി.എഫ് എല്ലാ വീട്ടിലും ഒരുതവണ പൂർത്തിയാക്കി. എൽ.ഡി.എഫ് കവലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് മുൻതൂക്കം നൽകുന്നത്. എൻ.ഡി.എയുടെ സത്താർ ഹാജിയും സജീവമായി രംഗത്തുണ്ട്.
1957 മുതൽ 2016 വരെയുള്ള ചരിത്രത്തിൽ എ.കെ. ആൻറണി മാത്രമാണ് മുസ്ലിം ലീഗ് സ്ഥാനാർഥിയല്ലാതെ ജയിച്ചത്. ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുത്തത് കെ. അവുക്കാദർ കുട്ടി നഹയെയാണ്. എട്ട് തവണയാണ് അദ്ദേഹം തിരൂരങ്ങാടിയിൽ നിന്ന് നിയമസഭയിൽ എത്തിയത്.
2011ൽ യു.ഡി.എഫ് ലീഡ് 30,208 ആയിരുന്നെങ്കിൽ കഴിഞ്ഞ തവണ 6043 ആയി കുറഞ്ഞു. ലീഡ് താഴ്ത്തിയത് നിയാസാണ്. 2019 ലോക്സഭയിലേക്ക് യു.ഡി.എഫിന് 46,984 വോട്ട് ഭൂരിപക്ഷമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് 25,748 ആയി കുറഞ്ഞു. 2016ൽ തിരൂരങ്ങാടി നഗരസഭയിൽ മാത്രമായിരുന്നു യു.ഡി.എഫ് സംവിധാനം നിലനിന്നിരുന്നത്. ഇതാണ് 2016ൽ ഭൂരിപക്ഷം കുറയാനുള്ള പ്രധാന കാരണം. കോൺഗ്രസിൽ നിന്ന് കളം മാറി 2016ൽ സ്വതന്ത്രനായാണ് നിയാസിെൻറ രംഗപ്രവേശനം. 2021ലെ ചിത്രം വ്യത്യസ്തമാണ്. തെന്നല, പെരുമണ്ണ, എടരിക്കോട്, നന്നമ്പ്ര പഞ്ചായത്തുകളിലും തിരൂരങ്ങാടി നഗരസഭയിലും യു.ഡി.എഫ് സംവി
ധാനം കെട്ടുറപ്പോടെയാണ് മുന്നോട്ട് പോവുന്നത്. നിലവിൽ രണ്ട് നഗരസഭയും നാല് പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. എസ്.ഡി.പി.ഐക്ക് സ്ഥാനാർഥിയില്ല. ഇവരുടെ വോട്ട് ആർക്കെന്ന് പറഞ്ഞിട്ടുമില്ല. കണക്കുകളുടെ ബലത്തിൽ യു.ഡി.എഫിനാണ് വിജയ പ്രതീക്ഷ. അത് അട്ടിമറിക്കാനാവുമെന്നാണ് ഇടതു കണക്കുകൂട്ടൽ.
യു.ഡി.എഫ് ഒറ്റക്കെട്ട്
ആദ്യഘട്ടം കൺവെൻഷൻ പൂർത്തിയാക്കി. നിലവിൽ ബൂത്ത്തല കുടുംബയോഗങ്ങളും പഞ്ചായത്ത് -നഗരസഭ തല സ്ഥാനാർഥി പര്യടനവുമാണ് ഇപ്പോൾ നടുന്നത്. എല്ലാ പരിപാടിയിലും വൻ ജനപങ്കാളിത്തമാണ്. എങ്ങും നല്ല ആവേശമാണ്. എല്ലായിടത്തും യു.ഡി.എഫ് ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്തുന്നത്. ഇപ്രാവശ്യം നല്ല ഭൂരിപക്ഷം ഉണ്ടാവുമെന്നുതന്നെയാണ് പ്രതീക്ഷ.
കെ.പി.എ മജീദ്
മണ്ഡലം മാറ്റം ആഗ്രഹിക്കുന്നു
നിലവിൽ കുടുംബയോഗങ്ങൾക്കാണ് മുൻഗണന നൽകുന്നത്. എല്ലായിടത്തും എത്തുമ്പോഴും യുവാക്കൾക്കിടയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ്. നല്ല രീതിയിൽ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഉള്ളത്.
നിയാസ് പുളിക്കലകത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.