ഉദുമ: പൂരോത്സവ ദിനമായ ശനിയാഴ്ച ഉത്സവപ്പറമ്പിലാണ് ഉദുമ മണ്ഡലം സ്ഥാനാർഥികൾ. ഉദുമ മണ്ഡലത്തിൽ പൂരോത്സവം നടക്കുന്ന ഏതാണ്ട് എല്ലാ ക്ഷേത്രങ്ങളിലും സ്ഥാനാർഥിയുടെ സാന്നിധ്യമുണ്ടായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു പൂരം കുളിച്ച് വോട്ടഭ്യർഥിച്ചു. കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രം, വരിക്കുളം ചൂളിയാർ ഭഗവതി ക്ഷേത്രം, കൊളത്തൂർ കഴകം, കരിച്ചേരി നിട്ടാംകോട്ട്, പെരിയപുലി ഭൂത ദേവസ്ഥാനം, അരവത്ത് പൂബാണം കുഴി ക്ഷേത്രം, ബേക്കൽ കുറുമ്പ, കോട്ടിക്കുളം കുറമ്പ, പാലക്കുന്ന് ഭഗവതി ക്ഷേത്രം, തിരൂർ മുച്ചിലോട്ട്, ഉദുമ പടിഞ്ഞാർതെരു, ഉദുമ കിഴക്കേ തെരു ചൂളിയാർ, കീഴൂർ ചൂളിയാർ ക്ഷേത്രങ്ങളിൽ സി.എച്ച്. കുഞ്ഞമ്പു സന്ദർശനം നടത്തി.
യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ എല്ലാവർഷവും മുടങ്ങാതെ പങ്കെടുക്കുന്ന പൂരം കുളിയും പൂരക്കളിയും ഇത്തവണയും മറന്നില്ല. പക്ഷെ ഇത്തവണ സ്ഥാനാർഥിയുടെ ഒരു പരിവേഷം കൂടിയായപ്പോൾ ഒരിടത്ത് മാത്രം ഒതുങ്ങിയില്ല. ഉദുമയിലെ നിരവധി ക്ഷേത്രങ്ങളും കഴകങ്ങളും സന്ദർശിച്ച് ക്ഷേത്ര സ്ഥാനികർമാരുടെ അനുഗ്രഹം വാങ്ങി.
പൂരക്കളി നടക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത് മാത്രമല്ല പൂരക്കളിയിൽ പങ്കെടുക്കുകയും ചെയ്തു. അങ്കത്തട്ടിൽ അരയും തലയും മുറുക്കി നിൽക്കുന്ന സമയമാെണങ്കിലും ചുവടുകൾ പിഴക്കാതെ ബാലകൃഷ്ണൻ പെരിയ പൂരക്കളിയിൽ നിറഞ്ഞു നിന്നു. പെരിയ പുലി ഭൂതദേവസ്ഥാനത്ത് നടന്ന പൂരക്കളിയിൽ കൂടെ അദ്ദേഹത്തിെൻറ മകനും ഉണ്ടായിരുന്നു.
ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജോസഫ് പൂരോത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളും കാവുകളും സന്ദർശിച്ചു. പൂരമഹോത്സവം നടന്ന പിലിക്കോട് മാപ്പിട്ടച്ചേരിക്കാവ്, ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, ചെറുവത്തൂർ കാടങ്കോട് നെല്ലിക്കൽ ഭഗവതി ക്ഷേത്രം, ചെറുവത്തൂർ നെല്ലിക്കാത്തുരുത്തി ഭഗവതി ക്ഷേത്രങ്ങളിലുമാണ് എത്തിയത്. പിലിക്കോട് പഞ്ചായത്തിലെ 16 കേന്ദ്രങ്ങളിലെ പര്യടനശേഷം പിലിക്കോട് കണ്ണങ്കൈയിൽ സമാപിച്ചു.
കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ പൂരംകുളിയുടെയും പൂരക്കളിയുടെയും ദിവസമായ ശനിയാഴ്ച കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.വി. സുരേഷ് പൂരക്കളിയിലെ മിടുക്ക് തെളിയിച്ച് പര്യടനത്തിന് തുടക്കമിട്ടു. കിഴക്കുംകര മുച്ചിലോട്ട് സ്ഥാനാർഥി പൂരക്കളി കളിച്ചു. പര്യടനം സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പൂത്തക്കാൽ, മുണ്ടോട്ട്, കാഞ്ഞിരപ്പൊയിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
തുടർന്ന് പൂരോത്സവം നടക്കുന്ന നാദക്കോട്ട് ഭഗവതി ക്ഷേത്രം, അഴകുളം ഭഗവതി ക്ഷേത്രം, മോനാച്ച ഭഗവതി ക്ഷേത്രം, മടിയൻ കൂലോം, ചാമുണ്ടിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്രം, അജാനൂർ കുറുംബ ഭഗവതി ക്ഷേത്രം, കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനം, കിഴക്കുംകര മുച്ചിലോട്ട് ഭഗവതി ദേവസ്ഥാനം, കിഴക്കുംകര പുള്ളിക്കരി ദേവസ്ഥാനം, മുളവിന്നൂർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
കാഞ്ഞങ്ങാട്: കുന്നും മലയും കാടും പുഴയും താണ്ടി ഇ. ചന്ദ്രശേഖരെൻറ പര്യടനം. കോടോം-ബേളൂര്‍ പഞ്ചായത്തിലാണ് എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി ഇ. ചന്ദ്രശേഖരന് പര്യടനം നടത്തിയത്. ജനസംഖ്യയുടെ 40 ശതമാനം പട്ടികവർഗ വിഭാഗക്കാർകൂടി ഉൾപ്പെടുന്ന പ്രദേശം, ഇടനാടൻ ചെങ്കൽക്കുന്നുകൾ കൊണ്ട് സമൃദ്ധമായ മലയോരമണ്ണ്.
ആദിവാസി പഠനകേന്ദ്രം, കോടോം ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾ മന്ത്രിയായിരിക്കെ തുടക്കംകുറിച്ചതിെൻറ ആവേശത്തിലായിരുന്നു മലകയറ്റം. പ്രധാന റോഡുകളെല്ലാം മെക്കാഡം ചെയ്ത് നവീകരിക്കുന്നു. മലയോരത്തെ പട്ടികവർഗ ജനതക്ക് ആശ്വാസമായി ട്രൈബൽ െഡവലപ്മെൻറ് ഓഫിസ് അനുവദിച്ചതും ഇടതുപക്ഷത്തിെൻറ എടുത്തുപറയാനുള്ള നേട്ടം.
വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് രാവിലെ ഒമ്പതിന് ചുണ്ണംകുളത്തുനിന്ന് പര്യടനം ആരംഭിച്ചു.
ഏഴാംമൈല്‍, ആലടുക്കം, തൂങ്ങല്‍, അയറോട്ട്, ഉദയപുരം, കാഞ്ഞിരത്തുങ്കാല്‍, ചക്കിട്ടടുക്കം, മൂരിക്കട, കുറ്റിയോട്ട്, മുക്കുഴി, നേരംകാണാതടുക്കം, അയ്യങ്കാവ്, ആനക്കുഴി, എണ്ണപ്പാറ, തായന്നൂര്‍, തൊട്ടിലായി, ചെരളം, അട്ടക്കണ്ടം, ചാമക്കുഴി, കോട്ടപ്പാറ എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് ബാനത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി ബങ്കളം പി. കുഞ്ഞികൃഷ്ണൻ, കെ.എസ്. കുര്യാക്കോസ്, എം. അസിനാർ, എം.വി. കൃഷ്ണൻ, മുൻ എം.എൽ.എ എം. നാരായണൻ, രാഘവൻ കൂലേരി, കരുണാകരൻ കുന്നത്ത്, പി. പ്രകാശൻ, എം. ലക്ഷ്മി, കെ. സബീഷ്, പി.ടി. നന്ദകുമാർ, കൃഷ്ണൻ പനങ്കാവ്, രഞ്ജിത്ത് മടിക്കൈ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.