പാട്ടും സംവിധാനവും ഒഴികെ എന്തുവേണമെങ്കിലും ഒരുകൈ നോക്കാം -കുഞ്ചാക്കോ ബോബൻ അഭിമുഖം

25 വർഷംമുമ്പ് സിനിമ ഇഷ്ടപ്പെടാതെ സിനിമ ലോകത്തേക്ക് കടന്നുവന്ന ഒരാൾ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ രണ്ടു കാലത്തിന്റെ അടയാളമായി മാറുന്നു. ആദ്യം ചോക്‍ലറ്റ്, കോളജ് ഹീറോ ആയിരുന്നെങ്കിൽ പിന്നീട് തനിക്കിഷ്ടപ്പെടുന്ന, തന്നെത്തേടിയെത്തുന്ന നല്ല കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്തു. അപ്രതീക്ഷിതമായ കടന്നുവരവും ഇടവേളയും തിരിച്ചുവരവുകളുമെല്ലാം കരിയറിൽ എഴുതിച്ചേർത്തെങ്കിലും 'കുഞ്ചാക്കോ ബോബൻ' എന്ന പേര് മലയാളികൾക്ക് എന്നും സുപരിചിതമായിരുന്നു. 'നമ്മുടെ ലക്ഷ്യത്തിലെത്താന്‍ അതികഠിനമായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഈ ലോകംതന്നെ നമ്മെ സഹായിക്കും' എന്ന പൗലോ കൊയ് ലോയുടെ വാചകം ശരിയാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ ഓരോ ചുവടും. 'പാട്ടും സംവിധാനവും ഒഴികെ എന്തുവേണമെങ്കിലും ഒരുകൈ നോക്കാം' എന്നാണ് ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ നിലപാട്. തന്റെ 25 വർഷത്തെ സിനിമ ജീവിതവും വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ 'വാരാദ്യ മാധ്യമ'ത്തോട് പങ്കുവെക്കുന്നു.

മലയാളത്തിൽ കാൽനൂറ്റാണ്ട്

മലയാള സിനിമയിൽ 25 വർഷം. വളരെ ആവേശം തോന്നുന്നു. ഇഷ്ടപ്പെടാതെ സിനിമയിലേക്ക് വന്ന ഒരാളായിരുന്നു ഞാൻ. എന്നിട്ടും സിനിമ എനിക്ക് അർഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹവും അംഗീകാരവും നൽകി. ഇടക്കാലത്ത് മാറിനിന്ന് വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ അതിന്റെ പതിന്മടങ്ങ് ഇരട്ടിയായി പ്രേക്ഷകർക്ക് തിരിച്ചുനൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആദ്യം ഇഷ്ടത്തോടെയായിരുന്നില്ല സിനിമയിലേക്ക് എത്തിയതെങ്കിൽ പിന്നീട് വളരെയധികം ആഗ്രഹിച്ചായിരുന്നു മടങ്ങിവരവ്.

മാറ്റങ്ങൾക്കനുസരിച്ച് മാറുക എന്നതായിരുന്നു എന്റെ കരിയറിൽ പ്രധാനം. അതിന്റെ ഭാഗമായി ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹമുള്ള, താൽപര്യമുള്ള സംവിധായകരുടെ അടുത്ത് കഥാപാത്രങ്ങൾ ചോദിച്ചുവാങ്ങി. 25 വർഷത്തെ മാറ്റം സ്വാഭാവികമാണെന്നതിനപ്പുറം വളരെ പതുക്കെയുള്ള പ്രക്രിയ കൂടിയായിരുന്നു. അതിൽ എനിക്ക് ചെയ്യാൻ സാധിക്കാതിരുന്ന, ചേരില്ല എന്നുപറഞ്ഞ നെഗറ്റിവ് ഷേഡുള്ള, തമാശ പറയുന്ന കഥാപാത്രങ്ങൾ തേടിയെത്തി. ട്രാഫിക്, എൽസമ്മ എന്ന ആൺകുട്ടി, അഞ്ചാംപാതിര, പട, നായാട്ട് തുടങ്ങിയവയെല്ലാം മാറ്റത്തിന്റെ ഭാഗമായിരുന്നു. ഓരോ ചുവടും ചെറുതാണെങ്കിലും മുമ്പോട്ടുള്ളതായാണ് തോന്നുന്നത്. 


ഓരോ തുടക്കത്തിലും

മലയാള സിനിമ കഴിഞ്ഞ 25 വർഷത്തിനിടെ ഒരുപാട് മാറ്റങ്ങൾ കണ്ടു. ആ മാറ്റങ്ങളുടെയെല്ലാം തുടക്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. 25 വർഷം മുമ്പിറങ്ങിയ അനിയത്തിപ്രാവിന് പിന്നാലെ പ്രണയ ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു. തിരിച്ചുവരവിൽ ട്രാഫിക്, അത് മലയാളത്തിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു. ന്യൂജെൻ, സ്വാഭാവികത എന്നിവയെല്ലാം കൊണ്ടുവന്ന ട്രാഫിക്കിൽ നല്ലൊരു വേഷം ചെയ്തു. അഞ്ചാംപാതിര ത്രില്ലർ ശ്രേണിയിൽപെട്ട ചിത്രങ്ങളുടെ തുടക്കമായിരുന്നു. ഇപ്പോൾ പട, നായാട്ട് തുടങ്ങിയ ചിത്രങ്ങൾ സാമൂഹിക പ്രസക്തിയുള്ള പൊള്ളുന്ന പ്രമേയങ്ങൾ അവതരിപ്പിക്കുന്നവയും. ഈ മാറ്റങ്ങൾക്ക് തുടക്കമിട്ട ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചുവെന്നതാണ് ഭാഗ്യം.

മാറ്റിമറിച്ച കഥാപാത്രങ്ങൾ

അറിഞ്ഞോ അറിയാതെയോ നടക്കുന്നതാണ് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ്. ചിലത് അമ്പേ പാളിപ്പോകാറുണ്ട്. എന്നാൽ, ചിലത് സിനിമ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ട്രാഫിക് അതിന് ഉദാഹരണമാണ്. എല്ലാത്തരത്തിലുമുള്ള സിനിമകളുടെ ഭാഗമാകാൻ സാധിച്ചുവെന്ന് പറയാം. മലയാളത്തിലെ ഏറ്റവും മികച്ച സ്പൂഫ് എന്നുവിളിക്കാവുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകൾ. അതിന്റെ ഭാഗമാകാൻ സാധിച്ചു. ആ സമയത്ത് അത് അംഗീകരിക്കപ്പെട്ടി​ല്ലെങ്കിലും പിന്നീട് ഒരുപാടുപേർ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ഭീമന്റെ വഴിയിൽ ഇപ്പോഴത്തെ സ്ത്രീകളുടെ ചിന്തകളും ഉത്തരവാദിത്തവുമാണ് പറയുന്നതെന്നാണ് എന്റെ വിശ്വാസം. അവസാനത്തെ സീനുകളിൽ വേണമെങ്കിൽ നായകന് മേൽക്കൈ നൽകാമായിരുന്നു. എന്നാൽ, അതിൽ ഒതുക്കിനിർത്താതെ നിരവധി ചിന്തകളിൽനിന്നുണ്ടായ ചിത്രമാണ് ഭീമന്റെ വഴിയെന്ന് പറയാം. ഇത്തരം വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കുകയും ​ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. അതിൽ തെരഞ്ഞെടുപ്പ് എന്നതിലുപരി വന്നുകിട്ടുന്നതും തേടിപ്പോകുന്നതുമാണ് ഏറെയും. നായാട്ടിലെ കഥാപാത്രത്തെ ഞാൻ അങ്ങോട്ട് തേടിപ്പോകുകയായിരുന്നു. പടയിലെ കഥാപാത്രം എന്നെ തേടിവരുകയായിരുന്നു. കഥ പറഞ്ഞുതുടങ്ങിയപ്പോൾ കലക്ടറുടെ കഥാപാത്രമാണ് എന്റേതെന്നായിരുന്നു ധാരണ, എന്നാൽ, അങ്ങനെയല്ലായിരുന്നു. ആഗ്രഹങ്ങളോടൊപ്പം പരിശ്രമം കൂടിയാകുമ്പോൾ തീർച്ചയായും ലഭിക്കും. പൗലോ കൊയ് ലോ പറഞ്ഞതുപോലെ തേടുക, ​അപ്പോൾ അതിലേക്കുള്ള വഴി നമുക്ക് തുറന്നുവരും.

അറിയിപ്പ് ലൊക്കാര്‍ണോയിൽ

പണ്ട് അപ്പന്റെ അടുത്ത് ഉദയ എന്ന ബാനർ വേണ്ട, വിട്ടുകളഞ്ഞേക്ക് എന്നുപറഞ്ഞയാളാണ് ഞാൻ. എന്നാൽ, ഇപ്പോൾ എത്തിനിൽക്കുന്നത് ഉദയയുടെ ബാനറിലെ 89ാമത് സിനിമയായ 'ന്നാ താൻ കേസ് കൊട്'ലും. 88ാമത്തെ ചിത്രമായിരുന്നു അറിയിപ്പ്. അതോടൊപ്പം കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ആദ്യ കോ പ്രൊഡക്ഷൻ ബാനറും. ലൊക്കാർണോ പോലുള്ള 75 വർഷത്തെ ചരിത്രമുള്ള ഒരു ഫിലിം ​ഫെസ്റ്റിവലിൽ മലയാള സിനിമ ആദ്യമായി കോംപറ്റീറ്റിവ് സെഗ്മെന്റിൽ 'അറിയിപ്പ്' പോകുന്നു എന്നതിൽ വളരെ അഭിമാനം തോന്നുന്നു. മഹേഷ് നാരായണൻ എന്ന സംവിധായകൻ, എഡിറ്റർ, റൈറ്റർ -അദ്ദേഹത്തിന്റെ ചിത്രമാണ് അറിയിപ്പ്. മഹേഷ് നാരായണൻ ഏറ്റവും കൂടുതൽ എഡിറ്റ് ചെയ്തത് ഒരുപക്ഷേ എന്റെ ചിത്രങ്ങളായിരിക്കും. ഒരു നടനെന്ന രീതിയിൽ എന്നെ എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്ന് എന്നെക്കാൾ കൂടുതൽ അദ്ദേഹത്തിനറിയാം. ആ രീതിയിൽ എന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് അറിയിപ്പ്. അതിന് അർഹിക്കുന്ന തലത്തിലുള്ള അംഗീകാരങ്ങൾ അന്തർദേശീയതലത്തിൽ ലഭിക്കുന്നതിലും അഭിമാനം.


ഉദയ പിക്ചേർസ്

ഉദയ പിക്ചേർസ് എന്ന ഉത്തരവാദിത്തത്തേക്കാളുപരി പാഷനാണ് മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്. സിനിമ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ജീവിതത്തിൽ എത്രത്തോളം പ്രധാന്യമുണ്ടെന്നും തിരിച്ചറിയാൻ അൽപം വൈകിയിരുന്നു. എങ്കിലും മുന്നോട്ടുള്ള പാതയിൽ ബാനറിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അവ എന്തെല്ലാം എനിക്ക് നൽകിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു. നല്ല കഥാപാത്രങ്ങളിലൂടെയും നല്ല സിനിമകളിലൂടെയും ജനങ്ങളിലേക്ക് 'ഉദയ ബാനർ' എത്തിക്കണമെന്നാണ് ഇപ്പോൾ ആഗ്രഹം. ഇനി ഉദയയുടെ ബാനറിലും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ബാനറിലും നല്ല സിനിമകൾ തീർച്ചയായുമുണ്ടാകും.

തമിഴിലേക്ക്

നേരത്തേ തമിഴ് സിനിമകളിൽനിന്ന് ഓഫറുകൾ വരുമ്പോൾ ഒട്ടും താൽപര്യം ഇല്ലായിരുന്നു. മലയാള സിനിമയോടുപോലും താൽപര്യമില്ലാതിരുന്ന സമയത്തായിരുന്നു ആ ഓഫറുകൾ. ഇപ്പോൾ ആദ്യമായി ഒരു തമിഴ് സിനിമ ചെയ്യുന്നു. ഒറ്റ്, തമിഴിൽ രണ്ടകം എന്നുവിളിക്കും. അരവിന്ദ് സ്വാമി എന്ന നടന്റെ സാന്നിധ്യമാണ് അതിൽ ശ്രദ്ധേയം. 25 വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം ഒരു മലയാളചിത്രം ചെയ്യുന്നത്. ഞാൻ 25 വർഷത്തെ കരിയറിൽ ഒരു തമിഴ് സിനിമ ആദ്യമായി ചെയ്യുന്നു. പിന്നെ ഞങ്ങൾ രണ്ടുപേരും ഒരു കാലഘട്ടത്തിൽ ചോക്‍ലറ്റ് നായകന്മാരായി അതത് ഭാഷകളിൽ സജീവമായിരുന്നു. ആന്റി ഹീറോ, നെഗറ്റിവ് ഷേഡുള്ള കഥാപാത്രങ്ങൾ ചെയ്ത് ഞെട്ടിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അദ്ദേഹം ഒരു സീനിയർ നടൻ എന്ന രീതിയിൽ സമീപിക്കാതെ സുഹൃത്തായി ഇടപെടുന്നു. സിനിമയുടെ വിജയത്തിനായി പരസ്പരം സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ഒരു എന്റർടെയിൻമെന്റ് ചിത്രമാണ് രണ്ടകം. ബോംബെയിൽനിന്ന് മംഗലാപുരം വരെയുള്ള യാത്രയിൽ കഥപറയുന്ന ഒരു റോഡ് മൂവി.

മലയാളവും ഒ.ടി.ടിയും

കോവിഡ് കാലഘട്ടത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിന് വളരെയധികം പ്രസക്തിയുണ്ട്. ഇന്ത്യൻ സിനിമയിൽതന്നെ മലയാള സിനിമകൾ കുതിച്ചുകയറിയ കാലമായിരുന്നു കഴിഞ്ഞ രണ്ടുവർഷം. ആദ്യത്തെ പത്തുചിത്രങ്ങൾ തെരഞ്ഞെടുത്താൽ അതിൽ മലയാളസിനിമകൾ ഇടംപിടിച്ചു. ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് പാൻ ഇന്ത്യൻ റീച്ചാണ് ഒ.ടി.ടി പ്ലാറ്റ്ഫോം നൽകിയതെന്ന് പറയാം. മറ്റു ഭാഷക്കാർപോലും മലയാള സിനിമയെ നോക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. അസൂയാവഹമായ, അഭിമാനിക്കാവുന്ന നേട്ടമാണത്. മാറ്റങ്ങൾ എപ്പോഴും അനിവാര്യമാണ്. മാറ്റങ്ങൾക്കനുസരിച്ച് യാത്രചെയ്യുന്നവരാണ് എല്ലാവരും. മാറ്റങ്ങൾ വരുമ്പോൾ സിനിമ മാത്രമല്ല, സീരിയസും ഉപയോഗപ്പെടുത്തും. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ചിന്ത വന്നിട്ടില്ല.


'ന്നാ താൻ കേസ് കൊട്'

തിയറ്ററിൽതന്നെ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തോടെ നിർമിച്ച ചിത്രമായിരുന്നു ഇത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമായി എടുക്കാൻ ആരംഭിച്ചതാണെങ്കിലും കോവിഡും മറ്റു പ്രതിസന്ധികളും വന്നതോടെ നീണ്ടുപോയി. കുഴുമ്മൽ രാജീവനെന്ന മുൻ കള്ളന്റെ വേഷമാണ് ഇതിൽ. നേരായ മാർഗത്തിലൂടെ ജീവിക്കാൻ ശ്രമിക്കുന്ന രാജീവൻ ഒരു പ്രശ്നത്തിൽചെന്ന് ചാടുന്നതും അവസാനം മന്ത്രിക്കെതിരെ വരെ കേസ് നൽകുന്ന സാഹചര്യത്തിലേക്ക് പോകുകയും ചെയ്യുന്നതാണ് ​പ്രമേയം. മലയാളികൾ ദിവസവും കാണുകയും അറിയുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളും വിഷയങ്ങളും ചിത്രത്തിൽ കാണാം. ഗൗരവമുള്ള അത്തരം വിഷയങ്ങൾ ആളുകളിലേക്ക് എത്തണമെങ്കിൽ അത് ഹാസ്യരൂപേണ അവതരിപ്പിക്കണം. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ വളരെ അത്യാധുനികമായ സീരിയസായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, എല്ലാവരും അത് ഏറ്റെടുക്കാനുണ്ടായ കാരണം അതിലെ തമാശയായിരുന്നു. ഈ സിനിമയിലും ഹാസ്യവും ആക്ഷേപഹാസ്യവും കാണാനാകും. സരസമായ ഒരു വിഷയത്തിൽ തുടങ്ങി ​ഗൗരവമായ കാര്യം കൈകാര്യം ചെയ്യുന്ന രീതിയാണ് ഈ സിനിമയിൽ കാണാൻ സാധിക്കുക. ഇതുവരെ ചെയ്തുപോന്ന കഥാപാത്രങ്ങളുമായി ഒരുവിധ സാമ്യവുമില്ലാത്തതാണ് കുഴുമ്മൽ രാജീവൻ. രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്ത ചേഷ്ടകൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തതയാർന്ന രൂപവും സംഭാഷണവുമാണ് സിനിമയിൽ മുഴുവനും. അത് തുടക്കത്തിൽതന്നെ ആളുകളിലേക്ക് എത്താൻ കഴിഞ്ഞുവെന്നതിൽ വളരെയധികം സന്തോഷം. അതുകൊണ്ടുതന്നെയാണ് 'ദേവദൂതർ പാടി' എന്ന ഗാനവും ഡാൻസും എല്ലാവരും ഏറ്റെടുക്കാൻ കാരണവും.

വൈറൽ ഡാൻസ്

ഒരു ഉത്സവപ്പറമ്പിലെ ഗാനമേളക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽനിന്ന് ചെയ്യുന്ന ഡാൻസ് രംഗമാണ് ദേവദൂതർ പാടിയെന്ന ഗാനത്തിൽ. മനസ്സിൽ ഒരു തയാറെടുപ്പുമില്ലാതെ പെട്ട് ചെയ്ത സ്റ്റെപ്പുകളായിരുന്നു അതെല്ലാം. 'ആടലോടകം ആടിനിക്കണ്' എന്ന പാട്ട് ചിത്രീകരിച്ചുകൊണ്ടായിരുന്നു സിനിമയുടെ തുടക്കം. ഈ പാട്ടിന്റെ വരികൾ ആർക്കും മനസ്സിലാകുന്ന തരത്തിലായതുകൊണ്ടുതന്നെ പെട്ടെന്ന് ഏത് സാധാരണക്കാരിലേക്കുമെത്തും. പാടാൻ അറിയില്ലാത്തവർക്കും പാടാൻ സാധിക്കുന്ന വരികളാണ് പ്രത്യേകത. ഞാൻപോലും എന്റെ മോനെ ഉറക്കുന്നത് ഈ പാട്ടുപാടിയായിരുന്നു. അപ്പോൾതന്നെ ആർക്കും ഈ പാട്ട് പാടാൻ കഴിയുമെന്ന് മനസ്സിലാക്കാം.

Tags:    
News Summary - Kunchako Boban Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.