അതിജീവനശ്രമങ്ങളിൽ ചിലർക്ക് കാലിടറും, പലപ്പോഴും പകച്ചുപോകും. പക്ഷേ, ഒരിക്കലും തോറ്റുപോകില്ല. ഇതുപോലെ ആത്മാഭിമാനം പണയപ്പെടുത്താതെ മുന്നോട്ടുപോകാനുള്ള ഒരു സ്ത്രീയുടെ അതിജീവനശ്രമങ്ങളാണ് മണിലാല്‍ സംവിധാനം ചെയ്‌ത 'ഭാരതപുഴ' പറയുന്നത്. സുഗന്ധി എന്ന ഇതിലെ നായികയെ വളരെ സൂക്ഷ്മമായ ഭാവപ്രകടനങ്ങളിലൂടെയും ചലനങ്ങളിലൂടെയും ആവിഷ്കരിച്ചത് മികച്ച തീയേറ്റർ ആർട്ടിസ്റ്റ് കൂടിയായ സിജി പ്രദീപ് ആണ്. സുഗന്ധിയുടെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും വിഹ്വലതകളും കൃത്യമായി പ്രതിഫലിപ്പിച്ച സിജിയുടെ അഭിനയം ഇപ്പോൾ പുരസ്കാര നിറവിലാണ്. 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം സിജിയെ തേടിയെത്തി. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ സിജിയുടെ ആദ്യചിത്രം 2009ൽ പുറത്തിറങ്ങിയ 'ഏറനാടൻ പോരാളി'യാണ്. പിന്നീട് 14ഓളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഗിന്നസ് പക്രു നായകനായ 'ഇളയരാജ'യിലൂടെയാണ് സിജിയിലെ അഭിനയം ശ്രദ്ധിക്കപ്പെടുന്നത്. 'ഇളയരാജ'യിലൂടെ മലയാള സിനിമാലോകം കണ്ടെത്തിയ സിജി 'ഭാരതപുഴ'യുടെ വിശേഷങ്ങൾ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.
'ഭാരതപുഴ' സിനിമയിലെ സുഗന്ധി എന്ന കഥാപാത്രത്തിന്‍റെ പ്രകടനത്തിന് ഇത്തവണത്തെ പ്രത്യേക ജൂറി പരാമർശമാണ് എനിക്ക് കിട്ടിയത്. സുഗന്ധി എന്ന കഥാപാത്രം ഒരു സെക്‌സ് വർക്കറാണ്. സംവിധായകൻ മണിലാൽ കുട്ടിക്കാലത്ത് അദ്ദേഹത്തിന്‍റെ വീടിന്‍റെ പരിസരത്തുള്ള ഒരു സ്ത്രീയുടെ ജീവിതത്തിലെ പശ്ചാത്തലം കൂടി കൂട്ടിച്ചേർത്താണ് ഈ കഥാപാത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ സാമൂഹിക സാഹചര്യമനുസരിച്ചു അത്തരത്തിലൊരു സെക്സ് വർക്കർ ജീവിച്ചാൽ എങ്ങനെ ഉണ്ടായിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഒന്നുകൂടി വിശദീകരിച്ച് പറയുകയാണെങ്കിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയാണ് സുഗന്ധി. അവർ എല്ലാ തരത്തിലും ജീവിതത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിേന്റതായ യാത്രയും ബുദ്ധിമുട്ടുകളുമാണ് ആ സിനിമ. സംസ്ഥാന അവാർഡിൽ ഈ സിനിമ ഏതെങ്കിലും തരത്തിൽ മെൻഷൻ ചെയ്യപ്പെടും എന്ന പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു. കാരണം സിനിമയെ വളരെ ഗൗരവത്തോടുകൂടി നോക്കികാണുന്ന ഒത്തിരി എഴുത്തുകാർ വളരെ നല്ല അഭിപ്രായം അനുകൂലമായും വിമർശനമായും മുൻപേ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് സിനിമക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു പരാമർശം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു. അല്ലാതെ അഭിനയത്തിൽ അവാർഡ് നേടുമെന്ന വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു.
ഈ സിനിമയിലേക്ക് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി നളിനി ജമീലയെ കണ്ടു. ചേച്ചിയുടെ പുസ്തകം വായിച്ചു കഴിഞ്ഞതിനുശേഷമാണ് നളിനി ചേച്ചിയെ കാണുന്നത്. അതുകൊണ്ടുതന്നെ ഞാൻ ചേച്ചിയോട് ചോദിച്ചു പുസ്തകത്തിൽ പറയാതെ പോയിട്ടുള്ള എന്തെങ്കിലുമൊക്കെ ഓർമ്മകൾ ബാക്കിയുണ്ടോ എന്ന്. അത്തരം ഓർമ്മകൾ ഒക്കെ ചേച്ചി പറഞ്ഞു. അതുപോലെ ഞാൻ ചേച്ചിയോട് ചോദിച്ചു, എല്ലാവരും സ്വതന്ത്രമായിട്ടാണോ ഈ മേഖലയിൽ ഇടപെടുന്നത് എന്ന്. അതുപോലെ എല്ലാവരും ധൈര്യശാലികളാണോ എന്നൊക്കെ. അപ്പോൾ ചേച്ചി പറഞ്ഞു, അങ്ങനെയൊന്നുമല്ല എല്ലാവരും പല സാഹചര്യങ്ങൾ കൊണ്ടാണ് ഇതിലേക്ക് എത്തിപ്പെടുന്നതെന്ന്. സാഹചര്യങ്ങൾ കൊണ്ട് ഇതിൽ നിൽക്കേണ്ടി വരുന്നവരാണ് പല സ്ത്രീകളും. അവർ ഏതെല്ലാം വിധത്തിൽ സ്‌ട്രോങ് ആവും എന്നൊക്കെ ചേച്ചി പറഞ്ഞുതന്നു. ചേച്ചി പറഞ്ഞ കാര്യങ്ങളിൽ നിന്നും എന്‍റെ കഥാപാത്രം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചുള്ള ചില കാര്യങ്ങൾ ഞാൻ കൈകൊണ്ടു.
2009ൽ പുറത്തിറങ്ങിയ 'ഏറനാടൻ പോരാളി'യാണ് എന്‍റെ ആദ്യസിനിമ. അതിനുശേഷം ഏകദേശം 14 സിനിമകൾ ആയിരിക്കും ചെയ്തിട്ടുണ്ടാവുക. സിനിമ ചെയ്യുന്നതിനു മുമ്പ് ഞാൻ നാടകവും ഷോർട്ട് ഫിലിംസും ചെയ്യാറുണ്ടായിരുന്നു. ആ പരിചയത്തിൽ എന്നെ ഒരാൾ സജസ്റ്റ് ചെയ്തതാണ് 'ഏറനാടൻ പോരാളി'യിലേക്ക്. 'ഭാരതപുഴ'ക്ക് മുൻപ് നായിക പ്രാധാന്യമുള്ള സിനിമയായി ഞാൻ അഭിനയിക്കുന്നത് 'ഇളയരാജ'യിലാണ്. അജയ് ചേട്ടനെ (ഗിന്നസ് പക്രു) ഞാൻ അതിനു മുമ്പ് സ്ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ. 'ഇളയരാജ'ക്ക് വേണ്ടി വരുമ്പോഴാണ് ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത്. അജയ് ചേട്ടനെ മാത്രമല്ല ഹരിശ്രീ അശോകൻ ചേട്ടനെയും ആദ്യമായി കാണുന്നത് അവിടെ വച്ചാണ്. ആ സമയത്ത് ഞാൻ അറിയപ്പെടുന്ന ഒരു നടിയേ അല്ല. പക്ഷേ, ഒരു വേർതിരിവും ആരും എന്നോട് കാണിച്ചിട്ടില്ല. ഒരു നായികക്ക് കൊടുക്കേണ്ട അതേ പരിഗണന അജയ് ചേട്ടൻ എനിക്ക് തന്നിരുന്നു. അതോടൊപ്പം നമ്മളെ ലൊക്കേഷനിൽ കംഫർട്ടബിൾ ആക്കുക കൂടി ചെയ്തു ചേട്ടൻ.
എന്‍റെയുള്ളിൽ ഒരു അഭിനേത്രി ഉണ്ടെന്നത് തിരിച്ചറിയുന്നത് കുട്ടിക്കാലത്താണ്. ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ക്ലബ്ബിന്‍റെ ഉദ്ഘാടനത്തിന് ചെയ്‌ത ഒരു പെർഫോമൻസ് വഴിയാണ് അഭിനയം എന്ന കഴിവ് എന്‍റെയുള്ളിൽ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അധ്യാപകരായ കൃഷ്ണൻ കുട്ടി സാറും ഒരു ടീച്ചറും ആണ് അതിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. ഇന്നത്തെപോലെ ടിക്ടോക്, ഡബ്ബ്സ്മാഷ് ഒന്നുമുള്ള കാലമല്ലല്ലോ അന്ന്. അപ്പോൾ ക്ലാസ്സിൽ ഇടക്ക് കിട്ടുന്ന അഞ്ച് മിനിറ്റ്, 10 മിനിറ്റ് ഒക്കെ നമ്മൾ 'മണിച്ചിത്രത്താഴ്' സിനിമയിലെ രംഗങ്ങൾ ഒക്കെ അഭിനയിച്ചു കാണിക്കും. അത് കണ്ടു നല്ല അഭിപ്രായങ്ങൾ ഒക്കെ സഹപാഠികൾ പറയുമായിരുന്നു. അതുപോലെ ഡാൻസ് പഠിച്ചില്ല എങ്കിലും ഡാൻസ് ചെയ്യുമായിരുന്നു. തിരുവാതിര, ഒപ്പന പോലുള്ളവ.
ഡിഗ്രി കഴിയുന്ന സമയത്ത് സുഹൃത്ത് വഴിയാണ് ഞാൻ നാടകത്തിലേക്ക് വരുന്നത്. എന്‍റെ സുഹൃത്തിന് അഭിനയ നാടക പഠന കേന്ദ്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവളാണ് അവിടെ ഒരു നാടകത്തിന് നായികയെ ആവശ്യമായി വന്ന സാഹചര്യത്തിൽ എന്നോട് അക്കാര്യം പറയുന്നത്. കേട്ടപ്പോൾ തന്നെ ഞാൻ അതുചെയ്യാൻ തയാറായി. അവൾ അത് അവിടെ അറിയിച്ചു. അങ്ങനെയാണ് നാടകത്തിൽ എത്തുന്നത്. ജി. ശങ്കരപ്പിള്ള എഴുതി പ്രഫ. രാമാനുജം സംവിധാനം ചെയ്‌ത തിരുവനന്തപുരം അഭിനയയുടെ 'കറുത്ത ദൈവങ്ങളെ തേടി' എന്ന നാടകത്തിലൂടെയാണ് തുടക്കം.
എഴുത്തിൽ എന്‍റെ തുടക്കം കവിതയായിരുന്നു. യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് രണ്ടുമൂന്നു കവിതയൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത കുറിക്കുന്ന സ്വഭാവവും വായിക്കുന്ന പുസ്തകങ്ങളെ കുറിച്ചും കാണുന്ന സിനിമകളെ കുറിച്ചുമൊക്കെ വെറുതേ കുറിച്ചുവെക്കുന്ന സ്വഭാവവും ഒക്കെ ഉണ്ടായിരുന്നു. ഡിഗ്രിക്ക് മലയാളം എടുക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. എം.എ പഠിക്കുന്ന സമയത്ത് സിനിമ, നാടക നിരൂപണം തുടങ്ങി. അതുകണ്ട അധ്യാപിക നല്ല അഭിപ്രായം പറഞ്ഞു. ജേർണലിസം ചെയ്യുമ്പോൾ ഇതൊക്കെ എനിക്ക് ഒരുപാട് ഉപകരിച്ചിട്ടുണ്ട്. നാടകത്തെ കുറിച്ചുള്ള 'മലയാളത്തിലെ സ്ത്രീപക്ഷ നാടകവേദി' എന്ന പുസ്തകം ഒക്കെ അങ്ങനെ സംഭവിച്ച എഴുത്താണ്.
ഭർത്താവ് പ്രദീപിന്‍റെ വീട് ഇരിങ്ങാലക്കുടയിലാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് അത്. ഞാൻ വളർന്ന നാട്ടിൽ കുട്ടിക്കാലത്തൊക്കെ പാടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നികത്തുകയാണ് ഉണ്ടായത്. ഇപ്പോൾ അവിടെ വീടുകൾ ഒക്കെയാണ് ഉള്ളത്. ഇവിടെ ഇരിങ്ങാലക്കുടയിൽ ഞങ്ങൾക്ക് പാടമുണ്ട്. ഭർത്താവ് ഗൾഫിൽ ആയിരുന്നപ്പോഴും ലീവിന് നാട്ടിൽ വരുമ്പോൾ കൃഷിയിടത്തിലേക്ക് ഇറങ്ങുമായിരുന്നു. അതൊക്കെ കണ്ടു ഞാൻ ശീലിച്ചിട്ടുണ്ട്. പിന്നെ നമ്മൾ നട്ട് വിളവെടുക്കുേമ്പാൾ കിട്ടുന്ന ഒരു സന്തോഷം വളരെ വലുതാണ്. ആ സന്തോഷത്തിനു വേണ്ടിയാണ് കൃഷി തുടങ്ങിയത്. അതിലെ മികവിന് മൂരിയാട് പഞ്ചായത്ത് ഏർപ്പെടുത്തിയ യുവകർഷകക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്.
നാടകമായാലും സിനിമയായാലും എനിക്ക് താൽപര്യം ഉള്ള മേഖലയാണ്. സിനിമ പക്ഷേ, സാമ്പത്തികമായി നമ്മളെ കുറച്ചുകൂടി സംരക്ഷിച്ചു നിർത്തും. നാടകം അത്രയും അടിത്തറ നമുക്ക് തരണമെന്നില്ല. പക്ഷേ, നാടകത്തിൽ നിന്ന് കിട്ടുന്ന കൂട്ട്, അറിവ്, സന്തോഷങ്ങൾ, ലോകപരിചയം എന്നിവയൊക്കെ വലുതാണ്. സാമ്പത്തികമായ അടിത്തറയാണ് സിനിമയെയും നാടകത്തെയും വേറിട്ടു നിർത്തുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ നാടകം പഠിച്ചു സ്റ്റേജിൽ അവതരിപ്പിക്കുന്നത് വരെ നമ്മൾ അതിൽ മാത്രമായിരിക്കും ജീവിക്കുക. കൂടെ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളെ വരെ നമുക്ക് അറിയാമായിരിക്കും. എന്നാൽ, സിനിമയിൽ അങ്ങനെയല്ല. നമ്മൾക്കൊപ്പം അഭിനയിക്കുന്ന കഥാപാത്രങ്ങളെ മാത്രം ആയിരിക്കും നമുക്ക് അറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.