രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിലെ പുഷ്കരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അജിത് ചന്ദ്ര തന്റെ സിനിമാവിശേഷങ്ങൾ മാധ്യമവുമായി പങ്കു വെക്കുന്നു
• പുഷ്‌കരൻ
സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് പുഷ്കരൻ എന്നാണ്. അയാൾ ഒരു കെ.എസ്.ഇ.ബി ഓഫീസറാണ്. അയാളുടെ ജീവിതത്തിലയാൾ എല്ലാകാര്യങ്ങളും സംതൃപ്തനാണെങ്കിലും തന്റെ വിവാഹം നടക്കുന്നില്ല എന്ന കാര്യത്തിൽ അയാൾക്ക് അൽപം മാനസികമായി ബുദ്ധിമുട്ടുണ്ട്. സിനിമയിലെ നായകനായ സുരേഷ് സുമലതയെ പ്രണയിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഒരു നാടകം ചെയ്യാനായി പദ്ധതിയിടുമ്പോൾ പുഷ്‌കരനുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളൊക്കെ കാണിച്ചുകൊണ്ടാണ് ആ കഥാപാത്രം വികസിക്കുന്നത്.
• ചോദിച്ചു വാങ്ങിയ അവസരം
കഴിഞ്ഞ 10, 12 വർഷമായി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം സഹ സംവിധായകനായി കൂടെയുണ്ട്. കനകം കാമിനി കലഹം എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് രതീഷേട്ടൻ അതിന്റെ പ്രീ ഷൂട്ട് നടത്തിയിരുന്നു. പൊതുവെ, അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഒരു പ്രീ ഷൂട്ടിങ് പരിപാടി നടത്താറുണ്ട്. ആ സമയത്ത് ആർട്ടിസ്റ്റുകൾക്കും പകരം ഞങ്ങൾ സാഹസംവിധായകരാണ് ഡെമോ ആകാറുള്ളത്. ആദ്ദേഹം എഴുതിയ കഥാപാത്രങ്ങളൊക്കെ വർക്ക് ആവുന്നുണ്ടോ എന്നറിയാനാണ് ഇങ്ങനെ പ്രീഷൂട്ട് ചെയ്യുന്നത്. അത് ഓക്കേയായാൽ മാത്രമേ അദ്ദേഹം ആർട്ടിസ്റ്റിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്യൂ. അതൊക്കെ കഴിഞ്ഞ് പിന്നീട് മദനോത്സവം സിനിമ നടക്കുന്ന സമയത്താണ് ന്നാ താൻ കേസ് കൊട് സിനിമയുടെ സ്പിൻ ഓഫ് ചെയ്യാൻ പ്ലാനുണ്ടെന്ന് പറയുന്നത്. അത്തരം സംസാരങ്ങൾക്കിടയിലാണ് ഒരു കഥാപാത്രം ചെയ്താൽ കൊള്ളാമെന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറയുന്നത്. പിന്നീട് അടുത്ത രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു, ഇതിലൊരു കഥാപാത്രമുണ്ട്, നമുക്ക് നോക്കാമെന്ന്. മറ്റുള്ളവരെ നന്നായി ഒബ്സർവ് ചെയ്തു സ്ക്രിപ്റ്റ് ചെയ്യുന്ന ആളാണ് പുള്ളി. എന്തായാലും എന്നെ ഒബ്സർ ചെയ്തു എന്റെ ചിന്തകളും ശൈലികളും അഭിനയപാടവാവുമെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് ഈ കഥാപാത്രം എഴുതിയിരിക്കുന്നത്. അങ്ങനെയൊക്കെയാണെങ്കിലും ഓഡിഷൻ വഴി തന്നെയാണ് ഞാനടക്കമുള്ള എല്ലാ ആർട്ടിസ്റ്റുകളും സിനിമയിൽ എത്തിയത്.
• ഒരേസമയം നടനായും സാഹസംവിധായകനായും
ഈ സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അസോസിയേറ്റ് ഡയറക്ടറായി കൂടി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഒരു സാധാരണ പ്രണയകഥ എന്ന നിലയിൽ തന്നെയാണ് ഈ സിനിമയുടെ കഥയേ കുറിച്ച് സംവിധായകൻ ആദ്യം വിശദീകരിച്ചിരുന്നത്. പക്ഷേ അതിൽ എന്തെങ്കിലും പുതുമ കൊണ്ടുവരണമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയൊക്കെ ആലോചിച്ച സമയത്താണ് മൂന്നു കാലഘട്ടങ്ങളിലായി ഒരു കഥ പറയാമെന്ന് കരുതിയത്. അങ്ങനെയാണ് 1960,1990,2024 എന്നീ മൂന്ന് കാലഘട്ടങ്ങൾ കഥയിൽ വരുന്നത്. പ്രണയം സംഭവിക്കുന്നതിനിടയിൽ ജാതി കോൺഫ്ലിറ്റുകൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന കാര്യമാണ് സിനിമ ഓർമ്മിപ്പിക്കുന്നത്. പിന്നെ അഭിനയവും സഹ സംവിധാനവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് വലിയ ബുദ്ധിമുട്ടായി തോന്നാതിരുന്നത് ആ ലൊക്കേഷൻ അത്രമാത്രം കംഫർട്ട് ആവുന്നതുകൊണ്ടാണ്. പക്ഷേ അഭിനയത്തിൽ മുൻ പരിചയം ഒന്നുമില്ലാത്തതുകൊണ്ട് അഭിനയം എന്ന പ്രോസസ് എനിക്ക് അല്പം ടെൻഷൻ ഉണ്ടാക്കിയിരുന്നു. പക്ഷേ ലൊക്കേഷനിൽ എല്ലാവരും തന്ന പിന്തുണ വലുതാണ്.
• മേക്കപ്പ് അസിസ്റ്റന്റായി തുടക്കം
2010,2011 കാലഘട്ടങ്ങളിൽ സീരിയലിൽ നിന്നാണ് ഞാൻ ആദ്യമായി കരിയർ തുടങ്ങുന്നത്. മേക്കപ്പ് അസിസ്റ്റന്റിൽ നിന്ന് തുടങ്ങിയ കരിയർ അസോസിറ്റ് ഡയറക്ടറിൽ എത്തി എന്ന് വേണം പറയാൻ.ഒരു സംവിധായകനാകാനുള്ള ആഗ്രഹത്തോട് കൂടി തന്നെയാണ് ഇൻഡസ്ട്രിയിലൊന്നു കയറി പറ്റുവാനായി മേക്കപ്പ് അസിസ്റ്റന്റ് ആയി പോയത്. അവസരങ്ങൾ അന്വേഷിച്ച് അന്വേഷിച്ചാണ് സിനിമയിലെത്തിയത്. അങ്ങനെ ഗ്രാജ്വലി വളർന്നു വന്നതാണ് എന്റെ കരിയർ
• രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആർട്ടിസ്റ്റുകളെ ഹാൻഡിൽ ചെയ്യുന്ന വിധം
എല്ലാ സംവിധായകർക്കും അവരവരുടെതായ പ്രത്യേകതകളുണ്ട്. കഴിഞ്ഞ 10,12 വർഷമായി പല സംവിധായകരുടെയും കൂടെ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ രതീഷേട്ടൻ ആർട്ടിസ്റ്റുകളെ ഹാൻഡിൽ ചെയ്യുന്നത് നല്ല രസമാണ്. അദ്ദേഹത്തിന് എപ്പോഴും ആവശ്യം ഫ്രഷായ ആർട്ടിസ്റ്റുകളെയാണ്. സിനിമയിൽ അഭിനയിക്കാത്ത ക്യാമറ കാണാത്ത ആളുകളെ അഭിനയിപ്പിക്കുന്നത് വെല്ലുവിളിയുള്ള കാര്യമാണ്. പക്ഷേ അദ്ദേഹം ആ വെല്ലുവിളി ഏറ്റെടുത്ത് നന്നായി ചെയ്യും. ഈ സിനിമക്കകത്ത് എനിക്കൊരു പെണ്ണുകാണൽ സീൻ ഉണ്ടായിരുന്നു. ആ സീൻ ചെയുന്ന നേരം പുഷ്കരന്റെ മുഖത്ത് ടെൻഷൻ വരണമായിരുന്നു. സത്യത്തിൽ ആ ടെൻഷൻ എന്റെ മുഖത്ത് തന്ത്രപരമായി ഉണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു സീൻ കൊറിയോഗ്രാഫി ചെയ്യുന്ന നേരത്ത് അസിസ്റ്റന്റ് ഡയറക്ടെഴ്സിനെയെല്ലാം വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കി എല്ലാവർക്കും പറഞ്ഞുകൊടുക്കും രതീഷേട്ടൻ.
വരും പ്രൊജക്റ്റുകൾ?
സുരേഷന്റെയും സുമലതയുടെയും സിനിമക്ക് വേണ്ടി ഏതാണ്ട് ഒരു വർഷത്തോളമാണ് ഞങ്ങൾ നിരന്തരം വർക്ക് ചെയ്തിട്ടുള്ളത്. അതിനിടയിൽ ചില വർക്കുകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്യാൻ വിളിച്ചെങ്കിലും സമയക്കുറവ് മൂലം അതിലൊന്നും പങ്ക് ചേരാൻ പറ്റിയില്ല. അഭിനയത്തിനുള്ള അവസരം വരികയാണെങ്കിൽ ഉറപ്പായും അഭിനയവും കൂടെ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.