ജിസ്ജോയ് സംവിധാനം ചെയ്ത ത്രില്ലർ സിനിമയായ തലവൻ സിനിമയുടെ ഇരട്ട തിരക്കഥാകൃത്തുക്കളായ ആനന്ദ് തേവർക്കാട്ട് - ശരത് പെരുമ്പാവൂർ എന്നിവരിലെ ശരത് പെരുമ്പാവൂർ എഴുത്തുക്കാരൻ എന്നതിനോടൊപ്പം തന്നെ എറണാകുളം റൂറൽ ജില്ലയിലെ ആലുവ ട്രാഫിക് യൂണിറ്റിലാണ് വർക്ക് ചെയ്യുന്നത്. ശരത് തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നു മാധ്യമത്തിനോട്.
• കോലുമിഠായി മുതൽ തലവൻ വരെ
കോലുമിഠായി എന്ന സിനിമയുടെ ഡയറക്ടർ അരുൺ വിശ്വം പൊലീസിൽ എന്റെ സഹ പ്രവർത്തകനാണ്. അദ്ദേഹത്തോട് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പോകുമ്പോഴാണ് അവിടെവച്ച് ആനന്ദ് തേവരക്കാട്ടിനെ ഞാനാദ്യമായി കാണുന്നത്. അതിനുശേഷം ഒത്തിരി സിനിമാകഥകളെ കുറിച്ചൊക്കെ ആനന്ദുമായി ഞാൻ സംസാരിച്ചിരുന്നു. അത്തരത്തിൽ പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഞങ്ങൾക്കിടയിലെ വേവ് ലെങ്ത് ഒരുപോലെയാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് ഞങ്ങളുടെ തിരക്കഥയിലെ കൂട്ടുകെട്ട് ആരംഭിക്കുന്നത്. ഡിവൈഎസ്പി വി ജി രവീന്ദ്രനാഥ്, അദ്ദേഹം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നപ്പോൾ ഒരിക്കൽ ഞങ്ങളുടെ കൈയിലുള്ള ഒരു സിനിമയുടെ കഥ കേട്ടു. അങ്ങനെ അദ്ദേഹം വഴിയാണ് ഞങ്ങൾ തലവൻ സിനിമയുടെ പ്രൊഡ്യൂസറിലേക്ക് എത്തുന്നത്. അങ്ങനെ ഒരിക്കൽ പ്രൊഡ്യൂസർ ഞങ്ങളോട് കൈ.ിൽ വേറെ കഥയുണ്ടോന്ന് ചോദിച്ചപ്പോൾ ഞങ്ങൾ തലവൻ സിനിമയുടെ കഥ പറഞ്ഞു. ആ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അത് സിനിമയാകുന്നത്.
• ആസിഫ് അലിയും ബിജു മേനോനും
തലവൻ സിനിമയുടെ കഥ പറയാൻ വേണ്ടിയാണ് ആദ്യമായി ആസിഫ് അലിയെ കാണാൻ പോകുന്നത്. സംവിധായകൻ ജിസ് ജോയുടെ കൂടെയാണ് ആസിഫ് അലിയെ കാണാൻ പോയത്. രാത്രി ഒരുപാട് വൈകിയാണ് അവിടെ എത്തിയത്. ആസിഫ് ആണെങ്കിൽ അത്യാവശ്യം ക്ഷീണിതനായിരുന്നു. ആൾക്ക് ഒട്ടും വയ്യാത്ത അവസ്ഥയായിട്ടുപോലും ജിസ് ജോയ് ചേട്ടനുമായുള്ള സൗഹൃദം വെച്ച് പുള്ളി ഞങ്ങൾക്ക് വേണ്ടി സമയം തന്നു. തുടക്കക്കാരായിരുന്നിട്ട് പോലും ആസിഫ് അലി നല്ല രീതിയിൽ ഞങ്ങളെ പരിഗണിച്ചു. സിനിമയുടെ കഥ കേട്ട ആസിഫ് അലിക്ക് അത് ഇഷ്ടപ്പെട്ടു. തുടർന്ന് ഒപ്പമുള്ള കഥാപാത്രം ആരു ചെയ്യുമെന്നുള്ള ചർച്ചയിൽ ബിജു മേനോൻ എന്നുള്ള നിർദ്ദേശം ഞങ്ങളെപ്പോലെ തന്നെ ആസിഫ് അലിയും മുൻപോട്ട് വെച്ചു. പിന്നീടാണ് ബിജു മേനോൻ എന്ന നടനെ കാണാൻ പോകുന്നത്. അങ്ങനെ ബിജു ചേട്ടന് കൂടി കഥ ഇഷ്ടപ്പെട്ടതോടെ സിനിമയിലേക്കുള്ള ബാക്കി പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു.
•ത്രില്ലറിലേക്ക് ജിസ് ജോയ്
ജിസ് ജോയ് സാധാരണ ഫീൽ ഗുഡ് സിനിമകളാണ് ചെയ്യാറുള്ളത്. തലവൻ പോലൊരു ത്രില്ലർ സിനിമയെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ പോകുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും ചെറിയ സംശയമുണ്ടായിരുന്നു ഇക്കാര്യത്തെക്കുറിച്ച്. പക്ഷേ അദ്ദേഹം തൊട്ടു മുൻപ് ചെയ്ത ഇന്നലെ വരെ എന്ന സിനിമ ഞങ്ങൾ കണ്ടിട്ടുള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിന് വേറിട്ട ഒരു സബ്ജക്ട് കിട്ടിയാലും അദ്ദേഹം അത് നന്നായി ചെയ്യും എന്നുള്ള ഒരു ഉറപ്പും ഞങ്ങൾക്കുണ്ടായിരുന്നു. പിന്നീട് കഥയെല്ലാം കേട്ടു കഴിഞ്ഞതിനു ശേഷം തുടർന്നുള്ള ദിവസങ്ങളിലുണ്ടായ ഡിസ്കഷനിടയിൽ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മുൻപോട്ട് വയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾക്ക് ഉറപ്പായത്, ഈ സിനിമ അദ്ദേഹത്തിന്റെ കൈയിൽ 100% സുരക്ഷിതമായിരിക്കുമെന്ന്. അതോടെ ഞങ്ങളും ഹാപ്പിയായി.
• സിനിമയും ജീവിതവും വേറെ വേറെ
യഥാർഥ ജീവിതത്തിലേതു പോലെയല്ല സിനിമയിൽ സംഭവിക്കുന്നത്. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഗ്രാഫ് നമുക്ക് ഇഷ്ടമുള്ളതുപോലെ കൂട്ടിയും കുറച്ചും കൊണ്ടുപോകാൻ സിനിമയിൽ കഴിയും. പക്ഷേ യഥാർഥ ജീവിതത്തിലെ അവസ്ഥ അങ്ങനെയല്ല. നമ്മുടെ ചിന്താഗതികളുമായി നമ്മൾ എഴുതുന്നത് പോലെ എളുപ്പമല്ല യഥാർഥ ജീവിതത്തിലെ കാര്യങ്ങൾ. അവിടെ കാര്യങ്ങൾ കുറെ കൂടി കോംപ്ലിക്കേറ്റഡാണ്. കേസ് എങ്ങോട്ട് പോകുമെന്നോ, കേസിന്റെ വഴി ഏതെല്ലാം രീതിയിൽ നമ്മളെ മുൻപോട്ട് നയിക്കുമെന്നോ പറയാൻ പറ്റില്ല. അതിന്റെ ഗ്രാഫ് ഒരിക്കലും നമ്മുടെ കൈയിൽ നിൽക്കുന്നതല്ല. എന്നാലും ഇന്ത്യയിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് പൊലീസാണ് കേരള പൊലീസ്. ഒരു കേസിന്റെ പുറകെ അത് അന്വേഷിക്കാനായി ഇറങ്ങിത്തിരിച്ച അത് 100% തെളിയിക്കുന്നവർ തന്നെയാണ് കേരള പൊലീസ്.
• ഞെട്ടിച്ചത് കോട്ടയം നസീർ
കോട്ടയം നസീർ ഇക്ക ശരിക്കും ഞെട്ടിച്ചു. സിനിമക്ക് വേണ്ടി കഥാപാത്രം എഴുതുന്ന സമയത്ത് നമ്മൾ മനസ്സിൽ കണ്ടതെന്താണോ അത് പോലെ തന്നെയാണ് നസീർക്ക ആ കഥാപാത്രം ചെയ്തിരിക്കുന്നത്. കലാഭവൻ ഷാജോൺ ചേട്ടനൊക്കെ ദൃശ്യം മൂവിയിൽ ചെയ്ത ആ കഥാപാത്രമില്ലേ അതുപോലൊക്കെ നല്ലൊരു ആർട്ടിസ്റ്റായിരിക്കണം നസീർക്ക ചെയ്ത ഈ കഥാപാത്രം ചെയ്യേണ്ടതെന്നും ഞങ്ങൾ ആഗ്രഹിച്ചിരുന്നു.പ്രത്യേകിച്ചും ഇത്തരം കഥാപാത്രങ്ങൾ സ്ഥിരമായി ചെയ്യുന്ന ആർട്ടിസ്റ്റുകൾ ആവരുത് ഈ കഥാപാത്രം ചെയ്യേണ്ടതെന്ന് കരുതിയിരുന്നു. ജിസ് ജോയ് ചേട്ടനാണ് കോട്ടയം നസീറിനെ സജസ്റ്റ് ചെയ്തത്.ലൊക്കേഷനിൽ വെച്ച് ഞാൻ അദ്ദേഹത്തോട് നേരിട്ട് അഭിപ്രായം പറയുകയും ചെയ്തിരുന്നു ഈ കഥാപാത്രം ഇക്ക നന്നായി ചെയ്തെന്ന്.
• പൊലീസ് ജീവിതവും സിനിമയും
2010 ഒക്ടോബറിലാണ് ഞാൻ പൊലീസ് സർവീസിൽ ജോലിക്ക് കയറിയത്. ഏകദേശം 2015 വരെ തൃശ്ശൂർ ക്യാമ്പിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. അക്കാലത്ത് ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്ന എന്റെർടൈൻമെന്റ് എന്ന് പറയുന്നത് തൃശ്ശൂർ റൗണ്ടിലെ നല്ല ഭക്ഷണങ്ങൾ കഴിക്കുക, സിനിമ കാണുക എന്നിവയായിരുന്നു. തൃശ്ശൂരിലെ എല്ലാ സിനിമ തിയറ്ററുകളും കാണാപ്പാഠമായിരുന്നു അക്കാലത്ത്. അങ്ങനെ സിനിമ കണ്ടു കണ്ടാണ് സിനിമയോടുള്ള ഇഷ്ടം കൂടുന്നത്. പിന്നെ സിനിമയിൽ നല്ലൊരു കൂട്ടുകെട്ട് എപ്പോഴും അത്യാവശ്യമാണ്. ആനന്ദ് തേവരക്കാട്ട് സിനിമ ഇൻഡസ്ട്രിയൽ 11 വർഷത്തോളം ആർട്ട് ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്തിട്ടുണ്ട്. സിനിമാറ്റിക്ക് ആയിട്ടുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഞങ്ങളുടെ കൂട്ടുകെട്ടിന് ഒരുപാട് ബലം ഉണ്ടാക്കിയിട്ടുണ്ട്.
• ലക്ഷ്യം എല്ലാത്തരം സിനിമകളും
പുതിയ വർക്കുകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. പലർക്കും ചെറിയ സംശയമുണ്ട് ത്രില്ലർ സബ്ജക്ട് മാത്രമാണോ ചെയ്യുക എന്ന്. ഞങ്ങൾക്ക് എല്ലാത്തരം കഥകളും പറയണം എന്ന് തന്നെയാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.