ഫൈസൽ ഖാൻ, ആമിർ ഖാൻ

'ആമിർ എന്നെ വീട്ടുതടങ്കലിലാക്കി, ​ഭ്രാന്തനായി ചിത്രീകരിച്ചു', ആമിർ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ

മുംബൈ: ബോളിവുഡിലെ സൂപ്പർ താരം ആമിർ ഖാനെതിരെ കടുത്ത ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ രംഗത്ത്. ആമിർ തന്നെ ഏറെക്കാലം വീട്ടിൽ അടച്ചുപൂട്ടിയിട്ടതായും മാനസിക വെല്ലുവിളി നേരിടുന്നയാളായി ചിത്രീകരിച്ചതായും ഫൈസൽ ആരോപിച്ചു. ഇതിനു പുറമെ തന്റെ സ്വത്തുക്കളുടെ ക്രയവിക്രയാധികാരം സ്വന്തമാക്കാൻ ആമിർ ശ്രമിച്ചതായും ഫൈസൽ ഖാൻ ആരോപിച്ചു.

'ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. അന്ന് എനിക്ക് ഭ്രാന്താണെന്നും സ്വയം കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ക്രയവിക്രയാധികാരം ഉൾപെടെ കരസ്ഥമാക്കാൻ ആമിർ ശ്രമിച്ചു. സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കുമുമ്പിൽ പറയണമെന്നായിരുന്നു ആവശ്യം. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതോടെയാണ് വീടുവിട്ട് പോകാൻ ഞാൻ തീരുമാനിച്ചത്.'


'മേള' സിനിമയുടെ ചിത്രീകരണവേളയിൽ ആമിർ ഖാനൊപ്പം ഫൈസൽ ഖാൻ

'കുടുംബവുമായി ഞാൻ അകലം പാലിച്ചു. അവരാകട്ടെ, ഞാൻ ബുദ്ധിഭ്രമമുള്ളയാളാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു. അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോൺ എടുത്തുമാറ്റി. എന്നെ ചില മരുന്നുകൾ കുടിപ്പിക്കാനും തുടങ്ങി. എന്നെ നോക്കാനായി ആമിർ കാവൽക്കാരെ ഏർപെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം ഞാൻ പ്രതിഷേധിക്കാൻ തുടങ്ങി.'- ആമിർ ഖാനൊപ്പം 'മേള' എന്ന സിനിമയിലൂടെ ബോളിവുഡിൽ വരവറിയിച്ച ഫൈസൽ ഖാൻ പറഞ്ഞു.



'വീട് വിട്ട് ഞാൻ പൊലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് പോയത്. ഞാൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥാപിക്കാൻ എന്റെ കുടുംബം സ്വകാര്യ ആ​ശുപത്രിയിൽ പരിശോധനകൾ നടത്തി ശ്രമിച്ചുവെന്ന് ആ സുഹൃത്താണ് എന്നോട് പറഞ്ഞത്. കോടതിയിൽ പക്ഷേ, സർക്കാർ ആശുപത്രിയിലെ പരിശോധന മാത്രമേ അതിനായി കണക്കിലെടുക്കൂ. തുടർന്ന് ഞാൻ സർക്കാർ ആശുപത്രിയിൽ പരിശോധനക്ക് വിധേയനായി. ഒരുപാടു വർഷങ്ങൾ കോടതിയിൽ ​കേസ് നടന്നു. അവസാനം ഞാൻ ജയിച്ചു. ഞാൻ മാനസിക വെല്ലുവിളി നേരിടുന്നയാള​​ല്ലെന്ന് കോടതി വിധി പറഞ്ഞു. 'ടൈംസ് നൗ നവഭാരതി'ന് നൽകിയ അഭിമുഖത്തിൽ ഫൈസൽ ഖാൻ പറഞ്ഞു.



'ഈ സമയങ്ങളിൽ പിതാവാണ് പിന്തുണയുമായി എനിക്കൊപ്പമുണ്ടായിരുന്നത്. എന്നെ സംരക്ഷിക്കാനായി എന്റെ കസ്റ്റഡി ആമിർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എനിക്കത് ആവശ്യമുണ്ടായിരുന്നില്ല. 18ന് മുകളിൽ പ്രായമുള്ളയാളായിരുന്നു ഞാൻ. എന്നെ നോക്കാൻ എനിക്കറിയാമെന്ന് ഞാൻ കോടതിയോട് പറഞ്ഞു' -ഫൈസൽ വിശദീകരിച്ചു.

Tags:    
News Summary - Faisal Khan has made strong allegations against Aamir Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.