ഡിസംബർ അഞ്ചിന് വെള്ളിത്തിരയിലെത്തിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 ആഗോള ബോക്സോഫീസ് കലക്ഷൻ 1500 കോടി തികക്കാനുള്ള കുതിപ്പിലാണ്. റിലീസായി 12 ദിവസം കൊണ്ട് 1400 കോടി രൂപയാണ് സിനിമ ആഗോള ബോക്സോഫീസിൽനിന്ന് നേടിയത്. അല്ലു വമ്പൻ നേട്ടത്തിലേക്ക് കുതിക്കാനിരിക്കെ, നേരത്തെ 1500 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുള്ള രണ്ട് ഇന്ത്യൻ സിനിമകൾ മാത്രമാണെന്നത് ശ്രദ്ധേയമാണ്. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ ‘ദംഗൽ’, തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായക വേഷത്തിലെത്തിയ ‘ബാഹുബലി 2’ എന്നിവയാണവ.
സുകുമാറിന്റെ സംവിധാന മികവിൽ എത്തിയ ആക്ഷൻ ത്രില്ലറായ പുഷ്പ 2, ആർആർആറിന്റെ 1230 കോടി, കെ.ജി.എഫ് ചാപ്റ്റർ 2ന്റെ 1215 കോടി എന്നീ കലക്ഷൻ റെക്കോർഡുകൾ ഇതിനോടകം തകർത്തുകഴിഞ്ഞു. 13 ദിവസത്തിനിടെ ഇന്ത്യയിൽനിന്നു മാത്രം 929.85 കോടി രൂപയാണ് പുഷ്പ 2 സ്വന്തമാക്കിയത്. ഇതിൽ 573.1 കോടി രൂപ ഹിന്ദി പതിപ്പിനാണെന്നത് ശ്രദ്ധേയമാണ്. ബാഹുബലി 2ന്റെ റെക്കോഡ് ഉടൻ തകരുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. നിലവിലെ തിരക്ക് പരിഗണിക്കുമ്പോൾ ദംഗലിനെയും മറികടന്ന് പുതിയ കലക്ഷൻ റെക്കോർഡ് സ്വന്തമാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
2017ലാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 റിലീസ് ചെയ്തത്. ചിത്രത്തിന്റെ വമ്പൻ വിജയത്തോടെ പ്രഭാസ് ഗ്ലോബൽ സ്റ്റാറായി മാറി. ആഗോള ബോക്സോഫീസിൽ 1788 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. ഇതിൽ 1400 കോടിയും ഇന്ത്യയിൽനിന്നാണ് ലഭിച്ചത്. ആധുനിക കാലത്ത് പതിവില്ലാത്ത വിധം, 16 ആഴ്ചയാണ് ബാഹുബലി 2 തിയേറ്ററുകളിൽ ഓടിയത്.
2016ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രമായ ദംഗലിന് ആഗോള തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യക്ക് പുറമെ ചൈനയിലും വമ്പൻ ഹിറ്റായ ചിത്രത്തിന് ആഗോള ബോക്സോഫീസിൽ 2070 കോടിയാണ് കലക്ഷനായി ലഭിച്ചത്. ഈ റെക്കോഡ് ഇപ്പോഴും തകരാതെ നിൽക്കുകയാണ്.
മൂന്ന് ചിത്രങ്ങളും വ്യത്യസ്തമാണെങ്കിലും ‘ഇന്ത്യൻ വേ ഓഫ് സ്റ്റോറി ടെല്ലിങ്ങി’ന് ആഗോള തലത്തിൽ ലഭിക്കുന്ന സ്വീകാര്യത ഏറുന്നതായാണ് കലക്ഷൻ റെക്കോഡുകളുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സിനിമാ നിരൂപകർ വിലയിരുത്തുന്നു. പുഷ്പയും 1500 കോടി പിന്നിടുന്നതോടെ, ഒരുകാലത്ത് തഴയപ്പെട്ട ദക്ഷിണേന്ത്യൻ സിനിമകൾ ബോളിവുഡിനെ പിന്നിലാക്കി കുതിക്കുന്നതും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.