നടി ശ്വേത മേനോനുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് ഇൻഡിഗോ വിമാനക്കമ്പനി. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഇനി ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇൻഡിഗോ എയർലൈൻസ് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഇൻഡിഗോക്കെതിരെ താരം രംഗത്ത് എത്തിയത്. ലൈവ് വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ദുരനുഭവം വെളിപ്പെടുത്തിയത്. പിന്നീട് ഉണ്ടായതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു.
'ഉച്ചയ്ക്ക് 12 മണിക്കുള്ള മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുളള ഇൻഡിഗോ ( (6E-6701) എന്ന വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത എനിക്ക് ഫ്ലൈറ്റിന്റെ സമയം 1.30തായി പുനഃക്രമീകരിച്ചു എന്ന മെസേജ് ലഭിച്ചു. പക്ഷേ എയർപോർട്ടിൽ എത്തിയപ്പോൾ 12 മണിക്ക് ഫ്ലൈറ്റ് ടേക്ക് ഓഫ് ആയി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഞാൻ തനിച്ചായിരുന്നില്ല എന്റെ അതേ അവസ്ഥയിൽ ഏകദേശം 22 യാത്രക്കാർ ഉണ്ടായിരുന്നു.
ഹെൽപ്പ് ഡെസ്ക്കിൽ സഹായം തേടി. എന്നാൽ അവിടെയുണ്ടായിരുന്ന സ്ത്രീ വളരെ മോശമായിട്ടായിരുന്നു പെരുമാറിയത്. സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറാവാതെ വളരെ രൂക്ഷമായി സംസാരിച്ചു. തുടർന്നാണ് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യാൻ തീരുമാനിച്ചത്. അവർ 9 മണിക്കുളള ഫ്ലൈറ്റിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ 5 മണിക്ക് മറ്റൊരു ഫ്ലൈറ്റുണ്ടായിരുന്നു. ഒടുവിൽ,വൈകുന്നേരം 5 മണിക്കുള്ള ഇൻഡിഗോ 6E-6703 ഫ്ലൈറ്റിൽ ഞങ്ങളെ നാട്ടിലെത്തിക്കാനുള്ളസൗകര്യം ഒരുക്കി. ഒടുവിൽ ഞങ്ങൾ കൊച്ചി എയർപോർട്ടിൽ എത്തി. ഇൻഡിഗോയുടെ കൊച്ചി ഓഫീസിൽ നിന്ന് അശ്വതിയും വിഷ്ണുവും അവിടെയെത്തി ക്ഷമാപണം നടത്തി- ശ്വേത മേനോൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.