അരങ്ങിന് പുറത്തെ 'ആട്ടം'- റിവ്യൂ

നുഷ്യരിൽ/വ്യക്തികളിൽ മാറി മാറി വരുന്ന ആദർശങ്ങൾ, ആഭിമുഖ്യങ്ങൾ, അത്തരം നിലപാടുകളുടെ മാറ്റത്തിലേക്ക് അവരെ നയിക്കുന്ന സാഹചര്യങ്ങൾ - തുടങ്ങിയ കാര്യങ്ങൾ അത്ര നിസ്സാരമായ ഒന്നാണോ ? സ്തുതിച്ചതിനെ ഇകഴ്ത്തുകയും, ഇകഴ്ത്തിയതിനെ സ്തുതിക്കുകയും ചെയ്യുന്നതോ? ഒരിക്കലും ഇവയൊന്നും അത്ര നിസ്സാരമാണെന്ന് കരുതിയേക്കരുത്. നിലപാടുകളിലെ സ്ഥിരതയില്ലായ്മയെന്ന് പറഞ്ഞാൽ അത് ഏറ്റവും അപകടം പിടിച്ച ഒന്നാണ്. പ്രത്യേകിച്ചും അവസരങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി നിലപാടുകൾ മാറ്റി പറയുന്ന മനുഷ്യരെ നാം ഭയക്കുക തന്നെ വേണം. ആ നിലക്ക് നോക്കിയാൽ, സംവാദവും യോജിപ്പും വിയോജിപ്പും കൊണ്ട് മാറിമറയുന്ന നിലപാടുകളുടെ കഥ തന്നെയാണ് കേരളത്തിലെ 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFK) അടുത്തിടെ പ്രദർശിപ്പിച്ച, ഇക്കഴിഞ്ഞ ദിവസത്തിൽ തിയറ്ററിൽ റിലീസ് ചെയ്ത ആനന്ദ് ഏകർഷിയുടെ ആട്ടം സിനിമ പറയുന്നത്.

ആട്ടം ഒരു സിനിമ മാത്രമല്ല. ഒരു സിനിമക്കുള്ളിലെ നാടകം കൂടിയാണ്. അതുമല്ലെങ്കിൽ ഒരേസമയം സിനിമയും നാടകവുമാണെന്നും പറയാം. നിലപാടുകൾ എടുക്കുകയും അവനവന്റെ സൗകര്യത്തെ അടിസ്ഥാനമാക്കി ആ നിലപാടുകളെ മാറ്റി കളയുകയും ചെയ്യുന്ന 12 മനുഷ്യരിലൂടെയാണ് ആട്ടം സഞ്ചരിക്കുന്നത്. ഒന്നുകൂടി ലളിതമാക്കിയാൽ 'ഇരട്ടത്താപ്പ്' എന്ന പദമായിരിക്കും കൂടുതൽ യോജിക്കുക. 'അരങ്ങ്' എന്ന നാടക ട്രൂപ്പിനെ അടിമുടി ഇളക്കിമറിക്കാൻ പ്രാപ്തിയുള്ള ഒരു ലൈംഗികാരോപണത്തെ ചുറ്റിപ്പറ്റിയാണ് സംവിധായകൻ കഥ പറയുന്നത്.


പതിനാറ് വർഷത്തിലേറെയായി അഭിനയത്തോടുള്ള തന്റെ ഇഷ്ടം പിന്തുടരുന്ന അഞ്ജലി 'അരങ്ങി'ന്റെ ഭാഗം മാത്രമല്ല വ്യക്തിജീവിതത്തിൽ അവൾ പ്രൊഫഷണലായ ഒരു ഇന്റീരിയർ ഡിസൈനർ കൂടിയാണ്. ആ നാടകട്രൂപ്പിലെ ഒരേയൊരു പെൺകുട്ടിയും അവൾ തന്നെയാണ്. അരങ്ങ് ട്രൂപ്പവതരിപ്പിക്കുന്ന ഒരു നാടകം കാണേണ്ടി വരുന്ന രണ്ട് ബ്രിട്ടീഷ് ദമ്പതികൾക്ക് അവരുടെ പ്രകടനത്തിൽ മതിപ്പനുഭവപ്പെടുകയും അതിന്റെ ഭാഗമായി ഒരു ദിവസം രാത്രി മൊത്തമായി അവർക്കൊപ്പം സമയം ചെലവഴിക്കുവാനായി നാടക ട്രൂപ്പിലുള്ളവരെ ബ്രിട്ടീഷ് ദമ്പതികൾ തങ്ങൾ താമസിക്കുന്ന റിസോർട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. എന്നാൽ അന്നത്തെ ദിവസം രാത്രിയിൽ അഞ്ജലിക്ക് നേരെയായി ഒരു ലൈംഗികാതിക്രമമുണ്ടാകുന്നു. ആ വിവരം ട്രൂപ്പിലുള്ള മറ്റുള്ളവരറിയുന്നതാകട്ടെ അവിടം വിട്ടു പിരിഞ്ഞതിനു ശേഷമുള്ള അടുത്ത ഒരാഴ്ച കഴിഞ്ഞിട്ടും. അതിനെ ചുറ്റിപറ്റിയുള്ള സംവാദവും , വാദവും, പ്രതിവാദവുമാണ് മറ്റു 12 പേർക്കുമിടയിൽ പിന്നെ സംഭവിക്കുന്നത്. എന്നാൽ തങ്ങൾക്ക് മുമ്പിലുള്ള വിഷത്തിന്റെ ഗൗരവത്തെ കുറിച്ചും, ഉത്തരവാദിത്വത്തെക്കുറിച്ചും ഓരോ മനുഷ്യരും ഇടപെടുന്നതാകട്ടെ വ്യത്യസ്ത നിലയിലും.

ഓരോരുത്തരും വളർന്നുവന്ന സാമൂഹിക സാഹചര്യം, തങ്ങൾ ജീവിക്കുന്ന സാമ്പത്തിക സാഹചര്യം, തങ്ങൾക്കുള്ളിലെ പുരുഷാധിപത്യം, സഹാനുഭൂതിയുടെ അളവ് തുടങ്ങിയ ഓരോ ഘടകങ്ങളും അതിന്റേതായ സ്വാധീനം അവരിലോരോരുത്തരിലും ചെലുത്തുന്നുണ്ട്. അഞ്ജലിക്ക് നേരിടേണ്ടി വന്ന അപമാനം പുരുഷന്റെ കണ്ണിലൂടെ സംവിധായകൻ വരച്ചിടുന്നുണ്ട്. വാദവും പ്രതിവാദവും ഇങ്ങനെയെല്ലാം കൊഴുക്കുമ്പോളും ഒരു പ്രത്യേകഘട്ടമെത്തുമ്പോൾ എല്ലാവർക്കും തങ്ങളുടെ നിലപാടുകളിൽ ഒരു പുനർചിന്തനം നടത്തേണ്ടി വരുന്നു.


സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തെ 'ടക്ടൈൽ ഹാലൂസിനേഷൻ' എന്ന ഒറ്റവാക്കിൽ ചുരുക്കാൻ ശ്രമിക്കുമ്പോൾ, അവളുടെ സത്യസന്ധതയ്ക്ക് വിധിയെഴുതുമ്പോഴെല്ലാം അരങ്ങിലേക്കാൾ നന്നായി ഓരോ വ്യക്തിയും യഥാർഥ ജീവിതത്തിൽ അഭിനയിച്ചു തകർക്കുകയാണ്. ഒടുവിൽ, അരങ്ങിൽ തുടങ്ങുന്ന സിനിമ അരങ്ങിൽ തന്നെ അവസാനിക്കുമ്പോഴാകട്ടെ കാപട്യമില്ലാത്ത ഒരേയൊരു ഇടം ആ സ്റ്റേജ് മാത്രമായി മാറുന്നു. പുരുഷാധിപത്യ സമൂഹം സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളോട് കാണിക്കുന്ന നിർവികാരത തന്നെയാണ് ചിത്രത്തിന്റെ യഥാർഥ കാതൽ.

സ്ത്രീവിരുദ്ധത, ലിംഗവിവേചനം, സ്വാർഥത, കപടനീതി, അപകർഷത, വാഗ്ദാനങ്ങളിൽ ആകൃഷ്ടരാകുന്ന മനുഷ്യർ തുടങ്ങിയ എല്ലാ വിഷയങ്ങളും തൊട്ടും തലോടിയും തന്നെയാണ് ആട്ടവും പൂർത്തീകരിക്കുന്നത്. വിനയ് ഫോർട്ട് കലാഭവൻ ഷാജോൺ എന്നിവരെ മാറ്റി നിർത്തിയാൽ ഏറെക്കുറെ പുതുമുഖ നടന്മാർ തന്നെയാണ് സിനിമയിലുടനീളം അഭിനയിച്ചിരിക്കുന്നത്. അതിൽ തന്നെ പ്രത്യേകം എടുത്തു പറയേണ്ടതാണ് നായിക കഥാപാത്രമായി അഭിനയിച്ച സറിൻ ഷിഹാബ്ന്റെ പ്രകടനം. അഞ്ജലി എന്ന കഥാപാത്രം ഇതിലും മികച്ചതായി മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്ന് സറിൻ തന്റെ അഭിനയത്തിലൂടെ അടിവരയിടുന്നു. അതുപോലെതന്നെ നായകനായ വിനയ് ഫോർട്ട് തന്റെ കഥാപാത്രം അങ്ങേയറ്റം മനോഹരമായി തന്നെയാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ സസ്പെൻസ് നിർത്താൻ കലാഭവൻ ഷാജോണിന്റെ പ്രകടനവും സഹായിച്ചിരിക്കുന്നു. ശരിയായ കാസ്റ്റിംഗ് തന്നെയാണ് ആട്ടത്തിന്റെ ഏറ്റവും വലിയ മറ്റൊരു മികവ്. മലയാളത്തിൽ റിലീസ് ചെയ്ത 1001 നുണകൾ എന്ന സിനിമയ്ക്ക് ശേഷം , പുതുമുഖ അഭിനേതാക്കൾ തങ്ങളുടെ കഴിവുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ മറ്റൊരു സിനിമയാണ് ആട്ടം.


സിനിമ ഇത്തരത്തിൽ ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ തന്നെ സമാന്തരമായി അതേ ഗൗരവത്തോടെ നാടകനടന്മാരുടെ ജീവിത ദുരവസ്ഥകളെ കുറിച്ചും , സാമ്പത്തിക അരക്ഷിതത്വത്തെക്കുറിച്ചും പ്രതിപാദിക്കാൻ മറന്നു പോയിട്ടില്ല. അഭിനയിച്ചിരിക്കുന്ന മിക്ക ആളുകളും പുതുമുഖ നടന്മാരായതുകൊണ്ട് തന്നെ കഥാപാത്രത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ യാതൊരുവിധത്തിലുള്ള മുൻവിധികളും പ്രേക്ഷകർക്ക് ലഭിക്കാനിടയില്ല എന്നതും ആശ്വാസ്യകരമാണ്. 40 ദിവസത്തോളം റിഹേഴ്സൽ ചെയ്തിട്ടാണ് സിനിമ ഷൂട്ട് തുടങ്ങിയതെന്ന് സംവിധായകൻ തന്നെ മുൻപേ സൂചിപ്പിച്ചിട്ടുണ്ട്. ആ നിലക്ക് നോക്കിയാൽ അതിന്റെതായ പെർഫെക്ഷൻ എല്ലാ താരങ്ങളിലും പ്രകടമാണ്. വളരെയധികം സിനിമാറ്റിക്കായ, സസ്പെൻസ് ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നുമുണ്ട്. സിനിമ സംഗീതത്തെ അധികമായി ആശ്രയിക്കുന്നില്ല. എന്നാൽ ഈ സിനിമ ആത്യന്തികമായി അഞ്ജലി എന്ന കഥാപാത്രത്തോടൊപ്പം തന്നെയാണ് നിൽക്കുന്നത്. അക്കാര്യത്തിൽ സംവിധായകൻ ഈ വിഷയത്തോടുള്ള തന്റെ മനോഭാവം ഉറപ്പുവരുത്തുന്നമുണ്ട്.

അനുരുധ് അനീഷിന്റെ ചായഗ്രഹണം കഥാസന്ദർഭത്തിനോട് യോജിച്ച രീതിയിൽ തന്നെയാണ് ചേർന്ന് നിൽക്കുന്നത്. അതുപോലെ മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിങ്, ബേസിൽ സി.ജെയുടെ പശ്ചാത്തലസംഗീതം തൊട്ട് സിനിമയുടെ ഓരോ അണിയറ പ്രവർത്തനങ്ങളെ കുറിച്ച് പോലും മികച്ചതായി മാത്രമേ വിലയിരുത്താൻ കഴിയുള്ളൂ. കഥയുടെ പുരോഗതിക്ക് അനുസരിച്ച് പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്‌പെന്‍സുകൾ നിറഞ്ഞ ചിത്രം ഒരു ത്രില്ലർ മോഡിൽ കൂടി ആസ്വദിക്കാൻ പറ്റിയ ചിത്രമാണ്.പുരുഷ രക്ഷകന്മാർ എന്ന ആഭാസം ഇതിലും ഭംഗിയായി തുറന്നു കാണിക്കുന്ന ഒരു സിനിമ ഈയടുത്ത കാലത്തൊന്നും വേറെ വന്നിട്ടില്ല. ഒരേസമയം ത്രില്ലർ സിനിമയായും പൊളിറ്റിക്കൽ സിനിമയായും കാണാൻ പറ്റിയ സിനിമ തന്നെയാണ് ആട്ടം. 2024 ന്റെ തുടക്കത്തിൽ തന്നെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ചൊരു സിനിമയായി ആട്ടത്തെ അടയാളപ്പെടുത്താം.

Tags:    
News Summary - Anand Ekarshi's Aattam Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.