സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ വിവാദത്തിലായ സിനിമയാണ് നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യയെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച 'ഈശോ'.സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണങ്ങളും,സാമുദായിക സംഘടനകളുടെ എതിർപ്പുകളും അസ്ഥാനത്താക്കിക്കൊണ്ടാണ് വിജയദശമി ദിനത്തിൽ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഈശോ എല്ലായിപ്പോഴും കൂട്ടിനുണ്ട്. അതൊരാളുടെ ആത്മാവിനു ബലവും കരുത്തും നല്കുന്നു. അതുതന്നെയാണ് ഇവിടെ അർത്ഥമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇവിടെ ഈശോ ഒരു സാധാരണക്കാരനായ മനുഷ്യനാണ്. ഒരു എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനായ രാമചന്ദ്രൻ പിള്ളയുടെ ആത്മാവിനാണ് അയാൾ കരുത്തും ബലവും നൽകുന്നത്. എന്നാൽ, അതെന്തിനു വേണ്ടി എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ; മലയാള സിനിമ കണ്ടും പറഞ്ഞും കേട്ടും മടുത്ത, ഒരു പുതുമയുമില്ലാത്ത ഒരു പ്ലോട്ടിനു വേണ്ടി തന്നെയാണ് എന്നതാണ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഖേദകരം.
സിനിമയുടെ ആത്യന്തികമായ വിഷയം പോക്സോ ആണ്. സെക്യൂരിറ്റി ജീവനക്കാരനും, രണ്ടു പെൺകുട്ടികളുടെ അച്ഛനുമായ ,വയോധികനായ രാമചന്ദ്രൻ പിള്ള അത്യാവശ്യം പ്രാരാബ്ധമൊക്കെയുള്ള ചുറ്റുപാടിൽ ജീവിക്കുന്ന ഒരു സാധാരണക്കാരനാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഷോളയാർ പോക്സോ കേസിലെ സാക്ഷിയാകേണ്ടിവരുന്ന അയാൾ സ്വന്തം മനസാക്ഷിക്കു മുൻപിൽ കുറ്റബോധം അനുഭവിക്കാതിരിക്കുവാനായി പോക്സോ കേസിലെ ഉന്നതനായ പ്രതിക്കെതിരായി സാക്ഷി പറയാൻ തയ്യാറാവുന്നു. മൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഹാജരാകേണ്ടതിന്റെ തലേദിവസം രാമചന്ദ്രൻ പിള്ളയെ കൊലപ്പെടുത്തുവാനായി പ്രതിഭാഗം പദ്ധതിയിടുന്നു. ആ സാഹചര്യത്തെ അയാൾ എങ്ങനെ നേരിടുന്നു, എങ്ങനെ കഥ മുമ്പോട്ട് വികസിക്കുന്നു എന്നതാണ് സിനിമ പ്രേക്ഷകർക്ക് മുമ്പിൽ കാണിക്കുന്നത്.
രാമചന്ദ്രൻ പിള്ളയുടെ ജീവിതത്തിലെ ആ രാത്രിയിൽ അപ്രതീക്ഷിതമായി ഒരു വ്യക്തി കടന്നുവരുന്നു. അതും കൃത്യമായ ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള അയാൾ, രാമചന്ദ്രൻപിള്ളക്ക് ഉപദ്രവകാരിയാകുമോ അതോ നിരുപദ്രവകാരിയാകുമോ എന്ന് തുടങ്ങിയ ആകാംക്ഷകൾ നിലനിർത്താൻ സംവിധായകൻ ശ്രമിക്കുന്നുവെങ്കിലും ഒരു ത്രില്ലർ എന്ന ഴോണറിനോട് പൂർണമായും നീതി പുലർത്താൻ സാധിക്കാത്ത വിധത്തിൽ അത്തരം ശ്രമങ്ങളിലെല്ലാം സംവിധായകൻ പരാജയപ്പെടുകയാണുള്ളത്. കാണുന്ന ഏതൊരു പ്രേക്ഷകനും മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന വിധത്തിൽ, വളരെ പ്രഡിക്ടബൾ ആയിട്ടുള്ള തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മ. ഷോളയാർ പീഡനക്കേസ് എന്ന കഥാസാഹചര്യം വാസ്തവത്തിൽ വാളയാർ പീഡനത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്. എന്നാൽ വളരെ ഗൗരവമായി എടുക്കേണ്ട ഒരു വിഷയത്തെ ഒരു സിനിമക്ക് വേണ്ടി വളരെ ലാഘവത്തോടെ ബോധപൂർവ്വം ഉപയോഗിച്ചു എന്നതാണ് ഇവിടെ പ്രേക്ഷകരോട് സിനിമ കാണിച്ച നീതികേട്. അതും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ അവർക്ക് ആവശ്യമുള്ളത് കൃത്യമായി നൽകാൻ ശ്രമിച്ചുകൊണ്ടുതന്നെ ചിത്രത്തെ സമീപിച്ചു എന്നതും ഒരു വലിയ നീതികേടായി തന്നെ ചൂണ്ടിക്കാണിക്കാവുന്നതാണ്. അത്രയേറെ ഗൗരവമുള്ള ഒരു വിഷയത്തെ സംവിധായകൻ സമീപിക്കേണ്ട രീതി ഒരിക്കലും ഇതായിരുന്നില്ല.
ചിത്രത്തിൽ രാമചന്ദ്ര പിള്ളയായി അഭിനയിച്ച ജാഫർ ഇടുക്കി, അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന വ്യക്തിയായി പ്രകടനം കാഴ്ചവച്ച ജയസൂര്യ എന്നിവരുടെ അഭിനയം മികച്ചതായിരുന്നു. ഒരു സാധാരണക്കാരന്റെ ഭയവും, ആശങ്കകളും, നിഷ്കളങ്കതയും എല്ലാം ജാഫർ ഇടുക്കി മനോഹരമായി കൈകാര്യം ചെയ്തു. എന്നാൽ സംവിധായകൻ നാദിർഷ തന്റെ മുൻകാല ചിത്രമായ അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ഒരിക്കൽ പറഞ്ഞ അതേ വിഷയത്തെ തന്നെ മറ്റൊരു വിധത്തിൽ അനുകരിക്കാൻ ശ്രമിക്കുക തന്നെയാണ് ഈശോയിലും സംഭവിച്ചിരിക്കുന്നത്. എങ്കിലും വിഷയത്തിന്റെ ഗൗരവം ആദ്യ സിനിമയോളം ഗൗരവം ഈ സിനിമയിൽ വന്നില്ല എന്നതും പ്രത്യേകം പരാമർശിക്കുന്നു.
സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ജോണി ആന്റണി, ഇന്ദ്രൻസ്, യദു കൃഷ്ണൻ, അക്ഷര കിഷോർ, കോട്ടയം നസീർ, രജിത് കുമാർ, അരുൺ നാരായണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നായിക എന്ന നിലക്ക് നമിത പ്രമോദിന് കാര്യമാത്ര പ്രസക്തമായി ഒന്നും ചെയ്യാനില്ല. ചിത്രത്തിന്റെ ഛായാഗ്രാഹകൻ റോബി രാജ് വർഗീസ് മനോഹരമായാണ് രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതവും മികവും പുലർത്തുന്നു. എങ്കിലും ഒറ്റവാക്കിൽ പറഞ്ഞാൽ ഒ.ടി.ടി ക്ക് വേണ്ടി തട്ടിക്കൂട്ടി നിർമിച്ച ഒരു സിനിമയായി മാത്രമേ ഈശോയെ കണക്കാക്കാവൂ. അതിൽ കൂടുതലായി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒന്നും തന്നെ തൽക്കാലം സിനിമയിൽ ഇതുവരെയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വെറുതെ കണ്ടിരിക്കാവുന്ന സിനിമ മാത്രമായി ഈശോയെ ചുരുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.