ജീത്തു ജോസഫ് ചിത്രം എന്ന് പറയുമ്പോൾ ഒരു ക്രൈം ത്രില്ലർ പ്രതീക്ഷിച്ചു പോകുന്നവർക്കായി സംവിധായകൻ ഒരുക്കിയത് ചിരിയുടെ മാലപ്പടക്കമാണ്. നുണകളിലൂടെ ഒരു ചിരിയുടെ മാലപ്പടക്കം. ഓരോ സംഭവങ്ങളെയും കോര്‍ത്തിണക്കിയും ഓരോ കഥാപാത്രങ്ങളും പരസ്പര ബന്ധിതമാക്കി മുന്നോട്ട് പോകുന്ന കഥയുടെ ചാരുതയാര്‍ന്ന ഒരു പോക്ക്. ക്രൈം ത്രില്ലര്‍ ചെയ്തുകൊണ്ടിരുന്ന ജീത്തുവിന്റെ ഹ്യൂമറിലേക്കുള്ള ഈ മലക്കം മറിച്ചില്‍ ഇത് ആദ്യമല്ല. ഡിറ്റക്ടീവും മമ്മി ആന്റ് മിയും ചെയ്‌തശേഷം ജീത്തു ജോസഫ് ഒരുക്കിയത് മൈ ബോസ് എന്ന സമ്പൂര്‍ണ്ണ കോമഡി പടമായിരുന്നു. ത്രില്ലര്‍ ചെയ്യുന്ന ജീത്തുവില്‍ നിന്നും ഇങ്ങനെയൊരു ചിത്രം പ്രേക്ഷരുടെ മുമ്പില്‍ എത്തിയപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചാസ്വദിച്ചു. ഇതിനു ശേഷമാണ് ജിത്തുവിന്റെ രണ്ടാം വരവ്. അത് മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് ദൃശ്യം ഒന്നും രണ്ടും എത്തിയത്. സാധാരണ തുടര്‍ച്ച സിനിമകള്‍ എട്ട് നിലയില്‍ പൊട്ടുമായിരുന്ന ചരിത്രമുള്ള മലയാള സിനിമയില്‍ ഇതൊരത്ഭുതമായി മാറി. പ്രേക്ഷകര്‍ ഒന്നടങ്കം ദൃശ്യം രണ്ട് കണ്ട് ഞെട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒന്നാമത്തേതില്‍ നിന്നും എത്രയോ ഉയരത്തിലായിരുന്നു ദൃശ്യം രണ്ടിന്റെ സ്ഥാനം.
ഇപ്പോഴിതാ വീണ്ടും ജീത്തുവിന്റെ മലക്കം മറിച്ചില്‍. പക്കാ ക്രൈമില്‍ നിന്നും മുഴുനീള ഹാസ്യ ചിത്രം തിയറ്ററുകളില്‍ കൈയ്യടി നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. നുണക്കുഴി എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധം കുറെ നുണയന്മാരെ കുഴിയില്‍ കൊണ്ടുചെന്ന് ചാടിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പലയിടത്തും പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളെ അനുസ്‌മരിപ്പിക്കുന്നത്രയും ഫീൽ പ്രേക്ഷകനു നൽകാൻ നുണക്കുഴിക്ക് കഴിഞ്ഞിട്ടുണ്ട്.
ഓരോ ജീവിത സാഹചര്യങ്ങളില്‍ നമ്മളെല്ലാവരും നുണകള്‍ പറയാറുണ്ട്. പക്ഷേ ഇവിടെ ഓരോ നുണകളും കഴുത്തിലെ കുരുക്കുകളായി മാറുന്ന കാഴ്ചയാണ് സിനിമയില്‍ ഓരോരോ കഥാപാത്രങ്ങളും നുണകളാല്‍ പരസ്പരം ബന്ധിതരാകുന്നു. വാവ എന്ന ഓമനപേരുള്ള ബേസിലിന്റെ എബി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ തുടക്കം. ഞാന്‍ റിച്ചാണ് എന്നു പറഞ്ഞുകൊണ്ടാണ് ഓരോ സ്ഥലത്തും വാവ തന്റെ സ്വത്വ ഭാവത്തെ പുറത്തെടുക്കുന്നത്. ദാരിദ്ര്യമനുഭവിക്കുന്നവരോട് എല്ലാവര്‍ക്കും പുച്ഛവും അവഞ്ജയുമാണെന്ന വ്യവസ്ഥാപിതമായ ബോധതലത്തില്‍ നിന്നാണ് എബി എപ്പോഴും പെരുമാറുന്നത്. എവിടെയും പരിഗണന കിട്ടുന്നത് ഈ റിച്ചിനാണല്ലോ. മാത്രമല്ല തന്റെ ബലഹീനതയാണ് എല്ലാ പൊല്ലാപ്പുകള്‍ക്കും കാരണമെന്ന് എബി അവസാനം സമ്മതിക്കുന്നു.
അച്ഛന്റെ വിയോഗത്തിന് പിന്നാലെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധികാരത്തിലേയ്ക്ക് എത്തിപ്പെടുകയാണ് എബി എന്ന ചെറുപ്പക്കാരന്‍. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത ഇയാള്‍ തന്റെ പുതിയ പദവിയും ഇഷ്ടപ്പെടുന്നില്ല. ഭാര്യയോടൊത്ത് സമയം ചെലവഴിക്കുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന എബിയുടെ ജീവിതം ഒറ്റദിവസംകൊണ്ട് മാറിമറിയുകയാണ്. പിന്നെയങ്ങോട്ട് ഓട്ടപ്പാച്ചിലാണ്, ഒപ്പം ഒരുകൂട്ടം കഥാപാത്രങ്ങളും കൂടുന്നുണ്ട്.
അജു വര്‍ഗീസ്, നിഖില വിമല്‍, ഗ്രേസ് ആന്റണി, സിദ്ധിഖ്, മനോജ് കെ. ജയന്‍, ബൈജു, സൈജു കുറുപ്പ്, ബിനു പപ്പു, സ്വാസിക തുടങ്ങിയവർ അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ സ്വാംശികരിച്ച് പകര്‍ന്നാടിയിട്ടുണ്ട്. തിയറ്ററില്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ഇരുത്തി കാണാന്‍ പ്രേരിപ്പിക്കുന്ന നുണക്കുഴി . ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് ശേഷം കെ.ആര്‍ കൃഷ്ണകുമാര്‍ ജീത്തു ജോസഫിനായി ഒരുക്കിയ തിരക്കഥയാണ് 'നുണക്കുഴി'. പാകപ്പിഴകളില്ലാതെ കൈത്തഴക്കത്തോടെ തിരക്കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കൃഷ്ണകുമാറിന് കഴിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന് ശേഷം ബേസിലും നിഖില വിമലും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥപുരോഗമിക്കുന്നത്. സിനിമ നടനും സിനിമാ മോഹിയായ യുവാവും പൊലീസും ഒക്കെ എബിയുടെ ജീവിതത്തിലേക്ക് ക്ഷണിക്കാത്ത അതിഥികളായി എത്തുകയാണ്. ഇവരെല്ലാം തമ്മില്‍ പരസ്പരമറിയാത്ത ബന്ധങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമൊക്കെ ചുറ്റുപിണഞ്ഞുകിടക്കുകയാണ്. ഈ ചുരുളുകള്‍ അഴിക്കാനും സ്വയം രക്ഷപ്പെടാനുമൊക്കെ കഥാപാത്രങ്ങള്‍ നടത്തുന്ന നെട്ടോട്ടങ്ങളാണ് ചിരിയുണര്‍ത്തുന്നത്. ആദ്യാവസാനം ചിരിയുടെ പശ്ചാത്തലത്തിലൂടെ കഥ പുരോഗമിക്കുമ്പോഴും ഇടക്കൊന്ന് ത്രില്ലടിപ്പിക്കാനും ജീത്തു ജോസഫ് എന്ന സംവിധായകന്‍ മറന്നില്ല. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നല്‍കിയാണ് ഈ സിനിമ അവസാനിക്കുന്നത്. ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാമിന്റേതാണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നിര്‍മാണം സരിഗമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.