മലയാള സിനിമയിലെ 'പിടികിട്ടാപ്പുള്ളി'യായി ഇനി ദുൽഖർ സൽമാൻ മാറും. 'കുറുപ്പി'ന്‍റെ കുതിപ്പ് ആ 'പദവി'യിലേക്കുള്ള ദുൽഖറിന്‍റെയും കുതിപ്പാണെന്ന സൂചനയാണ് നൽകുന്നത്. മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു വ്യക്തിക്കും പിടികൊടുക്കാതെ ദുരൂഹതയുടെ മഞ്ഞുമറക്കുള്ളിൽ ഒളിച്ചിരിക്കുന്ന സുകുമാരക്കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'കുറുപ്പ്' എന്ന ചിത്രത്തിൽ ദുൽഖർ അത്രമേൽ നിറഞ്ഞാടുകയാണ്. കുറുപ്പിന്‍റെ വേഷമാറ്റങ്ങൾ, വിഭിന്ന മാനസികനിലകൾ എന്നിവയൊക്കെ ഭദ്രമായി ദുൽഖറിന്‍റെ കൈകളിലൊതുങ്ങി. ഒരു താരം ഇത്രയധികം ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു സിനിമയും അടുത്തിടെയൊന്നും മലയാളത്തിൽ ഇറങ്ങിയിട്ടുമില്ല.
സുകുമാരക്കുറുപ്പിനെ കേരളത്തിലെ മുൻ തലമുറക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. സിനിമയിറങ്ങുന്നതുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിന്‍റെ ജീവിതം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിനാൽ പുതിയ തലമുറക്കും കുറുപ്പ് ഇപ്പോൾ സുപരിചിതനാണ്. സ്വന്തം പേരിലുള്ള ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ തന്‍റെ അതേ ശരീര പ്രകൃതമുള്ള ചാക്കോയെ കൊലപ്പെടുത്തി മുങ്ങിയ കുറുപ്പിന്‍റെ ജീവിതത്തെ മാത്രമാണോ സിനിമ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ അല്ലെന്ന് തന്നെ പറയാം. കുറുപ്പിന്‍റെ ക്രിമിനലിസത്തിനൊന്നും സിനിമയിൽ യാതൊരുവിധ ഹീറോ മഹത്വവത്കരണവും കൊടുക്കുന്നില്ല എന്നതും ആശ്വാസമേകുന്നു. സിനിമയിൽ സുകുമാരക്കുറുപ്പ്, ഗോപീകൃഷ്ണന്‍ എന്ന സുധാകരക്കുറുപ്പ് ആയി മാറിയിട്ടുണ്ട്. നായകന്‍ ആയി തോന്നുവർക്ക് നായകനും വില്ലനായി തോന്നുന്നവർക്ക് വില്ലനുമാണ് അയാൾ.
യഥാർഥ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി ഹരിദാസ് സിനിമയിൽ കൃഷ്ണദാസ് ആണ്. 37 വർഷമായിട്ടും കേരള പൊലീസിന് ഉത്തരം കിട്ടാതിരിക്കുന്ന കുറിപ്പിന്‍റെ തിരോധനത്തെ കുറിച്ച് ഡിവൈ.എസ്.പി കൃഷ്ണദാസിൽ നിന്നും പറഞ്ഞുതുടങ്ങുമ്പോൾ കുറുപ്പിന്‍റെ വ്യത്യസ്തമായ സ്വഭാവരീതികൾ കൂടിയാണ് സിനിമ പറയുന്നത്. വിവിധ കാലവും വിവിധ ഘട്ടവുമാണ് അത്തരം കഥപറച്ചിലിനെ മുന്നോട്ടു പോകുവാൻ സിനിമ ഉപയോഗിച്ചിരിക്കുന്നത്. കുറുപ്പിന്‍റെ സുഹൃത്ത് പീറ്റർ, ഭാര്യ ശാരദ എന്നിവരുടെ ഓർമകളിലൂടെയാണ് ആദ്യപകുതി സഞ്ചരിക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ ചാക്കോയുടെ (സിനിമയിൽ ചാർളി) വരവോടുകൂടി ത്രില്ലർ ചേരുവകളും കലരുന്നു. ആദ്യ പകുതിയിൽ വിവിധ കഥാപാത്രങ്ങളുടെ ആംഗിളിൽ അവർക്ക് ആരായിരുന്നു കുറുപ്പ് എന്നാണ് പറഞ്ഞുവെക്കുന്നത്. കുറുപ്പിന്‍റെ അക്കാദമിക് ജീവിതത്തിലും പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും അയാൾ സാധാരണ വ്യക്തിത്വം ഉള്ളവനാണ്. അൽപം കുസൃതിയും അതിലേറെ മടിയും ഒക്കെയുള്ള അലസനായ യുവാവ്. കാമുകിയും നഴ്സുമായ ശാരദാമ്മയെ സ്വന്തമാക്കുന്നതോടെ, മുേമ്പ തന്നെ എയർഫോഴ്‌സിൽ നിന്നും മുങ്ങിയിട്ടുള്ള കുറുപ്പ് കുടുംബത്തോടൊപ്പം പേർഷ്യയിൽ പോയി ജീവിക്കുകയാണ്.
കുടുംബസ്ഥനായ അയാൾ തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി കൂട്ടുകാരുമായി ചേർന്നു ചെറിയ ചില പദ്ധതികളാണ് പ്ലാൻ ചെയുന്നത്. തുടർന്ന് സിനിമയിലെ ആദ്യഘട്ടത്തിൽ കാണിക്കുന്നത് പണത്തിൽ ദുരാഗ്രഹം വെക്കുന്ന സുഹൃത്തുക്കളുടെ എടുത്തുചാട്ടത്തിന്‍റെ ഫലമായി ജീവിതം ബലി കഴിക്കേണ്ടി വന്ന, ഒരു പരിധി വരെ നിരപരാധിയെന്നു വിളിക്കാൻ കഴിയുന്ന കുറുപ്പിനെ ആണ്. എന്നാൽ, സിനിമയിലെ കുറുപ്പിൽ നിന്നും യഥാർഥ കുറിപ്പിലേക്കുള്ള ദൂരം വലുതാണ്. ആദ്യപകുതിയിൽ നമ്മൾ കണ്ടതും അറിഞ്ഞതും അല്ല യഥാർഥ കുറുപ്പ് എന്നറിയുമ്പോൾ, നമ്മൾ അറിഞ്ഞതും കേട്ടതും ആയ കഥകൾക്കുമപ്പുറത്ത് ചിലതുകൂടി കുറുപ്പിനെ കുറിച്ച് സിനിമ പറയുന്നുണ്ട്. വലിയ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചാക്കോയുടേത് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇതിലേക്ക് നയിച്ച ഘടകങ്ങളാണ് 'കുറുപ്പി'ന്‍റെ സൃഷ്ടാക്കൾ സിനിമയിലൊരുക്കിയിരിക്കുന്നുന്നത്.
ഫിലിം റപ്രസേന്ററ്റീവായിരുന്ന ചാക്കോയും അയാളുടെ കുടുംബവും കഥാപാത്രങ്ങളായി വരുമ്പോഴും അതിനെ മിതത്വത്തോടെ കൈകാര്യം ചെയ്യാൻ സംവിധായകന് കഴിഞ്ഞത് യുക്തിസഹമായ ഇടപെടലിലൂടെയാണ്. 1960കൾ തൊട്ട് 2005 വരെയുള്ള കാലഘട്ടത്തിലൂടെയാണ് നായകനായും വില്ലനായും 'കുറുപ്പ്' സഞ്ചരിക്കുന്നത്. യഥാർഥ കഥയിലേക്ക് സിനിമാറ്റിക് എലമെന്‍റുകൾ കൂട്ടിച്ചേർത്ത 'കുറുപ്പി'ൽ സുകുമാരക്കുറുപ്പായി അക്ഷരാർഥത്തിൽ സ്ക്രീനിൽ നിറഞ്ഞാടുകയാണ് ദുൽഖർ. എന്നാൽ, ചാർളിയായെത്തിയ ടോവിനോക്ക് കാര്യമാത്ര പ്രസക്തമായ പ്രകടനമൊന്നും കാഴ്ചവെക്കാൻ ഇല്ലായിരുന്നു. കൂട്ടത്തിൽ പ്രകടനം കൊണ്ട് മുന്നിട്ടുനിൽക്കുന്നതും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും ഷൈൻ ടോം ചാക്കോയും ഇന്ദ്രജിത്തുമാണ്.
ഡീറ്റെയിലിങ് ആണ് ചിത്രത്തിന്‍റെ മറ്റൊരു പ്ലസ്പോയന്റ്. കലാസംവിധാന മികവ് അഭിനന്ദനമർഹിക്കുന്നു. ബോംബേ പോർട്ട്, വാഹനങ്ങൾ, വീടുകൾ, എയര്‍ഫോഴ്‌സ് കാമ്പസ്, എണ്‍പതുകളിലെ ബാർ തുടങ്ങിയവയെല്ലാം 1960കള്‍ തൊട്ട് 2005 വരെയുള്ള കാലഘട്ടത്തോടു നീതി പുലർത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നിമിഷ് രവിയുടെ ഛായാഗ്രഹണവും മികച്ചുനിൽക്കുന്നു. കെ.എസ്. അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന തിരക്കഥ വ്യത്യസ്ത ലെയറുകൾ ആയാണ് മുന്നോട്ടുപോകുന്നത്. സിനിമ അവസാനിക്കുമ്പോഴും ചാക്കോയെ കൊലപ്പെടുത്തിയ പിടികിട്ടാപ്പുള്ളി കുറുപ്പ് വീണ്ടുമൊരു ദുരൂഹതയായി തന്നെ അവശേഷിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ജീവിതകഥ പറയുന്ന ഒരു ത്രില്ലർ പാക്കേജ് എന്ന ഗണത്തിലാണ് ഈ സിനിമയുടെ സ്ഥാനം. പ്രതിസന്ധിഘട്ടത്തിൽ നിന്നും മലയാള സിനിമയെ കൈപിടിച്ചു കയറ്റാൻ മുന്നിട്ടിറങ്ങിയ സിനിമകളുടെ പട്ടികയിലും 'കുറുപ്പ്' മുൻനിരയിൽ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.