ബാലതാരം മീനാക്ഷിയെ കേന്ദ്ര കഥാപാത്രമാക്കി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകൻ റിയാസ് മുഹമ്മദ് ഒരുക്കിയ സിനിമയാണ് 'അമീറ'. ജി.ഡബ്ല്യു.കെ എന്റർടെയ്ൻമെന്റ്സ് ടീം, ഡിസംബർ മിസ്റ്റ് എന്നിവയുടെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ചിരിക്കുന്ന ചിത്രം ഫസ്റ്റ് ഷോസിലൂടെ ഒ.ടി.ടി റിലീസായാണ് പ്രേക്ഷകരിലെത്തിയത്. കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച സിനിമകളിൽപ്പെട്ട 'അമീറ' പറയുന്നത് ഇന്‍റർകാസ്റ്റ് ദമ്പതികളുടെ മക്കൾ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളുമാണ്.
ഉത്തർപ്രദേശിൽ നിന്നും അമ്മമ്മയ്ക്കൊപ്പം കേരളത്തിലെ ഒരു മലയോരഗ്രാമത്തിൽ ബസ്സിറങ്ങുന്ന അമീനും അമീറയും ആണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. യു.പി കലാപത്തിൽ കൊല്ലപ്പെട്ട അഹമ്മദ് ഖുറേഷിയുടെയും ഭാര്യയുടെയും മക്കളാണ് അമീനും അമീറയും. മാതാപിതാക്കളുടെ മരണശേഷം അനാഥരായ കുട്ടികളുമായി നാട്ടിലെത്തി തങ്ങളുടെ പഴയ വീട് കണ്ടെത്താനായിട്ടാണ് അമ്മമ്മയുടെ ശ്രമം. ഏറെ ദുരൂഹതകളുമായി പുതിയ ഇടത്തിലേക്ക് കടന്നുവരുന്ന അവർക്ക് നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയിൽ കൈത്താങ്ങായി എത്തുന്നത് നാട്ടുകാരനും സഹൃദയനുമായ അബ്‍ദുല്ല എന്ന അബ്‍ദുക്കയാണ്.
ഇസ്ലാം വിഭാവനം ചെയ്യുന്ന സാഹോദര്യത്തിന്‍റെയും മാനവികതയുടെയും ആശയം മുറുകെ പിടിച്ചു ജീവിക്കുന്ന അബ്‌ദുക്ക തികഞ്ഞ മതവിശ്വാസി കൂടിയാണ്. ഏക മകൻ നഷ്ടപ്പെട്ട, സ്റ്റേഷനറി കട നടത്തി ജീവിക്കുന്ന അബ്ദുക്കക്കും ഭാര്യ ജമീലക്കും അമീറയോടും അമീനിനോടുമുള്ള സ്നേഹം ദൃഢമാകുകയും അവരുടെയും അമ്മമ്മയുടെയും ഉത്തരവാദിത്വം അവർ ഏറ്റെടുക്കുകയും ചെയ്യുന്നു. അബ്‍ദുക്ക അവരോട് ഇനിമുതൽ തന്‍റെ വീട്ടിൽ താമസിക്കാമെന്ന് പറയുന്നു.
എന്നാൽ അബ്ദുക്കയുടെ പ്രതീക്ഷക്കും അപ്പുറമായി അയാളുടെ ചുറ്റുപാടുകൾ ഇതേച്ചൊല്ലി മതവർഗീയത ആളികത്തിക്കുവാനാണ് തുടർന്നുള്ള ദിവസങ്ങളിൽ ശ്രമിക്കുന്നത്. അനാവശ്യമായ രീതിയിലുള്ള നാട്ടുകാരുടെ/ പാർട്ടി പ്രവർത്തകരുടെ ഇടപെടലുകളും അത് ഉണ്ടാക്കിയേക്കാൻ സാധ്യതയുള്ള ഹിന്ദു-മുസ്ലിം സംഘർഷങ്ങളും എല്ലാം ചിത്രം പറഞ്ഞു പോകുന്നു. ഹിന്ദു-മുസ്ലിം കലാപമുണ്ടാക്കി ഹിന്ദുക്കളെ ഏകീകരിക്കുവാനുള്ള ശ്രമവും ചിത്രം പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞുവയ്ക്കുന്നു. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ തന്നെയാണ് ചിത്രം പറഞ്ഞു പോകുന്നത്.
കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് നേരെ തന്നെയാണ് 'അമീറ' വിരൽചൂണ്ടുന്നത്. വെറുപ്പിന്‍റെ ആൾരൂപങ്ങളെ ഇളക്കിവിട്ട് ലാഭം കൊയ്യുന്ന സംഘ്പരിവാർ കുടിലതക്ക് മുമ്പിൽ ജീവിതം നഷ്ടപ്പെടേണ്ടി വരുന്നവരുടെ പ്രതിനിധികൾ തന്നെയാണ് ഇവിടെ അമീറയും അമീനും. സിനിമ അവസാനിക്കുന്നതും അങ്ങനെ തന്നെയാണ്. ഒട്ടും ശുഭകരമല്ലാത്ത യാഥാർഥ്യത്തിനുനേരെ ഉറ്റു നോക്കി കൊണ്ട് അവസാനിക്കുന്ന സിനിമ. മതവർഗീയത തീർത്ത നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ട വരുന്ന അമീറയെയും അമീനെയും മീനാക്ഷിയും സഹോദരൻ ഹാരിഷും മികവുറ്റതാക്കി.
മീനാക്ഷിയുടെ അച്ഛൻ അനൂപ് ആർ. പാദുവ തന്നെയാണ് 'അമീറ'യുടെ കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം രമേഷ്, കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പൊതുവിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ തന്നെ അനൂപ് ആർ. പാദുവ, സമീർ മുഹമ്മദ് എന്നിവർ ചേർന്നൊരുക്കിയ തിരക്കഥയും സംഭാഷണങ്ങളും അൽപം നാടകീയത അനുഭവപ്പെടുത്തുന്നു. പി. പ്രജിത്തിന്‍റെ ഛായാഗ്രഹണം സാമാന്യം നിലവാരം പുലർത്തുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.